Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരാഖണ്ഡിൽനിന്ന് ഇന്ത്യയ്ക്കൊരു ഭാവിതാരം

Lakshya Sen ലക്ഷ്യ സെൻ

നാൽപത്തിയാറു വർഷം മുൻപാണ്, പ്രകാശ് പദുക്കോൺ എന്ന പതിനാറുകാരൻ ചെന്നൈയിൽ നടന്ന ദേശീയ ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് വേദിയിൽ പുരുഷ സിംഗിൾസിലും ജൂനിയർ സിംഗിൾസിലും കിരീടം നേടി ചരിത്രമെഴുതിയത്. ഇന്ത്യൻ ബാഡ്മിന്റനിലെ തിരുത്തപ്പെടാത്ത ആ ചരിത്രത്തിനൊപ്പമെത്തില്ലെങ്കിലും, ലക്ഷ്യ സെൻ എന്ന പതിനാറുകാരന്റെ റാക്കറ്റിൽ ഇന്ത്യയുടെ ഭാവിപ്രതീക്ഷകളുടെ തൂവൽ സ്പർശമുണ്ട്. പട്നയിൽ ഇക്കഴിഞ്ഞ ദേശീയ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇരുപത്തിനാലുകാരൻ സൗരഭ് വർമയോടു തോറ്റെങ്കിലും ലക്ഷ്യയുടെ കരുത്ത് കളത്തിൽ സകലരും കണ്ടറിഞ്ഞിരുന്നു. ലക്ഷ്യയുടെ ഫൈനലിലേക്കുള്ള വഴിയിൽ കീഴടങ്ങിയവരിൽ ഇന്നത്തെ ഇന്ത്യൻ ബാഡ്മിന്റനിലെ സൂപ്പർ താരങ്ങളിൽ പലരുമുണ്ട്; മലയാളി എച്ച്.എസ്.പ്രണോയ് ഉൾപ്പെടെ!

ഇന്നലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ജൂനിയർ ബാഡ്മിന്റനിൽ സ്വർണം നേടിയ ലക്ഷ്യ 53 വർഷത്തിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ പുരുഷതാരമായി. വരുന്ന ഓഗസ്റ്റ് 16നു പതിനേഴാം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന ഉത്തരാഖണ്ഡുകാരൻ പയ്യനിൽനിന്ന് ഇനിയും പ്രതീക്ഷിക്കാൻ ഏറെയുണ്ടന്നു വ്യക്തം. ദേശീയ ബാഡ്മിന്റൻ പരിശീലകനായിരുന്ന ഡി.കെ. സെന്നിന്റെ മകനായ ലക്ഷ്യ വരുന്നത് ഉത്തരാഖണ്ഡിലെ അൽമോറയിൽനിന്നാണ്. സമുദ്രനിരപ്പിൽനിന്ന് 5000 അടി ഉയരത്തിലുള്ള ഈ പ്രദേശത്തെ സകലർക്കുമുള്ള പ്രത്യേകത ലക്ഷ്യയ്ക്കുണ്ട് – ഉറച്ച കാൽ മസിലുകൾ, ഉയരങ്ങളിലേക്ക് അനയാസം കയറിപ്പോകാനുള്ള ചങ്കുറപ്പ്. ഒന്നാം സീഡും ലോക ജൂനിയർ ചാംപ്യനുമായ തായ്‌ലൻഡിന്റെ കുൻലാവുട് വിറ്റിഡ്സരനെ കീഴടക്കിയ മൽസരത്തിലും ഇതു പ്രകടമായിരുന്നു.

2010ൽ ബാഡ്മിന്റൻ പരിശീലകനും മലയാളിയുമായ വിമൽ കുമാറിനെ കണ്ടുമുട്ടുന്നതോടെയാണു ലക്ഷ്യയുടെ വഴി തെളിഞ്ഞത്. ബാംഗ്ലൂരിൽ നടന്ന ഒരു ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ മൂത്ത സഹോദരൻ ചിരാഗിനും അച്ഛനുമൊപ്പം എത്തിയതായിരുന്നു ലക്ഷ്യ. ചിരാഗിനെ വിമൽകുമാറിനു പരിചയപ്പെടുത്തുന്നതിനിടെ തനിക്കും ബാഡ്മിന്റൻ കളിക്കണമെന്നു കൊച്ചു ലക്ഷ്യ വിളിച്ചുപറഞ്ഞു. ഒൻപതു വയസ്സുകാരനായ ലക്ഷ്യയുടെ കളി കണ്ട വിമൽ, പ്രകാശ് പദുക്കോണിന്റെ മുംബൈയിലെ അക്കാദമിയിൽ പരിശീലനം തേടാൻ നിർദേശിക്കുകയായിരുന്നു. 

വളരെപ്പെട്ടെന്ന് പ്രകാശ് പദുക്കോണിന്റെയും പ്രിയ ശിഷ്യരിലൊരാളായി ലക്ഷ്യ മാറി. ദേശീയ അണ്ടർ–13, അണ്ടർ–17, അണ്ടർ–19 വിഭാഗങ്ങളിൽ പതിനാറു വയസ്സിനകം ജേതാവായ ലക്ഷ്യ ഇപ്പോഴിതാ ഏഷ്യൻ കിരീടവും അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം നാട്ടിലെത്തിച്ചിരിക്കുന്നു.

∙ 'ഏതു ടൂർണമെന്റിലും വിജയിക്കുന്നതു വലിയ കാര്യമാണ്. ലോകത്തെ ഏറ്റവും മികച്ച താരങ്ങളുമായി ഏറ്റുമുട്ടിയാണ് ലക്ഷ്യ ഒന്നാമനായത്. ബാഡ്മിന്റന്റെ കളിത്തൊട്ടിലാണ് ഏഷ്യ. ഭൂഖണ്ഡം കീഴടക്കാനായത് ലക്ഷ്യയുടെ ആത്മവിശ്വാസം ഉയർത്തും.’ – സഞ്ജയ് മിശ്ര (ഇന്ത്യൻ ജൂനിയർ ബാഡ്മിന്റൻ കോച്ച്)

related stories