sections
MORE

പ്രൊ വോളിബോൾ ലീഗിന് ഒരുങ്ങി ബ്ലൂ സ്പൈക്കേഴ്സ്; ജഴ്സിയും തീം സോങ്ങും പുറത്തിറക്കി

SHARE

കൊച്ചി∙ പ്രൊ വോളിബോൾ ലീഗിൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 2 മുതൽ അങ്കത്തിനിറങ്ങുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ജഴ്സിയും തീം സോങ്ങും പുറത്തിറക്കി. ടീം ഉടമകളായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ സാരഥികൾ തോമസ് മുത്തൂറ്റ്, തോമസ് ജോൺ മുത്തൂറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ കയ്യടികളുമായി വോളിബോൾ പ്രേമികളും മുത്തൂറ്റ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും പ്രൊ വോളി ലീഗ് പ്രവർത്തകരും നിരന്നു. ഒപ്പം പ്രൊ വോളി ലീഗ് സിഇഒ ജോയ് ഭട്ടാചാര്യയും.

‘‘കൊച്ചിക്കാരാണേയ്... കൊച്ചിക്കാരാണേയ്...’’ എന്ന ആവേശം നിറയ്ക്കുന്ന തീം സോങ് എഴുതിയത് പി.കെ. ഹരിനാരായണനാണ്. സംഗീതം ദീപക് ദേവ്. പാടിയതു മുരളി ഗോപി. വരികളിൽ തുടിക്കുന്ന ആവേശത്തിനൊപ്പം പാട്ടിന്റെ ദൃശ്യത്തി‍ൽ അഴിമുഖത്ത് അലയടിക്കുന്ന അറബിക്കടലിന്റെ നീലത്തിരകളുണ്ട്. പാട്ടിൽ മൂളുംപോലെ ചീനവലകളുടെ നീലിമയുണ്ട്. മട്ടാഞ്ചേരിയുടെയും ഫോർട്ട്കൊച്ചിയുടെയും മുഖങ്ങളും തെരുവുകളും നിറഭേദങ്ങളുമുണ്ട്. നഗരത്തിനുമീതെ തലയുയർത്തി നീങ്ങുന്ന മെട്രോയുണ്ട്. പറമ്പുവോളിയുണ്ട്. അതി‍ൽ  ഠിംഠിമെന്നു മുഴങ്ങുന്ന ലുങ്കിയുടുത്ത കളിക്കാരുടെ സ്മാഷുണ്ട്. അവരുടെ കൈകളിലെ, പന്തുതട്ടുമ്പോൾ മുഴച്ചുതെന്നുന്ന പേശികളുണ്ട്.

kochi-blue-spikers
പ്രൊ വോളി ലീഗിനു മുന്നോടിയായി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീം ജഴ്സി പുറത്തിറക്കിയപ്പോൾ. ടീം അംഗങ്ങൾ ടീം ഉടമകളയ തോമസ് മൂത്തുറ്റ് ജോൺ, തോമസ് മുത്തൂറ്റ്, പരിശീലകൻ ടി.സി. ജ്യോതിസ്, പിവിഎൽ സിഇഒ ജോയി ഭട്ടാചാര്യ എന്നിവരോടൊപ്പം.

പ്രൊ വോളി ലീഗ് കൊണ്ടുവരുന്ന പ്രഫഷനലിസം ഇന്ത്യയിലെ വോളിബോളിന്റെ ശൈലിതന്നെ മാറ്റുമെന്നു ബ്ലൂ സ്പൈക്കേഴ്സ് കോച്ച് ടി.സി. ജ്യോതിഷ് പറഞ്ഞു. കളി ആവേശകരമാകുമെന്നും അതിന്റെ ഫലപ്രാപ്തിക്കായി എല്ലാവരും കാണാൻ എത്തണമെന്നും ഇന്ത്യൻ നായകൻ കൂടിയായ എം. ഉഗ്രപാണ്ഡ്യൻ അഭ്യർഥിച്ചു. ഡേവിഡ് ലീയെപ്പോലുള്ള ഒളിംപിക് സ്വർണമെഡൽ ജേതാക്കൾ കൊച്ചി ടീമിന്റെ കുപ്പായം അണിയുമ്പോൾ അതിലേറെ ഉജ്വലനിമിഷങ്ങൾ വേറെ എവിടെ കിട്ടാനെന്നു മലയാളി താരം പി. രോഹിത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OTHER SPORTS
SHOW MORE
FROM ONMANORAMA