ADVERTISEMENT

ദേശീയ സീനിയർ സ്കൂൾ മീറ്റിലെ ആൺകുട്ടികളുടെ ചാംപ്യൻഷിപ് ഇന്നു തുടങ്ങും. 37 അംഗ കേരള ടീം ഗുജറാത്തിലെ നദിയാദിൽ തയാർ. മീറ്റിന്റെ ആദ്യദിനം ഹാമർത്രോ, ഹൈജംപ്, പോൾവോൾട്ട്, 5 കിലോമീറ്റർ നടത്തം എന്നിവയിൽ ഫൈനൽ നടക്കും. വേഗതാരത്തെ കണ്ടെത്താനുള്ള 100 മീറ്റർ മൽസരവും ഇന്നാണ്.

ട്രാക്കിൽ പ്രണയിച്ച്, പ്രണയിച്ച് പിറകേ നടക്കുന്നു. ഓടിയിട്ടാണേലും വേണ്ടില്ല, ചാടിയിട്ടാണേലും വേണ്ടില്ല, കടമ്പകളെത്ര മുന്നിലുണ്ടെങ്കിലും പ്രശ്നമില്ല, ദേശീയ സ്കൂൾ കിരീടത്തോട് കേരളം ഐ ലവ് യു പറഞ്ഞിരിക്കും. മറുപടി അനുകൂലമെങ്കിൽ പിന്നൊന്നും നോക്കില്ല, സ്നേഹ മുത്തം നൽകി സുന്ദരി ട്രോഫിയെ നാട്ടിലോട്ടങ്ങു കൊണ്ടുപോരും.
ദേശീയ സീനിയർ സ്കൂൾ കിരീടം ലക്ഷ്യമിട്ട് ഇന്നലെ വാലന്റൈൻസ് ദിനത്തിൽ നദിയാദിലെത്തിയ കേരളത്തിന്റെ ആൺകുട്ടികൾ ചുറുചുറുക്കോടെ ഇന്നു ട്രാക്കിലിറങ്ങും. ഇന്നു മുതൽ 17 വരെയാണ് ആൺകുട്ടികളുടെ ചാംപ്യൻഷിപ്. ഇതിലും വിജയം കരസ്ഥമാക്കിയാൽ സീനിയർ സ്കൂൾ അത്‌ലറ്റിക്സിലെ കുത്തക കേരളം നിലനിർത്തും. അനന്തു വിജയനാണ് കേരള ടീമിന്റെ ക്യാപ്റ്റൻ.

∙ സുഖ യാത്ര, നന്ദി

പൊതുവേ, ജനറൽ കംപാർട്മെന്റിൽ സീറ്റില്ലാ യാത്ര നടത്താറുള്ള കേരള താരങ്ങൾക്ക് ഇത്തവണ യാത്രാ തടസ്സങ്ങളൊന്നും ഉണ്ടായില്ല. മന്ത്രി ഇ.പി.ജയരാജൻ കൃത്യസമയത്ത് ഇടപെട്ട് സീറ്റ് ഉറപ്പിച്ചതിനാൽ പെൺകുട്ടികളുടെ ടീമിന്റെ യാത്രയും ആൺകുട്ടികളുടെ ടീമിന്റെ യാത്രയും പ്രയാസമേതുമില്ലാതെ നടന്നു.

∙ ടോമി ചെറിയാൻ  (കേരള ടീം പരിശീലകൻ)

‘‘അടുത്തകാലത്ത് കേരളത്തിൽനിന്നു പുറപ്പെട്ട ഏറ്റവും മികച്ച ആൺകുട്ടികളുടെ ടീമാണിത്. പരീശീലനക്കുറവും ചിലരുടെ പരുക്കുമാണ് ഇത്തവണ പ്രധാന വെല്ലുവിളി. ട്രാക്കിലും ഫീൽഡിലും ശക്തമായ ടീം കേരളത്തിനുണ്ട്.’’

∙ നാല്

ഈ ദേശീയ സീനിയർ സ്കൂൾ മീറ്റിൽ ആൺകുട്ടികളുടെ വിഭാഗത്തിലെ 4 റെക്കോർഡുകൾ മലയാളി താരങ്ങളുടെ പേരിലാണ്. 2006 ൽ 400 മീറ്ററിൽ കേരളത്തിന്റെ വി.ബി.ബിനീഷ് സ്ഥാപിച്ച റെക്കോർഡാണ്(47.90 സെക്കൻഡ്) ഇതിൽ ഏറ്റവും പഴക്കമുള്ളത്. എം. ശ്രീശങ്കർ ലോങ്ജംപിലും (7.57 മീറ്റർ– 2016), എസ്.

അശ്വിൻ പോൾവോൾട്ടിലും (4.61 മീറ്റർ– 2016) റെക്കോർഡുകാരാണ്. 4–100 മീറ്റർ റിലേയിലും റെക്കോർഡ് കേരളത്തിന്റെ പേരിൽ (41.60 സെക്കൻഡ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com