ADVERTISEMENT

ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ ആൺകുട്ടികളുടെ ചാംപ്യൻഷിപ്പിന്റെ രണ്ടാം ദിനം കേരളം (47 പോയിന്റ്) കർണാടകയെ (39) മറികടന്ന് ഒന്നാമതായി. ഉത്തർപ്രദേശ് (29) ആണ് മൂന്നാമത്. ഇന്നലെ 2 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. കിരീട ജേതാവിനെ ഇന്നറിയാം. കെ.ഫാദിഹ് (110 മീറ്റർ ഹർഡിൽസ്– സ്വർണം), ആദർശ് ഗോപി (1500 മീറ്റർ –സ്വർണം), അനന്തു വിജയൻ (400 മീറ്റർ– വെങ്കലം), കെ.എം.ശ്രീകാന്ത് (ലോങ് ജംപ്– വെങ്കലം) എന്നിവരാണ് കേരളത്തിനായി മെഡൽ നേടിയത്. 4–100 മീറ്റർ റിലേയിൽ കേരളം വെള്ളി നേടി. 

വലിഞ്ഞു മുറുകി വിറയ്ക്കുന്ന വടം പോലെയാണിപ്പോൾ ദേശീയ സീനിയർ സ്കൂൾ മീറ്റ്. കിരീടം നിലനിർത്താൻ ഒരുവശത്ത് കേരളം. കിരീടം പിടിച്ചു വാങ്ങാൻ മറുവശത്ത് കർണാടക. ഇഞ്ചോടിഞ്ച്, കട്ടയ്ക്കു കട്ട എന്ന നിലയിലാണ് ആൺകുട്ടികളുടെ ചാംപ്യൻഷിപ് പോരാട്ടം. ഒന്നാം ദിനത്തിൽ കർണാടക നേടിയ ഒരു പോയിന്റ് ലീഡ് രണ്ടാം ദിവസം കേരളം മറികടന്നു. പക്ഷേ, വെറും  8 പോയിന്റിന്റെ മുൻതൂക്കം മാത്രമേയുള്ളു. ഇഞ്ചിക്കഷണം വലിപ്പമുള്ള  മലയാളി താരങ്ങൾ മറ്റു സംസ്ഥാനത്തെ മല്ലന്മാരെ നെഞ്ചുവിരിച്ചു വെല്ലുവിളിക്കുകയായിരുന്നു ഇന്നലെ. അവസാന ഓവറിലെ 6 പന്തുകൾ പോലെ സീനിയർ സ്കൂൾ മീറ്റിന്റെ സമാപനദിനമായ ഇന്ന് 6  ഫൈനലുകൾ. 

മലയാളിക്കടമ്പ

110 മീറ്റർ ഹർഡിൽസിൽ പോരാട്ടം മലയാളികൾ തമ്മിലായിരുന്നു. കടമ്പകൾ ചാടിക്കടന്ന് മത്സരം ഫിനിഷിങ് ലൈൻ തൊട്ടപ്പോൾ കേരളത്തിന്റെ കെ.ഫാദിഹ് സ്വർണം (14.57 സെക്കൻഡ്) നേടി. കർണാടകയുടെ മലയാളി താരം പി.ജെ.ദയാനന്ദ് ജോൺ ആണ് വെള്ളി (14.65 സെക്കൻഡ്) നേടിയത്. കോഴിക്കോട് മാനാഞ്ചിറ മോഡൽ എച്ച്എസ്എസിൽ പ്ലസ്ടു വിദ്യാർഥിയാണ് ഫാദിഹ്. കോഴിക്കോട് സായിയിൽ പരിശീലനം. ഫാദിഹിന്റെ ആദ്യ ദേശീയ സ്വർണം കൂടിയാണിത്.

1500 മീറ്ററിന്റെ അവസാന ലാപ്പിൽ രണ്ടാംസ്ഥാനക്കാരനെ തിരിഞ്ഞുനോക്കി തിരിഞ്ഞു നോക്കിയാണ് ആദർശ് ഗോപി ഓടിയത്. ആദർശ്  തന്നെ സ്വർണം (3.57 മിനിറ്റ്) നേടി. ചിക്കൻപോക്സ് ഭേദമായി ദിവസങ്ങൾക്കകമാണ് ആദർശ് ഗോപി ഈ മത്സരത്തിൽ കേരളത്തിനായി ഇറങ്ങിയത്. കോതമംഗലം മാർബേസിൽ പ്ലസ്ടുവിനു പഠിക്കുന്ന ആദർശ്ഗോപി കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിയാണ്. 

സ്വർണം പ്രതീക്ഷിച്ചിറങ്ങിയ 4–100 മീറ്റർ റിലേയിൽ കേരളത്തിനു വെള്ളി (42.76 സെക്കൻഡ്) കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. കെ.വി.ദീപക്, എ.സി.അരുൺ, വി.എൻ. മെഹ്ദി നൂറുദ്ദീൻ, കെ.ബിജിത്ത് എന്നിവരാണ് ഓടിയത്. 

ക്യാപ്റ്റൻ കൂൾ

ഓരോ പോയിന്റും നിർണായകമായ രണ്ടാം ദിനം കേരളത്തിന്റെ ക്യാപ്റ്റൻ അനന്തു വിജയൻ രക്ഷയ്ക്കെത്തി. 400 മീറ്റർ ഹർഡിൽസിൽ മാത്രം മത്സരിക്കാം എന്നു വിചാരിച്ചാണ് അനന്തു വിജയൻ നദിയാദിലെത്തിയത്. കർണാടകയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ 400 മീറ്ററിലും മത്സരിക്കാനിറങ്ങുകയായിരുന്നു. തന്റെ ഏറ്റവും മികച്ചപ്രകടനത്തോടെ (48.89 സെക്കൻഡ്) വെങ്കല മെഡൽ സ്വന്തമാക്കുകയും ചെയ്തു. പത്തനംതിട്ട ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്എസ്എസിൽ പ്ലസ് ടു വിദ്യാർഥിയാണ്. അനീഷാണ് പരിശീലകൻ

എടുത്തുചാട്ടം, മെഡൽനേട്ടം

ഒന്നും നോക്കാനില്ലാത്ത അവസാനചാട്ടത്തിൽ രണ്ടും കൽപിച്ചു ചാടി കെ.എം.ശ്രീകാന്ത് കേരളത്തിനായി നേടിയത് വിലപ്പെട്ട വെങ്കല മെഡൽ. ലോങ്ജംപിൽ 7.20 മീറ്റർ ചാടിയാണ് മാതിരപ്പിള്ളി വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിയായ ശ്രീകാന്ത് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ മെഡലുറപ്പിച്ചത്. ശ്രീകാന്ത് തന്റെ കരിയറിൽ കുറിച്ച ഏറ്റവും മികച്ച ദൂരം കൂടിയാണിത്. കോട്ടയം ചങ്ങനാശേരി തെങ്ങണ സ്വദേശി കെ.മനോജ്, ശ്രീലേഖ ദമ്പതികളുടെ മകനാണ്. ടി.പി.ഔസേപ്പ് ആണ് പരിശീലകൻ.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com