Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ജുവും കർണം മല്ലേശ്വരിയും നിരീക്ഷക പദവി ഒഴിയണമെന്ന്

anju-bobby-george-22

ന്യൂഡൽഹി∙ അഞ്ജു ബോബി ജോർജ്, കർണം മല്ലേശ്വരി എന്നിവർ ദേശീയ നിരീക്ഷക പദവി ഒഴിയണമെന്നു കേന്ദ്ര കായിക മന്ത്രാലയം. സ്വകാര്യ അക്കാദമികൾ നടത്തുന്നതിനാൽ ഭിന്നതാൽപര്യം ഉണ്ടാവാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നിർദേശം. ഇക്കാര്യം വ്യക്തമാക്കി താരങ്ങൾക്കു കത്തയച്ചിട്ടുണ്ട്. ഇവർക്കു പുറമേ പി.ടി.ഉഷ, ഒളിംപിക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ടേബിൾ ടെന്നിസ് താരം കമലേഷ് മെഹ്ത എന്നിവർക്കും പദവി ഒഴിയാൻ ആവശ്യപ്പെട്ടു കത്തു നൽകിയിട്ടുണ്ടെങ്കിലും ഇവർ നേരത്തേ രാജിവച്ചിരുന്നു.

ദേശീയ നിരീക്ഷകരായി നിയോഗിക്കപ്പെട്ടവർ സ്വന്തം നിലയ്ക്ക് അക്കാദമികളും പരിശീലന കേന്ദ്രങ്ങളും നടത്താൻ പാടില്ലെന്നാണു മന്ത്രാലയത്തിന്റെ നിർദേശം. ഈ സാഹചര്യത്തിൽ ഉടൻ പദവി ഒഴിയണമെന്നു കായിക മന്ത്രാലയ അണ്ടർ സെക്രട്ടറി എ.കെ.പാത്രോയുടെ കത്തിൽ പറയുന്നു. 

അഭിനവ് ബിന്ദ്ര കഴിഞ്ഞ ഡിസംബർ 22നാണു ദേശീയ നിരീക്ഷക പദവിയും ടാർജറ്റ് ഒളിംപിക്സ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി അധ്യക്ഷസ്ഥാനവും ഒഴിഞ്ഞത്. മെഹ്ത, പി.ടി.ഉഷ, ബോക്സിങ് താരം മേരികോം, ഗുസ്തി താരം സുശീൽ കുമാർ എന്നിവരും നിരീക്ഷകസ്ഥാനം രാജിവച്ചിരുന്നു. 

കഴിഞ്ഞ വർഷം മാർച്ചിലാണ് ഒളിംപിക്സ് താരങ്ങളെ ഉൾപ്പെടുത്തി ദേശീയ നിരീക്ഷകസംഘത്തെ കേന്ദ്ര കായികമന്ത്രാലയം നിയമിച്ചത്. 2020, 2024, 2028 ഒളിംപിക്സുകൾക്കുള്ള ആക്‌ഷൻ പ്ലാൻ തയാറാക്കുക, താരങ്ങളെ കണ്ടെത്തുക എന്നിവയായിരുന്നു ഇവരുടെ ദൗത്യം. ഐ.എം.വിജയൻ (ഫുട്ബോൾ), സഞ്ജീവ് കുമാർ സിങ് (ആർച്ചറി), അപർണ പോപട്ട് (ബാഡ്മിന്റൻ), അഖിൽ കുമാർ (ബോക്സിങ്), ജഗ്ബീർ സിങ് (ഹോക്കി), സോംദേവ് ദേവ്‌വർമൻ (ടെന്നിസ്), ഖജൻ സിങ് (നീന്തൽ) എന്നിവരാണു മറ്റു നിരീക്ഷകർ.