Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളിക്കൂട്ടം ചാലഞ്ച്; ഫലപ്രഖ്യാപനം ജനുവരിയിൽ

Kalikkoottam-Challenge

കോട്ടയം∙ നാട്ടുകേരളത്തിന്റെ കായികത്തുടിപ്പറിയുന്ന സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കായി മലയാള മനോരമ നടത്തുന്ന കളിക്കൂട്ടം ചാലഞ്ചിന്റെ ഫലപ്രഖ്യാപനം 2019 ജനുവരിയിൽ. പ്രമുഖ ബാങ്കിതര ധനസ്ഥാപനമായ മാക്സ് വാല്യു ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ സഹകരണത്തോടെ നടത്തുന്ന ഈ മത്സരത്തിന്റെ ഫല പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിനു നടത്താനാണു നിശ്ചയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തെ വിഴുങ്ങിയ മഹാപ്രളയത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു കൊണ്ടാണു ഫലപ്രഖ്യാപനം രണ്ടു മാസം നീട്ടുന്നത്. 

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ ആവേശത്തോടെ പങ്കെടുത്ത കളിക്കൂട്ടം ചാലഞ്ചിൽ നൂറ്റിയൻപതു പ്രോജക്റ്റുകളാണു ലഭിച്ചത്. കായിക വികസനത്തിനു വിവിധ മാതൃകാപദ്ധതികൾ ആവിഷ്കരിക്കുക, അതിനായി തുക വിലയിരുത്തുക, പദ്ധതി വിജയകരമായി നടപ്പിലാക്കുക തുടങ്ങിയവയാണു കളിക്കൂട്ടം ചാലഞ്ചിലെ മൽസരക്രമം. ലഭിച്ച പ്രോജക്റ്റുകളിൽ വിദഗ്ധ സമിതി പ്രാഥമിക പരിശോധന നടത്തിയ ശേഷം ചുരുക്കപ്പട്ടിക തയാറാക്കും. തുടർന്നു വിദഗ്ധ സമിതി നേരിട്ടെത്തി വിലയിരുത്തൽ നടത്തിയ ശേഷമാകും വിജയികളെ പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ട്രോഫിയും അഞ്ചു ലക്ഷം രൂപയും. രണ്ടാം സമ്മാനം ട്രോഫിയും മൂന്നു ലക്ഷം രൂപയും. മൂന്നാം സമ്മാനം ട്രോഫിയും രണ്ടു ലക്ഷം രൂപയും. കേരളത്തിൽ കായിക വികസനത്തിന് ആദ്യമായി നടത്തുന്ന ഈ മഹാസംരഭത്തിന്റെ വിജയികൾ ആരെന്നറിയാൻ ജനുവരി വരെ കാത്തിരിക്കൂ.