Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിഹാലിനു ലോകചാംപ്യനാകാം: വിശ്വനാഥൻ ആനന്ദ്

PTI6_26_2012_000188B

ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ ലോക ചാംപ്യനാകാനുള്ള മികവുള്ളയാളാണെന്ന് ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്. ലോകചാംപ്യനിലേക്കുള്ള വഴി ദീർഘമാണെന്നും എന്നാൽ നിഹാലിൽ ആ മഹത്വം താൻ കാണുന്നുണ്ടെന്നും ആനന്ദ് പറ‍ഞ്ഞു. ‘‘നിഹാൽ ഈ ടൂർണമെന്റിൽ കഷ്ടപ്പെടും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അങ്ങനെയല്ല കണ്ടത്. വളരെ കംഫർട്ടബിളായിരുന്നു നിഹാൽ’’.

ചാംപ്യൻഷിപ്പിൽ ആനന്ദിനെ സമനിലയിൽ പിടിച്ച നിഹാൽ റാപ്പിഡ് വിഭാഗത്തിലെ ഒൻപതു കളികളിൽ ആറു സമനിലയാണ് ആകെ നേടിയത്. അണ്ടർ–14 വിഭാഗത്തിൽ നിലവിലെ ലോക ചാംപ്യനാണ് നിഹാൽ. ക്ലാസിക്കൽ ചെസിൽ 2576 ഇലോ റേറ്റിങുള്ള നിഹാൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ 12–ാമത്തെ ഗ്രാൻഡ് മാസ്റ്ററുമാണ്. എന്നാൽ നിലവിലെ ലോക ചാംപ്യൻ നോർവെയുടെ മാഗ്നസ്‌ കാൾസന്റെ വളർച്ചയും നിഹാലിന്റെ മുന്നേറ്റവും താരതമ്യപ്പെടുത്താൻ ആയിട്ടില്ലെന്നും ആനന്ദ് പറഞ്ഞു. ‘‘കാൾസൻ ഈ പ്രായത്തിൽ അൽഭുതകരമായ പ്രകടനങ്ങൾ നിരന്തരം കാഴ്ച വച്ചിരുന്നു. നിഹാലിന്റെ മികവായി ഞാൻ കാണുന്നത് അതല്ല. അവൻ കളിയെ നന്നായി മനസ്സിലാക്കുന്നു എന്നതാണ്’’. 

അനുകൂല സാഹചര്യങ്ങൾ പരമാവധി മുതലെടുക്കുന്നതിൽ നിഹാൽ സമർഥനാണെന്നും ആനന്ദ് നിരീക്ഷിച്ചു. ‘‘വെളുത്ത കരുക്കളുമായി കളിച്ചപ്പോൾ ഒരു ഗെയിം പോലും നിഹാൽ‍ നഷ്ടപ്പെടുത്തിയില്ല എന്നതു ശ്രദ്ധേയമാണ്. എനിക്കെതിരെ കളിച്ചപ്പോഴും നിഹാൽ ദൃഢചിത്തനായിരുന്നു. എന്തെങ്കിലും പരീക്ഷിക്കാനുള്ള അവസരം എനിക്കു നൽകിയില്ല’’. ചെസിൽ നിഹാലിനെപ്പോലെ ചെറുപ്രായത്തിലുള്ള പ്രതിഭകൾ ഇന്ത്യയിൽ നിന്ന് ഒട്ടേറെ ഉയർന്നു വരുന്നതിൽ താൻ സന്തോഷവാനാണെന്നും ആനന്ദ് പറഞ്ഞു.

സ്വന്തം നാട്ടുകാരനായ പതിമൂന്നുകാരൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്യാനന്ദയെയും ആനന്ദ് പ്രശംസിച്ചു. ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗ്രാൻഡ് മാസ്റ്ററായ പ്രഗ്യാനന്ദ ടൂർണമെന്റിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ച വച്ചത്. ബ്ലിറ്റ്സ് വിഭാഗത്തിൽ യുക്രെയ്ന്റെ സെർജി കര്യാകിനെയും ഇന്ത്യയുടെ സൂര്യശേഖർ ഗാംഗുലിയെയും തോൽപ്പിച്ച ചെന്നൈ ബാലൻ ഹികാരു നകാമുറയെ സമനിലയിൽ പിടിക്കുകയും ചെയ്തു. എന്നാൽ ആനന്ദിനോടു മൽസരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം.

ആനന്ദിന് ബ്ലിറ്റ്സ് കിരീടം

കൊൽക്കത്ത ∙ ടാറ്റ സ്റ്റീൽ ചെസിന്റെ ബ്ലിറ്റ്സ് വിഭാഗത്തിൽ വിശ്വനാഥൻ ആനന്ദ് ചാംപ്യൻ. പ്ലേ–ഓഫിൽ അമേരിക്കയുടെ ഹകാരു നകാമുറയെ ആനന്ദ് തോൽപ്പിച്ചു. നാലാം സ്ഥാനത്തായിരുന്ന ആനന്ദ് അവസാന ദിനം ആറു ജയങ്ങളും മൂന്നു സമനിലകളുമായാണ് പ്ലേഓഫിനു യോഗ്യത നേടിയത്. പ്ലേഓഫിൽ വെളുത്ത കരുക്കളുമായി ആദ്യഗെയിം ജയിച്ച ആനന്ദ് രണ്ടാം ഗെയിമിൽ കറുത്ത കരുക്കളുമായി സമനില നേടി.