Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രോ കബഡി ലീഗ് കൊച്ചിയിലേക്ക്

india-kabaddi

കൊച്ചി ∙ കേരളത്തിലെ കബഡി ഫാൻസിന് ആഘോഷിക്കാം. പ്രോ കബഡി ലീഗ് (പികെഎൽ) ആറാം സീസൺ കൊച്ചിയിലേക്ക്. പ്ലേ ഓഫ് മൽസരങ്ങൾ ഡിസംബർ 30നു കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ.

ഏതെല്ലാം ടീമുകളാവും കൊച്ചിയിൽ കൊമ്പുകോർക്കുക എന്നറിയാൻ ആദ്യഘട്ടം തീരുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഫൈനൽ 2019 ജനുവരി അഞ്ചിനു മുംബൈയിലാണ്. ചെന്നൈയിൽ ഒക്ടോബർ ഏഴിനു ലീഗ് തുടങ്ങും. ദക്ഷിണേന്ത്യയിൽ ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കബഡി ലീഗിനു വേദിയാകുന്നുണ്ടെങ്കിലും കേരളത്തെക്കൂടി വേദിയാക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.

കൊച്ചി പറവൂർ മേഖലയിൽ സ്കൂൾതലംമുതൽ കബഡി സജീവമാണെന്നതും ഏറെ ജനപ്രീതിയുണ്ടെന്നതുംകൂടി പികെഎൽ ഇവിടേക്കു കൊണ്ടുവരാൻ കാരണമായി.
12 ടീം പങ്കെടുക്കുന്ന, 93 ദിവസം നീളുന്ന ലീഗിൽ 138 മൽസരങ്ങളുണ്ടാകും. കൊച്ചിയിൽ രണ്ടു മൽസരമേയുള്ളൂവെങ്കിലും പ്ലേഓഫ് ആണെന്നതിനാൽ പ്രാധാന്യമേറും. ഡബിൾ റൗണ്ട് റോബിൻ, റൗണ്ട് റോബിൻ, പ്ലേ ഓഫ് ഘടനയിലാണു ലീഗ്.