Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങളുടെ മരുന്നടിക്ക് ഒത്താശ; ശീതകാല ഒളിംപിക്സിൽ റഷ്യയ്ക്ക് വിലക്ക്

Russian Olympic Team

സോൾ ∙ മരുന്നടിയുടെ പേരില്‍ കായികലോകത്തിനു മുന്നിൽ തലകുനിച്ച് റഷ്യ. 2018ൽ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കുന്നതിന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) റഷ്യയ്ക്കു വിലക്കേര്‍പ്പെടുത്തി. മരുന്നടിക്കാത്ത താരങ്ങൾക്കു രാജ്യത്തിന്റെ പതാകയില്ലാതെയേ പങ്കെടുക്കാനാകൂ. മരുന്നടിക്കുള്ള ഏറ്റവും കഠിന ശിക്ഷയാണു ശീതകാല ഒളിംപിക്സിന് രണ്ടു മാസം ശേഷിക്കേ റഷ്യയ്ക്കുമേൽ ഐഒസി നടപ്പാക്കിയത്.

കായികമേഖലയുടെയും ഒളിംപിക്സിന്റെയും സത്യസന്ധതയോടുള്ള വെല്ലുവിളിയാണു റഷ്യ നടത്തിയതെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞു. ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെയും (വാഡ) ഒളിംപിക് കമ്മിറ്റികളുടെയും അന്വേഷണത്തിൽ റഷ്യൻ താരങ്ങൾ വൻതോതിൽ ഉത്തേജക മരുന്നുപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. 2014ലെ സോച്ചി ഒളിംപിക്സിൽ മരുന്നടി പാരമ്യത്തിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

റഷ്യയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും കായിക മന്ത്രാലയവുമാണു താരങ്ങളുടെ മരുന്നടിക്കു നേതൃത്വം നൽകിയത്. സോച്ചി ഒളിംപിക്സ് സമയത്ത് കായിക മന്ത്രിയായിരുന്ന നിലവിലെ റഷ്യൻ ഉപപ്രധാനമന്ത്രി വിറ്റാലി മുട്കോയ്ക്ക് ആജീവനാന്ത വിലക്കും ഐഒസി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത വർഷം റഷ്യയിൽ നടക്കേണ്ട ലോകകപ്പ് ഫുട്ബോളിന്റെ സംഘാടക സമിതി തലവനാണ് മുട്കോ. റഷ്യയ്ക്കു മേൽ ഇനി എന്തൊക്കെ നടപടികൾ ഐഒസി കൊണ്ടുവരുമെന്ന് കാത്തിരുന്നു കാണണം. എന്നാൽ, ലോകകപ്പ് ഒരുക്കങ്ങൾക്കു നിലവിലെ നടപടിക്രമങ്ങൾ തടസ്സമാകരുതെന്നാണു ഫിഫയുടെ നിലപാട്. 

മാപ്പു പറഞ്ഞ് റഷ്യ

മരുന്നടിച്ചതായി തെളിഞ്ഞതിനെ തുടർന്നു റഷ്യൻ ഒളിംപിക് കമ്മിറ്റിയെയും മേധാവി അലക്സാണ്ടർ‌ സുകോവിനെയും ഐഒസി സസ്പെന്‍ഡ് ചെയ്തു. അലക്സാണ്ടർ സുകോവ് ഐഒസിയോട് മാപ്പപേക്ഷിച്ചു. ഒളിംപിക് കമ്മിറ്റിയുടെ നടപടി രാജ്യത്തിനെതിരായ നീക്കമായി വ്യാഖ്യാനിക്കാനാണ് അലക്സാണ്ടര്‍ സുകോവിന്റെ ശ്രമം.

അതേസമയം, റഷ്യയെ വിലക്കുന്നത് ഒളിംപിക് പ്രസ്ഥാനത്തിനുതന്നെ വലിയ തിരിച്ചടിയാകുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ പതാക ഉപയോഗിക്കാൻ അനുവദിക്കാത്തതു ദേശീയതയ്ക്കു നാണക്കേടുണ്ടാക്കുന്ന നീക്കമാണെന്നാണ് പുടിന്റെ വിലയിരുത്തൽ. ഒളിംപിക് അത്‍ലറ്റ് ഫ്രം റഷ്യ എന്ന ബാനറിനു കീഴിലേ 2018ൽ റഷ്യക്കാർക്കു മൽസരിക്കാനാകൂ.