Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിൽവേ പാളം വലിച്ചു!; ദക്ഷിണ റെയിൽവേയിൽ കായിക നിയമനമില്ല

Athletics representational image

പാലക്കാട് ∙ ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങളുടെ നിയമനം നിലച്ചിട്ടു നാലു വർഷമായെന്ന് ആരോപണം. ഈ വർഷം നിയമനത്തിനു സിലക്‌ഷൻ ട്രയൽസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയെങ്കിലും ഉത്തരവ് പുറത്തിറക്കിയില്ല. ഇത്തവണ ട്രയൽസിൽ ഏഷ്യൻ അത്‌ലറ്റിക് 1500 മീറ്റർ ചാംപ്യൻ പി.യു. ചിത്ര, ഹർഡിൽസ് താരവും ഏഷ്യൻ ജൂനിയർ വെള്ളി മെഡൽ ജേതാവുമായ മെയ്മോൻ പൗലോസ്, സ്പ്രിന്റർ വി.കെ. വിസ്മയ, തമിഴ്നാട്ടിൽനിന്നുള്ള ശിവ ആൻബ്രാസ് എന്നിവർ യോഗ്യത നേടിയിരുന്നു. എന്നാൽ, ഇവർ ഉൾപ്പെടെ ഇരുപത്തഞ്ചോളം പേർക്ക് റെയിൽവേ നിയമനം നിഷേധിച്ചതായാണു സൂചന. റെയിൽവേ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗ്രൂപ്പ് സി വിഭാഗത്തിൽ കായികതാരങ്ങളുടെ ക്വോട്ടയിലെ നിയമനത്തിനായി കഴിഞ്ഞ ഡിസംബറിലാണ് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷകർക്കായി ഈ വർഷം ഫെബ്രുവരിയിൽ ചെന്നൈയിൽ സിലക്‌ഷൻ ട്രയൽസ് നടത്തി. അത്‌ലറ്റിക്സിനു പുറമേ വിവിധ ഇനങ്ങളിലും താരങ്ങൾ ട്രയൽസിനെത്തി. കേരളത്തിൽനിന്നുള്ള മൂന്ന് അത്‌ലിറ്റുകൾ ട്രയൽസിൽ യോഗ്യത നേടിയ വിവരങ്ങൾ പരിശീലകർ വഴി പുറത്തുവന്നിരുന്നു. അത്‌‌ലിറ്റുകൾ യോഗ്യത നേടിയ കാര്യം സിലക്ടർമാർ ശരിവച്ചതായും പരിശീലകർ വെളിപ്പെടുത്തിയിരുന്നു.

സെപ്റ്റംബറിൽ ഭുവനേശ്വറിൽ നടക്കേണ്ട ഓപ്പൺ നാഷനൽസിനെ ഉദ്ദേശിച്ചു കൂടിയാണ് ട്രയൽസ് നടത്തിയത്. മാർച്ച് 31ന് മുൻപു നിയമന ഉത്തരവ് ഇറങ്ങേണ്ടതായിരുന്നെങ്കിലും ജനറൽ മാനേജർ ഇനിയും ഇതിൽ ഒപ്പുവച്ചിട്ടില്ല. രാജ്യത്തെ 17 റെയിൽവേ സോണുകളിലും കായികതാരങ്ങളുടെ നിയമനം നടക്കാറുള്ളപ്പോഴും ദക്ഷിണ റെയിൽവേയിൽ കഴിഞ്ഞ നാലു വർഷമായി ഇതു മുടങ്ങിയതും ആരോപണങ്ങൾക്കിടയാക്കിയിട്ടുണ്ട്.