Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പൈസ് കോസ്റ്റ് മാരത്തൺ: മഹേഷും ആരാധനയും ജേതാക്കൾ

marathon-mahesh സ്പൈസ് കോസ്റ്റ് മാരത്തണിൽ (41.2 കിലോമീറ്റർ ഫുൾ റൺ) പി.എസ്. മഹേഷ് ഒന്നാം സ്ഥാനം നേടുന്നു.

കൊച്ചി∙ സ്പൈസ് കോസ്റ്റ് മാരത്തണിൽ പുരുഷ വിഭാഗത്തിൽ കൊച്ചി സ്വദേശി പി.എസ്.മഹേഷും വനിത വിഭാഗത്തിൽ ചെന്നൈ സ്വദേശി ആരാധന റെഡ്ഡിയും ചാംപ്യൻമാർ. 42.2 കിലോമീറ്റർ  ദുരം മഹേഷ് 3.18:45 മണിക്കൂറിലും ആരാധന 3.41:55 മണിക്കൂറിലുമാണ് ഫിനിഷ് ചെയ്ത്.

പുരുഷ വിഭാഗത്തിൽ കോട്ടയം സ്വദേശി കെ.എൽ.ഹരികുമാർ (3.22:06) 2–ാം സ്ഥാനം നേടി. ബെംഗളൂരുവിൽ നിന്നുള്ള ജെ.വിഗ്നേശ്വരനാണു (3.27:35) മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ ബെംഗളൂരു സ്വദേശി ശിൽപി സാഹു (3.45:44), ഡൽഹി മലയാളി ജൂബി ജോർജ് (3.58:52) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 

21.1 കിലോമീറ്റർ ഹാഫ് മാരത്തണിൽ പുരുഷ വിഭാഗത്തിൽ കൊച്ചി നേവൽ ബേസിലെ സഞ്ജയ് അഗർവാളും (1.18.33 മണിക്കൂർ) വനിതാ വിഭാഗത്തിൽ കോട്ടയം സ്വദേശി മെറീന മാത്യുവും (1.51:07) ചാംപ്യൻമാരായി. 

പുരുഷ വിഭാഗത്തിൽ വെല്ലൂർ സ്വദേശി ജി.തിരുപ്പതി (1.26:48), കൊച്ചി നേവൽ ബേസിലെ ധീരജ് (1.30:37) എന്നിവരും വനിതാ വിഭാഗത്തിൽ ജർമ്മനിയിൽ നിന്നുള്ള അലീഷ്യ വെയ്‌ഗേട്ട് (1.56:12), ബെംഗളൂരു മലയാളിയായ കവിത നായർ (2.00:47) എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. 8 കിലോമീറ്റർ ഫൺ റണ്ണുമുണ്ടായിരുന്നു. 3 വിഭാഗങ്ങളിലുമായി വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള അയ്യായിരത്തി‍ൽ ഏറെപ്പേരാണു പങ്കെടുത്തത്. ഇതിൽ പകുതിയിലേറെയും ഫൺ റണ്ണിലായിരുന്നു. ഫുൾ മാരത്തൺ നേവൽ എൻസിസി വൊളന്റിയർ ഇൻ ചാർജ് ലഫ്. കമാൻഡർ പി. അശ്വന്തും ഹാഫ് മാരത്തൺ മേയർ സൗമിനി ജെയിനും ഫൺ റൺ ഹൈബി ഈഡൻ എംഎൽഎയും ഫ്ലാഗ് ഓഫ് ചെയ്തു. 

റണ്ണേഴ്സ് ക്ലബായ സോൾസ് ഓഫ് കൊച്ചിനും കൊച്ചി നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച മാരത്തണിലെ ജേതാക്കൾക്കു മേയറും ടൈറ്റിൽ സ്പോൺസറായ ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷുറൻസ് സിഎംഒ കാർത്തിക് രമണും ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. 

‘കേരളം മുന്നോട്ട്’ എന്നതായിരുന്നു ഇത്തവണ മാരത്തൺ സന്ദേശം. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദമായാണ് മൽസരം സംഘടിപ്പിച്ചത്. മലയാള മനോരമ ആയിരുന്നു മാരത്തണിന്റെ മാധ്യമ പങ്കാളി.