Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തിലേക്ക് കൊടിയേന്തി ശിവകേശവൻ

sivakesavan ശൈത്യകാല ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തി ശിവകേശവന്‍.

പ്യോങ്ചാങ് (ദക്ഷിണകൊറിയ) ∙ രണ്ടു ദശകം ശൈത്യകാല ഒളിംപിക്സിൽ ഉറച്ചുകിടന്ന ആ മഞ്ഞുകഷണം പ്രായത്തിന്റെ ചൂടിൽ ഉരുകി മായുകയാണ്; അതേ, തണുപ്പുറഞ്ഞ യാത്രാ വഴികൾക്കു മേലെ ലൂജിൽ പായാൻ ഇനി ശിവകേശവനില്ല. തുടർച്ചയായി ആറാം ഒളിംപിക്സിലും മൽസരിച്ചശേഷം ശിവകേശവൻ ഈ ട്രാക്കിനോടു വിടപറയും. ഇതുവരെ ഇന്ത്യൻ പ്രതീക്ഷകളുടെ കൊടിയടയാളമായി നിന്ന പാതിമലയാളിക്കിത് അവസാന ഒളിംപിക്സ്. ഇന്നലെ ഉദ്ഘാടന ചടങ്ങിൽ ശിവകേശവന്റെ കയ്യിൽ ത്രിവർണ പതാകയുടെ ആവേശസാന്നിധ്യവുമുണ്ടായിരുന്നു. ഇത്തവണയെങ്കിലും ചരിത്രത്തിന്റെ നേട്ടക്കുറിപ്പുകളിൽ ഇടം നേടാൻ ശിവകേശവനാകുമോ? കാത്തിരുന്നു കാണാം.

1998ൽ ടീനേജ് പ്രായത്തിൽ കടംവാങ്ങിയ മഞ്ഞുവാഹനവുമായി ലൂജ് ട്രാക്കിൽ ഇറങ്ങിയതാണു ശിവകേശവൻ. 36–ാം വയസ്സിലും ആറാം ഒളിംപിക്സിലും എത്തി നിൽക്കുമ്പോഴും ഇന്ത്യയിൽ മഞ്ഞുകളികൾക്കു മുന്നേറ്റമുണ്ടാകാത്തതിൽ നിരാശൻ. ഇന്നു ലൂജിൽ പ്രാഥമിക റൗണ്ടിൽ ശിവകേശവൻ മൽസരിക്കുമ്പോൾ പ്രോൽസാഹിപ്പിക്കാൻ ഇന്ത്യയിൽനിന്ന് ഒരു അത്‌ലീറ്റ് കൂടി മാത്രം; ക്രോസ് കൺട്രി സ്കൈയർ താരം ജഗദീഷ് സിങ്. എക്കാലവും ഏറക്കുറെ ഏകനായിരുന്നു ശിവകേശവൻ ഒളിംപിക്സിൽ. 1998, 2002 ഒളിംപിക്സുകളിൽ ഇന്ത്യയിൽനിന്നു ശിവകേശവൻ മാത്രം. സോച്ചിയിൽ നാലു വർഷം മുൻപു നടന്ന ഒളിംപിക്സിൽ ഇന്ത്യൻ പതാകയ്ക്കു കീഴിൽ മൽസരിക്കാനായില്ല. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനു രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നു.

തലശ്ശേരിക്കാരനായ സുധാകരൻ കേശവന്റെയും ഇറ്റലിക്കാരി റോസലീന ലൂസിയോളിയുടെയും മകനാണു ശിവകേശവൻ. ജനിച്ചതും വളർന്നതും ഹിമാചൽ പ്രദേശിലെ മനാലിയിൽ. ഒട്ടേറെപ്പേരുടെ സഹായഹസ്തങ്ങളിലൂടെയാണു തുടക്കക്കാലത്തു ശിവകേശവൻ മഞ്ഞിൽ തെന്നിനീങ്ങാൻ പഠിച്ചത്. ‘‘ഒളിംപിക്സ് പ്രസ്ഥാനത്തിൽനിന്നു വിടപറയാൻ മടിയാണ്. ഞാൻ ഇതിനെ സ്നേഹിക്കുന്നു. ഇനിയും ഈ സ്പോർട്സുമായി ബന്ധപ്പെട്ടുതന്നെ തുടരും. ഇന്ത്യയിൽ ഈ കായിക ഇനത്തിന്റെ വളർച്ചയിലാവും ഇനി ശ്രദ്ധ.’’ – ശിവകേശവൻ പറ‍ഞ്ഞു.

ഇന്ത്യ ശൈത്യകാല ഒളിംപിക്സിൽ അരങ്ങേറിയത് 1964ൽ. ഒരിക്കൽപോലും മെഡൽത്തിളക്കത്തിലേക്കു കുതിച്ചോടാൻ ഇന്ത്യയ്ക്കായിട്ടില്ല. പ്യോങ്ചാങ്ങിലും കഥ വ്യത്യസ്തമാകാൻ സാധ്യതയില്ല. ‘‘പ്രതിഭാദാരിദ്ര്യമുള്ള നാടല്ല നമ്മുടേത്. കളിയോട് അടങ്ങാത്ത അഭിനിവേശമുണ്ട്. പക്ഷേ, എന്തോ ഒരു കുറവ് സംഭവിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെയും ഈ കായിക ഇനത്തിലുള്ള സംസ്കാരത്തിന്റെയും കുറവുണ്ട്. ആ തിരിച്ചടികൾ മായ്ക്കാനുള്ള ശ്രമത്തിലാവും ഇനി ഞാൻ.’’ – ആത്മവിശ്വാസത്തോടെ ശിവകേശവൻ പറയുന്നു.