Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡിലേക്ക്; സൗമ്യം, ദീപ്തം!

Soumya Athlet

മലപ്പുറം ∙ തിരുവനന്തപുരം വട്ടപ്പാറ എൽഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ‘ഓടി’ത്തുടങ്ങിയ ബി.സൗമ്യ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ദേശീയ റേസ് വോക്കിങ് ചാംപ്യൻഷിപ്പിൽ റെക്കോർഡ് സ്വർണത്തിലേക്കു ‘നടന്നാണു’ കയറിയത്. ഇനി ഓട്ടം വേണ്ട, നടത്തം മതിയെന്നു 12 വർഷം മുൻപെടുത്ത തീരുമാനം ലക്ഷ്യം കണ്ടതിന്റെ ആവേശത്തിലാണു താരം ഇപ്പോൾ. കോമൺവെൽത്ത് ഗെയിംസ് യോഗ്യത ലക്ഷ്യമിട്ട് ഒരൊറ്റ നടപ്പ് നടന്നപ്പോൾ ദേശീയ റെക്കോർഡാണു കൂടെപ്പോന്നത്.

പണ്ടേ സ്റ്റാർ

ഇന്നലെ വൈകിട്ടു വിളിക്കുമ്പോൾ ബെംഗളൂരുവിലെ ദേശീയ ക്യാംപിലേക്കു പോകാൻ ഡൽഹി വിമാനത്താവളത്തിലായിരുന്നു ഈ ഇരുപത്തേഴുകാരി. ‘അഞ്ചു വർഷം തുടർച്ചയായി എംജി സർവകലാശാല മീറ്റിൽ ഞാൻ മെഡൽ നേടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക്സ് ചാംപ്യനാണ്. എന്റെയിനം നടത്തമായിപ്പോയില്ലേ... നേരം വെളുക്കും മുൻപേ മത്സരം കഴിയും. നമ്മുടെ നേട്ടങ്ങളൊക്കെ ആരറിയാൻ.’ പക്ഷേ, ഡൽഹിയിലെ അമ്പരപ്പിക്കുന്ന റെക്കോർഡ് പ്രകടനത്തിലൂടെ സൗമ്യ ഒരൊറ്റ ദിവസംകൊണ്ടു രാജ്യത്തിന്റെ കായികരംഗത്തു വിസ്മയമായി.

ഓടിനടന്നപ്പോൾ

എൽഎംഎസ്സിൽ പഠിക്കുമ്പോൾ ഓട്ടക്കാരിയായിരുന്നു താരം. ആ മിടുക്കിയെ കരകുളം പഞ്ചായത്തിന്റെ പരിശീലന ക്യാംപിലേക്കു കൂട്ടിക്കൊണ്ടുപോയതു രാധാകൃഷ്ണൻ എന്ന പരിശീലകനാണ്. പിന്നെ ദീർഘദൂര ട്രാക്കിൽ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കായികമേളയിൽ 3,000 മീറ്ററിൽ വെങ്കലം നേടി. തൊട്ടടുത്ത വർഷം മുതൽ കൊല്ലം സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിൽ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പരിശീലകൻ ഗോപാലകൃഷ്ണ പിള്ളയുടെ നിർദേശപ്രകാരം നടത്തത്തിലേക്കു മാറി. രണ്ടു കൊല്ലവും സംസ്ഥാന മീറ്റിൽ നടത്തത്തിൽ വെങ്കലം.

പാലാക്കാരിയാണേ

പാലാ അൽഫോൻസയിലായിരുന്നു ഡിഗ്രിയും പിജിയും. തങ്കച്ചൻ മാത്യുവിന്റെ ശിക്ഷണത്തിൽ ആദ്യ എംജി മീറ്റിൽ വെങ്കലം. തൊട്ടടുത്ത വർഷം വെള്ളി. പിന്നീടു തുടർച്ചയായ മൂന്നു സ്വർണം. അതിനിടയിൽ അഖിലേന്ത്യാ മീറ്റിൽ വെള്ളിയും നേടി. പഠിത്തം കഴിഞ്ഞപ്പോൾ സിആർപിഎഫിൽ ജോലി, ഡൽഹിയിലേക്ക്. അവിടെ ഹരീന്ദ്ര ത്യാഗിക്കൊപ്പം പരിശീലനം.

റഷ്യൻ നടത്തം

2016ൽ ഹൈദരാബാദിലെ ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക്സിൽ സ്വർണം. തുടർന്നു റഷ്യക്കാരൻ അലക്സാണ്ടർ ആർത്സിബഷേവിന്റെ ശിക്ഷണത്തിൽ ദേശീയ ക്യാംപിലേക്കെത്തി. കഴിഞ്ഞ വർഷം ഗുണ്ടൂരിൽ സ്വർണം നിലനിർത്തി. കഴിഞ്ഞ വർഷത്തെ ഓപ്പൺ നാഷനൽസിലും സ്വർണം. ഒടുവിൽ, ഒരുമിച്ചു പരിശീലനം നടത്തുന്ന ഖുശ്ബീർ കൗറിന്റെ പേരിലുണ്ടായിരുന്ന 20 കിലോമീറ്ററിലെ ദേശീയ റെക്കോർഡ് ഖുശ്ബീറിനെത്തന്നെ മറികടന്നു സ്വന്തം പേരിലാക്കി. പുതിയ സമയം: ഒരു മണിക്കൂർ 31 മിനിറ്റ് 28.72 സെക്കൻഡ്. പഴയത്: 1:31.40.

റെക്കോർഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നു താരം പറഞ്ഞു – ‘അദ്ഭുതപ്പെട്ടുപോയി.’ വട്ടപ്പാറ ‘സൗമ്യ ഭവനി’ൽ ദാസന്റെയും ബേബിയുടെയും മകളുടെ ലക്ഷ്യം ഇതിനേക്കാൾ മികച്ച പ്രകടനം കോമൺവെൽത്ത് ഗെയിംസിലും ആവർത്തിക്കുകയെന്നതാണ്. അതിനുള്ള ഒരുക്കം ബെംഗളൂരുവിൽ തുടരും. സന്തോഷത്തിൽ പങ്കുചേർന്നു സഹോദരൻ സബിൻ നാട്ടിലുണ്ട്.