ADVERTISEMENT

ഗുജറാത്തിൽ നടപ്പാക്കിയ ഖേൽ മഹാ കുംഭ് എന്ന പദ്ധതിയാണ് പിന്നീട് ഖേലോ ഇന്ത്യയായി മാറിയത്. ഏറ്റവും ചെറിയ പ്രായത്തിൽത്തന്നെ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുകയാണു ചെയ്യുന്നത്. താലൂക്ക് തലം മുതൽ സംസ്ഥാനതലം വരെ 9 മുതൽ 12 വയസ്സുവരെയുള്ളവർക്കായി മൽസരങ്ങൾ. താലൂക്ക് തലത്തിൽ ആദ്യ 3 സ്ഥാനങ്ങളിലെത്തുന്നവർക്ക് 1500 രൂപ, 1000, 750 രൂപ എന്നിങ്ങനെ സമ്മാനത്തുക. ജില്ലാതലത്തിൽ ഇത് 5000, 3000, 2000 രൂപ. സംസ്ഥാന തലത്തിലെത്തുമ്പോൾ തുക 10000, 5000, 3000 രൂപ. 40 കോടി രൂപയാണ് ഖേൽ മഹാകുംഭിനായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. 

ശക്തിദൂത്

ഗുജറാത്ത് നടപ്പാക്കുന്ന എലീറ്റ് അത്‌ലറ്റിക് പ്രോഗ്രാമാണ് ശക്തിദൂത്. ഈ പദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 5 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയാണ് നൽകുന്നത്. പ്രകടനത്തിന് അനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കിത്തിരിച്ചാണ്  തുക അനുവദിക്കുക. 

സ്പോർട്സ് കോംപ്ലക്സുകൾ

ഗുജറാത്തിലെ അത്‌ലറ്റികിസിനായുള്ള പ്രധാന സ്പോർട്സ് കോംപ്ലക്സ് നദിയാദിലാണ്. 38 ഏക്കറിൽ സകല സൗകര്യങ്ങളുമുള്ള ഗംഭീരൻ സമുച്ചയം. ഗുജറാത്തിന്റെ ട്രാക്ക് റെക്കോർഡുകൾ പിറക്കുന്നത് ഇവിടെനിന്നാണ്. 

ഇന്ത്യയിലെ ആദ്യ ഹൈ പെർഫോമൻസ് ട്രെയിനിങ് സെന്ററിന്റെ നിർമാണമാണ് ഇവിടത്തെ ഏറ്റവും പുതിയ കാഴ്ച. 7 നില കെട്ടിടം. സ്വിമ്മിങ് പൂൾ മുതൽ 3 കോടി രൂപയുടെ ജിം വരെ അതിനകത്ത് ഒരുങ്ങുന്നു.

മലയാളിച്ചിറകിൽ ഗുജറാത്ത്

നദിയാദ്∙ ഗുജറാത്ത് തങ്ങളുടെ കായിക കുതിപ്പിനു നന്ദി പറയുന്നത് ഒരു മലയാളിയോടാണ്. കോട്ടയം പൂഞ്ഞാർ സ്വദേശി കെ.എസ്.അജിമോനോട്. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ഗുജറാത്തിന്റെ അത്‌ലറ്റിക്സ് രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ അജിമോൻ കൊണ്ടുവന്നു. നദിയാദിലെ സ്പോർട്സ് കോംപ്ലക്സിന്റെ പ്രധാന ചുമതലക്കാരനും അത്‌ലറ്റിക്സിന്റെ ചീഫ് കോച്ചുമാണിപ്പോൾ അജിമോൻ. പുണെയിൽ ആർമി സ്‌പോർട്‌സ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ (എഎസ്‌ഐ) ചീഫ് കോച്ചായിരുന്നു അജിമോൻ.  2 വർഷങ്ങൾക്കുള്ളിൽ ഏഷ്യൻ ഗെയിംസിലെ ഗുജറാത്തിന്റെ ആദ്യ സ്വർണ മെഡൽ ജേതാവ് സരിത ഗെയ്ക്ക്‌വാദിനെ രാജ്യത്തിനു സമ്മാനിച്ച് അജിമോൻ കടം വീട്ടി.

ക്യാപ്റ്റന്റെ ട്രാക്ക്

പൂഞ്ഞാർ കൊടക്കനാൽ വീട്ടിൽ പരേതനായ ശേഖരന്റെയും ദേവകിയുടെയും മകനായ കെ.എസ്.അജിമോൻ 17–ാം വയസ്സിലാണു പട്ടാളത്തിൽ ചേരുന്നത്.  പിന്നീട് 10 വർഷം തുടർച്ചയായി 110 മീറ്റർ ഹർഡിൽസിൽ സർവീസസിന്റെ ചാംപ്യൻ. പട്ടാളത്തിൽനിന്നു വിരമിച്ചതു ക്യാപ്റ്റനായിട്ടാണ്. 

അക്കാദമി സ്വപ്നം

 30 വർഷം മറ്റു സംസ്ഥാനങ്ങളിൽ ജീവിച്ച അജിമോൻ ഇനി നാട്ടിലെത്താനുള്ള തയാറെടുപ്പിലാണ്. പാലായിൽ ഒരു അത്‌ലറ്റിക്സ് അക്കാദമി തുടങ്ങുകയെന്നതാണു സ്വപ്നം. സ്കൂൾ കുട്ടികൾക്കു മാത്രമായിട്ടുള്ള അക്കാദമി. അതേസമയം, സ്കൂളുകൾ തമ്മിലുള്ള മൽസരപ്പോരാട്ടത്തിലേക്ക് എന്തായാലും വരാൻ ഉദ്ദേശ്യമില്ലതാനും. കോച്ചിങ് അക്കാദമിക്കു  പറ്റിയ സൗകര്യം ഒരുക്കിത്തന്നാൽ മാത്രം മതി– അജിമോൻ പറയുന്നു. ഇനി ഇടപെടേണ്ടത് സർക്കാരും  ജനപ്രതിനിധികളുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com