Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ കുതിപ്പിന് ഖേലോ ഇന്ത്യ

khelo-india

ന്യൂഡൽഹി ∙ കായിക മേഖലയുടെ ഉണർവിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി അടിമുടി പരിഷ്കരിക്കുന്നു. 2020 വരെയുള്ള 1756 കോടി രൂപയുടെ പ്രവർത്തനത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കായികമന്ത്രിയായി രാജ്യവർധൻ സിങ് റാത്തോഡ് അധികാരമേറ്റതിനു പിന്നാലെയാണു കായിക രംഗത്തെ സമഗ്ര പരിഷ്കരണം ലക്ഷ്യമിട്ടു ഖേലോ ഇന്ത്യ പദ്ധതി നവീകരിക്കുന്നത്. 

നിലവിൽ കായികമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണു ഖേലോ ഇന്ത്യ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ പുതിയ പരിഷ്കാരത്തിലൂടെ സമഗ്ര വികസനം ഉറപ്പാക്കുകയാണു ലക്ഷ്യം. സ്കൂളുകളിൽനിന്ന് ഒളിംപിക്സ് വേദി വരെയെത്തുന്ന വളർച്ചയുടെ പാത സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നു കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് വ്യക്തമാക്കി. വിദ്യാർഥികളുടെ പഠനവും ആരോഗ്യവും കൃത്യമായി മനസ്സിലാക്കി വളർത്താനുള്ള സംവിധാനമുണ്ട്. കായികരംഗത്തെ മാറ്റങ്ങൾ മനസ്സിലാക്കാനുള്ള സംവിധാനം കുറവാണ്. ഓരോ സ്ഥലത്തെയും കായികമികവു മനസ്സിലാക്കി ആ മേഖലയിൽ വളർച്ചയൊരുക്കാൻ സംവിധാനമുണ്ടാക്കുമെന്നു റാത്തോഡ് പറഞ്ഞു. 

യുപിഎ സർക്കാരിന്റെ കാലത്താരംഭിച്ച രാജീവ് ഗാന്ധി ഖേൽ അഭിയാൻ യോജന (ആർജികെഎവൈ), അർബൻ സ്പോർട്സ് ഇൻഫ്രാ സ്ട്രക്ചർ സ്കീം, നാഷനൽ സ്പോർട്സ് ടാലന്റ് സർച് സ്കീം എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണു ഖേലോ ഇന്ത്യ പദ്ധതി കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ചത്. രാജ്യത്തെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ദേശീയ കായിക മേള ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 

പുതിയ താരങ്ങളെ കണ്ടെത്തുക, മികച്ച പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, മൽസര ഘടനയുടെ പരിഷ്കാരം, കായിക സാമ്പത്തിക മേഖലയുടെ വളർച്ച എന്നിവയെല്ലാം ഖേലോ ഇന്ത്യയുടെ പുതിയ ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ട്.

പുതിയ നിർദേശങ്ങൾ 

∙ കായിക മേഖലയ്ക്കുള്ള സ്കോളർഷിപ്പ് നടപ്പാക്കും. രാജ്യത്തെ ഏറ്റവും മികച്ച 1000 യുവ കായികതാരങ്ങൾക്ക് ഇതു ലഭ്യമാക്കും. 

∙ ഇതിനു തിരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിവർഷം അഞ്ചു ലക്ഷം രൂപ വീതം എട്ടു വർഷത്തേക്കു ലഭിക്കും.

∙ രാജ്യത്തെ 20 കോടി വിദ്യാർഥികളെ ഉൾപ്പെടുത്തി ദേശീയ ആരോഗ്യ സംരക്ഷണ യജ്ഞം. 

∙ കായികമേഖലയെ അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷൻ വൈകാതെ പുറത്തിറക്കും.