Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിലാഷ് ടോമിയുടെ പ്രയാണം ഇന്ത്യൻ മഹാസമുദ്രത്തിൽ

abhilash-tomy കമാൻഡർ അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ.

കേപ് ഓഫ് ഗുഡ് ഹോപ് (ദക്ഷിണാഫ്രിക്ക) ∙ അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ടു മലയാളി നാവികൻ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുക്കുന്ന കമാൻഡർ അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി ‘തുരിയ’, ഇന്ത്യൻ നാവികസേനയുടെ തട്ടകമായ ഇന്ത്യൻ മഹാസമുദ്രത്തിലെത്തി.

ജൂലൈ ഒന്നിനു ഫ്രാൻസിലെ ലെ സാബ്‌ലെ ദൊലോൻ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് അഭിലാഷ്. ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മൽസരത്തിൽ പങ്കെടുക്കുന്ന 18 പായ്‌വഞ്ചികളിൽ, ഫ്രാൻസിൽനിന്നുള്ള വെറ്ററൻ നാവികൻ ജീൻ ലുക് വാൻ ഡെൻ ഹീഡാണ് ഒന്നാമത്. 50 വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തിൽ, ഏഴുപേർ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉൾപ്പെടെ 11 പേരാണു മൽസരരംഗത്തു ബാക്കി. 

അതിനിടെ, ഗോൾഡൻ ഗ്ലോബ് റേസിലെ വേഗറെക്കോർഡിനും അഭിലാഷ് അർഹനായി. ബുധനാഴ്ച 24 മണിക്കൂറിനിടെ 194 മൈൽ ദൂരമാണു വഞ്ചി പിന്നിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. പ്രയാണം ആരംഭിച്ച് 68–ാം ദിവസമായിരുന്ന ഇന്നലെ വരെ ആകെ 8897 നോട്ടിക്കൽ മൈൽ (ഒരു നോട്ടിക്കൽ മൈൽ – 1.852 കിലോമീറ്റർ) ദൂരമാണു ‘തുരിയ’ പിന്നിട്ടത്. 30,000 നോട്ടിക്കൽ മൈൽ ദൂരം പ്രതീക്ഷിക്കുന്ന പ്രയാണം 311 ദിവസം കൊണ്ടു പൂർത്തിയാക്കാനാണു മുപ്പത്തിയൊൻപതുകാരനായ അഭിലാഷ് ലക്ഷ്യമിടുന്നത്. 

കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകൾക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ്‌വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാ‍ർ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിട്ടുണ്ട്.

 ഭക്ഷണമായി കരുതിയിരുന്ന പോപ് കോൺ തീരുകയാണെന്നും വഞ്ചിയിൽ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കൾ ഉപയോഗിച്ചുതുടങ്ങാതെ മാർഗമില്ലെന്നുമാണു സന്ദേശം. 

പ്രയാണത്തിൽ പങ്കെടുക്കുന്നവർ പുറംലോകവുമായി നേരിട്ട് ആശയവിനിമയം പാടില്ലെന്നാണു മൽസരത്തിന്റെ നിയമം. റേഡിയോ മുഖാന്തരം സംഘാടകർ ബന്ധപ്പെടുമ്പോൾ മാത്രമാണു വിവരങ്ങൾ കൈമാറാൻ കഴിയുക. ഒറ്റയ്ക്കൊരു പായ്‌വഞ്ചിയിൽ കടലിലൂടെ ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡിന് ഉടമയാണു കൊച്ചി കണ്ടനാടു സ്വദേശിയായ അഭിലാഷ് ടോമി. 

തുരിയ

കേരളത്തിൽനിന്നുള്ള തടിയും വിദേശനിർമിത പായകളും ഉപയോഗിച്ചു ഗോവയിലെ അക്വാറിസ് ഷിപ്‌യാഡിലാണു തുരിയ ‘പായ്‌വഞ്ചി’ നിർമിച്ചത്. ഉപനിഷത്തിൽനിന്നാണു ‘തുരിയ’ എന്ന പേരു കണ്ടെത്തിയത്. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവ കഴിഞ്ഞുള്ള നാലാമത്തെ അവസ്ഥയാണു തുരീയം. മുനിമാരുടെ ബോധതലം – ഞാനെന്ന ഭാവം ഉപേക്ഷിക്കപ്പെട്ടു സമ്പൂർണ സമത കൈവരുന്ന അവസ്ഥയെന്നാണു ‘തുരിയ’ അർഥമാക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.