Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയച്ചൂടിൽ ശൈത്യകാല ഒളിംപിക്സിന് ഇന്നു തുടക്കം

Pyeongchang 2018 Winter Olympics ശീതകാല ഒളിംപിക്സിനു മുന്നോടിയായി ലൂജ് താരം പരിശീലനത്തിൽ. ഈയിനത്തിലാണ് ഇന്ത്യൻ താരം ശിവ കേശവൻ മൽസരിക്കുന്നത്.

സോൾ ∙ –11 ഡിഗ്രി സെൽഷ്യസാണ് പ്യോങ്ചാങ്ങിലെ പകൽ താപനില. അസ്ഥിയുറഞ്ഞു പോകുന്ന തണുപ്പ്. പക്ഷേ, 23–ാം ശൈത്യകാല ഒളിംപിക്സിന് ഇന്ന് പ്യോങ്ചാങ്ങിൽ തുടക്കമാകുമ്പോൾ അന്തരീക്ഷം രാഷ്ട്രീയച്ചൂടിലാണ്. ഇരു കൊറിയകളും വർഷങ്ങളായി തുടരുന്ന സംഘർഷത്തിന് അയവു വരുത്താനുള്ള സമാധാന നീക്കങ്ങളുടെ ആദ്യവേദിയാണ് ഈ ദക്ഷിണ കൊറിയൻ നഗരം. മാർച്ച് പാസ്റ്റിൽ ഇരു രാജ്യങ്ങളും ഒന്നിച്ച് കൊറിയൻ ഐക്യപതാകയ്ക്കു കീഴിൽ അണിനിരക്കുമ്പോൾ ഉദ്ഘാടനച്ചടങ്ങിൽ തന്നെ ഒളിംപിക്സ് ചരിത്രത്തിലേക്കു നടന്നുകയറും. ഉത്തേജക മരുന്നു വിവാദത്തെത്തുടർന്നു റഷ്യയ്ക്ക് ഈ ഒളിംപിക്സിലും വിലക്കാണ്. എന്നാൽ, റഷ്യൻ അത്‌ലിറ്റുകൾക്ക് ‘ഒളിംപിക്സ് അത്‌ലീറ്റ്സ് ഫ്രം റഷ്യ’ എന്ന പേരിൽ മൽസരിക്കാം. 

∙ ഉദ്ഘാടനം, ഇടിച്ചു നിരത്തൽ! 

പ്യോങ്ചാങ്ങിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു വൈകിട്ട് 4.30 മുതലാണ്  ഉദ്ഘാടനച്ചടങ്ങ്. 35,000 ഗാലറി ശേഷിയുള്ള സ്റ്റേഡിയത്തിൽ ഏകദേശം അഞ്ഞൂറു കോടി രൂപ ചെലവിട്ടാണു സജ്ജീകരണങ്ങൾ. എന്നാൽ, ഒളിംപിക്സിന്റെ സമാപനച്ചടങ്ങിനുശേഷം ഇവയെല്ലാം പൊളിച്ചുനീക്കും. 15 കായിക വിഭാഗങ്ങളിലായി 102 മെ‍ഡൽ ഇനങ്ങളാണ് ഒളിംപിക്സിലുള്ളത്. ഇതാദ്യമായാണു ശൈത്യകാല ഒളിംപിക്സിൽ മെഡൽ ഇനങ്ങൾ നൂറു കടക്കുന്നത്. ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങൾ ഒളിംപിക്സിൽ മൽസരിക്കുന്നു. മൽസരങ്ങൾ ഇന്ത്യയിൽ ജിയോ ടിവിയിൽ തൽസമയം കാണാം. 

∙ ഇന്ത്യയിൽനിന്ന് രണ്ടുപേർ! 

ഇന്ത്യയിൽനിന്നു രണ്ടേ രണ്ട് അത്‌ലിറ്റുകൾ മാത്രമാണു പ്യോങ്ചാങ് ഒളിംപിക്സിൽ മൽസരിക്കുന്നത്. ക്രോസ് കൺട്രി സ്കീയിങ്ങിൽ ജഗദീഷ് സിങ്ങും ലൂജിൽ പാതി മലയാളിയായ ശിവ കേശവനും. കേശവന്റെ ആറാം ഒളിംപിക്സാണിത്. ഇതോടുകൂടി വിരമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 

നിലവിലെ ഏഷ്യൻ ചാംപ്യനായ കേശവന്റെ അച്ഛൻ മലയാളിയും അമ്മ ഇറ്റലിക്കാരിയുമാണ്. ഹിമാലയൻ ട്രെക്കിങ്ങിനിടെ കണ്ടുമുട്ടി വിവാഹിതരായ ഇരുവരും ഇപ്പോൾ ഹിമാചൽ പ്രദേശിലെ മണാലിയിൽ ഇറ്റാലിയൻ റസ്റ്ററന്റ് നടത്തുന്നു. വിന്റർ സ്പോർട്ടിലെ നേട്ടങ്ങൾക്കു ശിവകേശവനു 2012ൽ അർജുന അവാർഡ് ലഭിച്ചു.