sections
MORE

സുവർണതാരങ്ങൾക്ക് സ്വർണപ്പതക്കം; കേരള വനിതാ ടീമിന് മലയാള മനോരമയുടെ ആദരം

kerala-volleyball-team
SHARE

കൊച്ചി∙ ഒരു പതിറ്റാണ്ടിനു ശേഷം ദേശീയ വനിത വോളിബോളിൽ കേരളത്തെ ചാംപ്യൻമാരാക്കിയ മിടുക്കികൾക്കു മലയാള മനോരമയുടെ ആദരം. മലയാളിക്കരുത്തിൽ കിരീടം കുത്തകയാക്കിയിരുന്ന റയിൽവേയെ അട്ടിമറിച്ചു ചാംപ്യൻപട്ടവുമായി മടങ്ങിയെത്തിയ താരങ്ങളെയും പരിശീലകരെയും അഭിമാനത്തിന്റെ സുവർണ മുദ്ര ചാർത്തിയാണു മനോരമ ആദരിച്ചത്.

ക്യാപ്റ്റൻ ഫാത്തിമ റുക്സാന, ടീമംഗങ്ങളായ കെ.എസ്.ജിനി, ഇ.അശ്വതി, എസ്.സൂര്യ, അഞ്ജു ബാലകൃഷ്ണൻ, ടി.എസ്.കൃഷ്ണ, എസ്.രേഖ, എം.ശ്രുതി, എൻ.എസ്.ശരണ്യ, കെ.പി.അനുശ്രീ, ജിൻസി ജോൺസൺ, അശ്വതി രവീന്ദ്രൻ, മുഖ്യ പരിശീലകൻ ഡോ.സി.എസ്.സദാനന്ദൻ, സഹ പരിശീലകൻ അബ്ദുൽ മജീദ്, മുൻ കേരള ടീം ക്യാപ്റ്റൻ കൂടിയായ ടീം മാനേജർ എം.സുജാത എന്നിവർക്കു മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു സ്വർണപ്പതക്കങ്ങൾ സമ്മാനിച്ചു.

എല്ലാ കായിക ഇനങ്ങളിലും കേരളത്തിന്റെ അഭിമാന താരങ്ങളെ പ്രോൽസാഹിപ്പിക്കാനും ആദരിക്കാനും മനോരമ മുന്നിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷവും ദേശീയ ചാംപ്യൻഷിപ്പ് ഫൈനലിൽ കേരളത്തെ തോൽപ്പിച്ച റയിൽവേയോട് വീണ്ടും ഫൈനലിൽ ഏറ്റുമുട്ടാനിറങ്ങുമ്പോൾ ജയമെന്നോ തോൽവിയെന്നോ ചിന്തിക്കാതെ പോരാടാനാണ് സഹ കളിക്കാരോടു പറഞ്ഞതെന്നു 6 വർഷമായി കേരളത്തിനു വേണ്ടി കളിക്കുന്ന ക്യാപ്റ്റൻ ഫാത്തിമ റുക്സാന പറഞ്ഞു. അക്കാദമിക് തലത്തിലും നേടിയ അറിവുകളാണ് പരിശീലന രംഗത്തും തുണയായതെന്നു ഡോ.സി.എസ്.സദാനന്ദൻ വ്യക്തമാക്കി.തന്റെ കാലഘട്ടത്തിൽ ശ്രമിച്ചിട്ട് നടക്കാതെ പോയ നേട്ടമാണിതെന്നും പലപ്പോഴും ഫൈനലിലെ തോറ്റുപോകുന്ന ഗതികേടായിരുന്നു ടീമിനെന്നും എം.സുജാത ചൂണ്ടിക്കാട്ടി.

കൂട്ടായ്മയുടെ വിജയമാണിതെന്ന് മുൻ രാജ്യാന്തര താരവും കേരള ടീമിലെ 10 താരങ്ങളെയും സംഭാവന ചെയ്ത കെഎസ്ഇബി ടീം മാനേജരുമായ ജെയ്സമ്മ മുത്തേടം അഭിപ്രായപ്പെട്ടു.
കേരള വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ചാർളി ജേക്കബ്, സെക്രട്ടറി നാലകത്ത് ബഷീർ, എറണാകുളം ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റും മുൻ രാജ്യാന്തര താരവുമായ മൊയ്തീൻ നൈന, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, സ്പോർട്സ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA