Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‍ലിക്കും ചാനുവിനും ഖേൽരത്‌ന; ജിൻസണ് അർജുന, ബോബിക്ക് ധ്യാൻചന്ദ് പുരസ്കാരം

kohli-bobby-jinson-chanu

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി, ഭാരോദ്വഹന ലോകചാംപ്യൻ മീരാഭായ് ചാനു എന്നിവർക്കു രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം. ഏഷ്യൻ ഗെയിംസിൽ ഇരട്ടമെഡൽ സ്വന്തമാക്കിയ മലയാളി താരം ജിൻസൻ ജോൺസൺ ഉൾപ്പെടെ 20 താരങ്ങൾക്ക് അർജുന പുരസ്കാരം ലഭിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മലയാളിയായ മുൻ ഹൈജംപ് താരം ബോബി അലോഷ്യസിന് ലഭിച്ചു. വനിതാ വിഭാഗം ഹൈജംപിൽ ദേശീയ റെക്കോർഡിന് ഉടമയാണ് ബോബി അലോഷ്യസ്.

സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്രസിങ് ധോണി എന്നിവർക്കുശേഷം ഖേൽരത്‌ന പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‍ലി. സച്ചിൻ 1997ലും ധോണി 2007ലുമാണ് പുരസ്കാരം നേടിയത്. അതേസമയം കർണം മല്ലേശ്വരി, കുഞ്ജറാണി ദേവി എന്നിവർക്കു ശേഷം ഭാരോദ്വഹന മേഖലയിൽനിന്ന് രാജ്യത്തെ പരമോന്നത കായിക ബഹുമതി നേടുന്ന ആദ്യ താരമായി മീരാഭായ് ചാനു. 1994ലാണ് കർണം മല്ലേശ്വരിക്ക് പുരസ്കാരം ലഭിച്ചത്. 1995ൽ കുഞ്ജറാണി പുരസ്കാരം നേടി. നീണ്ട 23 വർഷങ്ങൾക്കുശേഷം ഇപ്പോൾ മീരാഭായ് ചാനുവിലൂടെ ഖേൽരത്‍ന പുരസ്കാരം വീണ്ടും ഭാരോദ്വഹന താരത്തിന്.

ജസ്റ്റിസ് മുകുൽ മുദ്ഗൽ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടി. 7.5 ലക്ഷം രൂപയാണു ഖേൽ രത്‌ന പുരസ്കാര തുക. അർജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാർഡ് ജേതാക്കൾക്ക് 5 ലക്ഷം രൂപയും ലഭിക്കും. 25നു രാഷ്ട്രപതി റാംനാഥ് കോവിന്ദാണു പുരസ്കാരങ്ങൾ സമ്മാനിക്കുക.

മറ്റു പുരസ്കാരങ്ങൾ

∙ ധ്യാൻചന്ദ് പുരസ്കാരം 

ബോബി അലോഷ്യസ് (അത്‌ലറ്റിക്സ്), ഭരത് ഛേത്രി (ഹോക്കി), സത്യദേവ് (ആർച്ചറി), ദാദു ചൗഗുലേ (ഗുസ്തി). 

∙ ദ്രോണാചാര്യ പുരസ്കാരം

വിജയ് ശർമ (ഭാരോദ്വഹനം), തരക് സിൻഹ (ക്രിക്കറ്റ്), ക്ലാരൻസോ ലോബോ (ഹോക്കി), ജീവൻ ശർമ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്‌സിങ്), ശ്രീനിവാസ റാവു (ടേബിൾ ടെന്നിസ്). സുഖ്ദേവ് സിങ് പാന്നു (അത്‍ലറ്റിക്സ്), വി.ആർ. ബീഡു (അത്‍ലറ്റിക്സ്

∙ അർജുന അവാർഡ്: 

നീരജ് ചോപ്ര, ജിൻസൻ ജോൺസൺ, ഹിമ ദാസ് (അത്‌ലറ്റിക്സ്), എൻ. സിക്കി റെഡ്ഡി (ബാഡ്മിന്റൻ), സതീഷ്കുമാർ (ബോക്‌സിങ്), സ്മൃതി മന്ഥന (ക്രിക്കറ്റ്), ശുഭാംഗർ ശർമ (ഗോൾഫ്), മൻപ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സർനോബത്ത്, അങ്കുർ മിത്തൽ, ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യൻ (ടേബിൾ ടെന്നിസ്), രോഹൻ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാൻ (വുഷു), അങ്കുർ ധാമ (പാര അത്‌ലറ്റിക്‌സ്), മനോജ് സർക്കാർ (പാരാ–ബാഡ്മിന്റൻ).

related stories