ADVERTISEMENT

ഗുവാഹത്തി∙ നാട്ടിലെ താരം സൈന തന്നെ! ദേശീയ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പി.വി സിന്ധുവിനെ തോൽപ്പിച്ച് സൈന നെഹ്‌വാളിനു കിരീടം. പുരുഷ വിഭാഗത്തിൽ സൗരഭ് വർമയ്ക്ക് ഹാട്രിക് കിരീടം. കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനമായ മൽസരത്തിലാണ് സിന്ധുവിനെതിരെ സൈനയുടെ ജയം. സ്കോർ: 21–18,21–15. പുരുഷ വിഭാഗത്തിൽ കൗമാരതാരം ലക്ഷ്യ സെന്നിനെ തോൽപിച്ച് സൗരഭ് വർമ ജേതാവായി (21–18,21–13) 

രാജ്യാന്തര മൽസരങ്ങളിൽ ഇടക്കാലത്ത് സിന്ധുവിന്റെ നിഴലിലായെങ്കിലും തന്റെ പോരാട്ടവീര്യത്തെ എഴുതിത്തള്ളരുതെന്ന് സൈന വീണ്ടും തെളിയിച്ചു. കഴിഞ്ഞ വർഷം സിന്ധുവിനെ തോൽപ്പിച്ചു നേടിയ ദേശീയ ബാഡ്മിന്റൻ കിരീടം ഇത്തവണ നേരിട്ടുള്ള സെറ്റുകളിൽ ജയിച്ച് സൈന നിലനിർത്തി. കഴിഞ്ഞ വർഷം കിരീടം ചൂടിയതിനു പിന്നാലെ കോമൺവെൽത്ത് ഗെയിംസിലും സിന്ധുവിനെ തോൽപ്പിച്ച് സൈന സ്വർണം നേടിയിരുന്നു. അതൊരു സൂചനയായി എടുക്കാമെങ്കിൽ ഈ വർഷം ഓൾ ഇംഗ്ലണ്ട് ഓപ്പൺ അടക്കമുള്ള രാജ്യാന്തര ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കു പ്രതീക്ഷകളേറെ. പുരുഷ വിഭാഗത്തിൽ 26കാരനായ സൗരഭ് വർമയുടേത് ഹാട്രിക് കിരീടമാണ്. പുരുഷ, വനിതാ സിംഗിൾസ് ജേതാക്കൾക്കുള്ള സമ്മാനത്തുക 3.25 ലക്ഷം രൂപ വീതമാണ്. റണ്ണർ അപ്പുകൾക്ക് 1.70 ലക്ഷം രൂപ വീതം. 

സൈന സ്മാഷിങ് 

ഉയരത്തിൽ സിന്ധുവിനുള്ള ആനുകൂല്യത്തെ കരുത്തുറ്റ സ്മാഷുകളിലൂടെയാണ് സൈന മറികടന്നത്. ആദ്യ സെറ്റിൽ സിന്ധു ലീഡോടെ തുടങ്ങിയെങ്കിലും സൈന 5–5ന് ഒപ്പമെത്തി. ഇടവേളയ്ക്കു പിരിയുമ്പോൾ 11–10നു മുന്നിലും. അതേ അനൂകൂല്യം അവസാനം വരെ തുടർന്ന സൈന 21–18ന് സെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിലും സിന്ധു താളം കണ്ടെത്താനാകാതെ കഷ്ടപ്പെട്ടു. സൈനയ്ക്കു വീണ്ടും 11–9 ലീഡ്. പിന്നീട് തുടരെ പോയിന്റുകൾ നേടി സൈന സെറ്റും മൽസരവും സ്വന്തമാക്കുമ്പോൾ കളി സമയം അര മണിക്കൂർ പിന്നിട്ടതേയുള്ളൂ. 

ലക്ഷ്യ വെയ്റ്റിങ് 

17–ാം വയസ്സിനുള്ളിൽ രണ്ടു വട്ടം ദേശീയ ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ഫൈനൽ കളിച്ചതിന്റെ അഭിമാനത്തോടെ ലക്ഷ്യ സെന്നിന് കൂടുതൽ‌ ഉയരങ്ങൾ സ്വപ്നം കാണാം. ഏഷ്യൻ ജൂനിയർ ചാംപ്യനായ ലക്ഷ്യയെ പരിചയസമ്പത്തിന്റെ മികവിലാണ് സൗരഭ് വർമ തോൽപ്പിച്ചത് (21–18,21–13). 2017ലെ ഫൈനലിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും സൗരഭിനായിരുന്നു വിജയം. സൗരഭിന്റെ തുടർച്ചയായ മൂന്നാം ദേശീയ കിരീട നേട്ടമാണിത്. പുരുഷ ഡബിൾസിൽ ടോപ് സീഡുകളായ അർജുൻ–ശ്ലോക് രാമചന്ദ്രൻ സഖ്യത്തെ തോൽപ്പിച്ച് രണ്ടാം സീഡ് പ്രണവ് ജെറി ചോപ്ര–ചിരാഗ് ഷെട്ടി സഖ്യം കിരീടം ചൂടി. മനു അത്രി–മനീഷ സഖ്യമാണ് മിക്സ്ഡ് ‍ഡബിൾസ് ജേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com