Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശാലിനി, മെഡലിന്റെ കൂട്ടുകാരി

vk-shalini 400 മീറ്ററിൽ സ്വർണത്തിലേക്കു കുതിക്കുന്ന എംജി സർവകലാശാലയുടെ വി.കെ. ശാലിനി ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

അന്തർ സർവകലാശാലാ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനത്തിലെ പല ഫൈനൽ മൽസരങ്ങളിലും സാന്നിധ്യമില്ലാതെ കേരളം ഒരു സ്വർണവും ഒരു വെള്ളിയും നേടി ആശ്വാസം കണ്ടെത്തി.  ഇടുക്കി നെടുങ്കണ്ടത്തു നിന്നുള്ള ‘ഉരുക്കു പെൺകുട്ടി’  വി.കെ.ശാലിനിയാണ് 400 മീറ്ററിൽ സ്വർണം ഓടിപ്പിടിച്ച് കേരളത്തിന്റെ മാനം കാത്തത്. ഇതേ ഇനത്തിൽ വെള്ളി നേടി കോട്ടയം പാലാ പാദുവാ സ്വദേശി ജെറിൻ ജോസഫ് കേരളത്തിനു രണ്ടാമത്തെ മെഡലും സമ്മാനിച്ചു. മീറ്റിൽ വി.കെ. ശാലിനിയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണിത്. കഴിഞ്ഞദിവസം 400 മീറ്റർ ഹർഡിൽസിൽ വെള്ളി സ്വന്തമാക്കിയിരുന്നു.

∙ മാംഗ്ലൂർ പറക്കുന്നു

88 പോയിന്റുമായി മാംഗ്ലൂർ സർവകലാശാല തന്നെയാണ് മുന്നിൽ. കേരളത്തിന്റെ എംജി  41 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. പഞ്ചാബി  മൂന്നാം സ്ഥാനത്ത് (34). വനിതാ വിഭാഗത്തിൽ എംജി  (35) ഒന്നാം സ്ഥാനത്തും മാംഗ്ലൂർ  (34) രണ്ടാം സ്ഥാനത്തുമാണ്. വനിതാ വിഭാഗത്തിൽ കാലിക്കറ്റ് 17 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.  പുരുഷവിഭാഗത്തിൽ  ആദ്യ 3 സ്ഥാനങ്ങളിൽ കേരളത്തിലെ സർവകലാശാലകളൊന്നുമില്ല.

∙ പഞ്ചരത്നങ്ങൾ

കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പോലെയായിരുന്നു വനിതാ വിഭാഗം 400 മീറ്റർ ഫൈനലിന്റെ ട്രാക്ക്. ആകെ 8 ലൈനുള്ളതിൽ അഞ്ചിലും കേരളത്തിന്റെ താരങ്ങൾ. എംജിക്കു വേണ്ടി വി.കെ.ശാലിനിയും ജെറിൻ ജോസഫും കാലിക്കറ്റിനുവേണ്ടി ഷഹർബാന സിദ്ദീഖും യു.വി. ശ്രുതിരാജും കേരളയ്ക്കു വേണ്ടി അബിഗെയിൽ ആരോക്യനാഥനും. ബാക്കിവന്ന മൂന്നു ട്രാക്കുകളിൽ ബോംബെ, മാംഗ്ലൂർ, ഭാരതിയാർ താരങ്ങൾ. ഡബിൾ ബെല്ലടിച്ച് സർവീസ് തുടങ്ങയപ്പോൾത്തന്നെ ലീഡു പിടിച്ച വി.കെ. ശാലിനി ഒന്നാം സ്ഥാനത്തോടെ (54.21 സെക്കൻഡ്) സ്റ്റാൻഡിൽ തിരിച്ചെത്തി. തൊട്ടുപിന്നിൽ ജെറിൻ ജോസഫും (54.45). ഇടയ്ക്കു കയറിയ ഭാരതിയാർ സർവകലാശാലയുടെ ആർ. വിത്യ വെങ്കല മെഡൽ കേരളത്തിൽനിന്നു തട്ടിപ്പറിച്ചു. കോലഞ്ചരി സെന്റ് പീറ്റേഴ്സ് കോളജിൽ ബിഎ രണ്ടാം വർഷ വിദ്യാർഥിയാണ് വി.കെ. ശാലിനി.  പാലാ അൽഫോൻസാ കോളജിൽ പിജി വിദ്യാർഥിയാണ് ജെറിൻ ജോസഫ്. എംജി സർവകലാശാലാ മീറ്റിൽ ജെറിന് സ്വർണവും ശാലിനക്കു വെള്ളിയുമായിരുന്നു. മീറ്റിന്റെ നാലാംദിനമായ ഇന്ന് 10 ഫൈനലുകൾ നടക്കും. 

∙ മീറ്റ് റെക്കോർഡുകൾ

മീറ്റിന്റെ മൂന്നാം ദിനം 2 പുതിയ മീറ്റ് റെക്കോർഡുകൾ കൂടി. പുരുഷവിഭാഗം ട്രിപ്പിൾ ജംപിൽ മുംബൈ സർവകലാശാലയുടെ ജെയ് ഷാ പ്രദീ മീറ്റ് റെക്കോർഡോടെ (16.36 മീറ്റർ) സ്വർണം നേടി. വനിതാ വിഭാഗം ജാവലിൻ ത്രോയിൽ മാംഗ്ലൂരിന്റെ പൂനം റാണി മീറ്റ് റെക്കോർഡോടെ(53.26 മീറ്റർ) സ്വർണം നേടി. 

ഇരട്ട മെഡലുണ്ട്; വീടില്ല

മൂഡബിദ്രി ∙ പ്രളയത്തെ അതിജീവിച്ചു വന്ന വി. കെ. ശാലിനിക്കു ട്രാക്കിലെ കുത്തൊഴുക്കു വെറും കുട്ടിക്കളിയായിരുന്നു. അഖിലേന്ത്യാ അന്തർ സർവകലാശാലാ പോരാട്ടത്തിൽ കേരളത്തിന്റെ ആദ്യ ഇരട്ട മെഡലിന് ഉടമയായെങ്കിലും അതു സൂക്ഷിക്കാൻ ഒരു വീട്  ഈ പെൺകുട്ടിക്കില്ല. പ്രളയകാലത്ത് മണ്ണിടിഞ്ഞ് ഇടുക്കി നെടുങ്കണ്ടത്തെ വീടിനു വിള്ളൽ വീണു. നിലംപൊത്താൻ നാളു കാത്തിരിക്കുന്ന ഈ വീട്ടിൽ നിന്നു മാറി മുത്തശ്ശിയോട് ഒപ്പമാണു ശാലിനിയും അമ്മ ശാന്തയും ഇപ്പോൾ താമസിക്കുന്നത്. ശാലിനിയുടെ അച്ഛൻ കൃഷ്ണൻ നേരത്തെ മരിച്ചുപോയി. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്. വീടു നിർമിച്ചു നൽകാമെന്നു നെടുങ്കണ്ടം പഞ്ചായത്ത് വാഗ്ദാനം നൽകിയിരുന്നെങ്കിലും വാക്ക് വാക്കായിത്തന്നെ ശേഷിക്കുന്നു.