ADVERTISEMENT

കാലിക്കറ്റിന്റെ ചെമ്പടയും ചെന്നൈയുടെ മഞ്ഞപ്പടയും ഇന്ന് ഉറ്റുനോക്കുന്നതു മലയാളികളുടെ പ്രകടനം. വിദേശതാരങ്ങൾ ടീമിനെ പ്രതിസന്ധികളിൽ കരകയറ്റാറുണ്ടെങ്കിലും മലയാളികൾ തിളങ്ങിയാൽ ടീം മിന്നും, തളർന്നാൽ മങ്ങും. കാലിക്കറ്റിലെ മലയാളി സാന്നിധ്യം ഇവരാണ്: ക്യാപ്റ്റൻ ജെറോം വിനീത്, ഹൈഡ്രജൻ ബോയ് എന്നറിയപ്പെടുന്ന ആക്രമണകാരി സി. അജിത് ലാൽ, ലിബെറോ സി.കെ. രതീഷ് എന്ന പഴയ പടക്കുതിര, ജിത്തു തോമസ്, എൽ.എം. മനോജ്. ചെന്നൈ ആശ്രയിക്കുന്നത് ഈ മലയാളികളെ: ആക്രമണത്തിൽ വിബിൻ എം. ജോർജ്, ബ്ലോക്കർ ജി.എസ്. അഖിൻ, പരിചയസമ്പന്നനായ സെറ്റർ കെ.ജെ. കപിൽദേവ്.

പോയിന്റുകൾ വാരി

ലീഗിൽ ഇതുവരെ ഏറ്റവുമധികം പോയിന്റുകൾ നേടിയതു ഹീറോസ്. 404. ചെന്നൈ 390 പോയിന്റ് നേടി. ജെറോം വിനീതും (66) അജിത് ലാലും (65) പോയിന്റുകൾ വാരിയെന്നതു പരിഗണിക്കുമ്പോൾ ഇന്നും അത്തരം പ്രകടനം ചെമ്പട പ്രതീക്ഷിക്കും.

സൂപ്പർ പോയിന്റ്

ലീഗിലെ പുതുമകളിലൊന്നായ സൂപ്പർ പോയിന്റ് വിളിക്കുകയും അത് അടിച്ചെടുക്കുകയും ചെയ്യുന്നതിൽ വീരൻമാരാണു ചെന്നൈ. 27 പോയിന്റ് അവർ കീശയിലാക്കിയിട്ടുണ്ട്. അതിലൂടെ പല സെറ്റുകളും അവരുടെ വഴിക്കുവന്നു. ഇന്നു കാലിക്കറ്റ് ആരാധകർ ആശങ്കയോടെ കാണുന്ന കാര്യം അതാവും. പക്ഷേ ലീഗ് ഘട്ടത്തിൽ ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ കാലിക്കറ്റിന് 4–1 വിജയം ആയിരുന്നു. എന്നാൽ, അന്നത്തെ ടീമല്ല ഇന്നത്തെ ചെന്നൈ എന്നത് ചെമ്പടയ്ക്കും അറിയാം. 

സൂപ്പർ സർവ്

കനത്ത സർവുകളുടെ ആശാൻമാരാണു ഹീറോസ്. ജെറോം, എ. കാർത്തിക്, പോൾ ലോട്മാൻ, നവീൻ, അജിത് ലാൽ തുടങ്ങിയവരാണു മുഖ്യ ആയുധം. ഇതിൽ കാർത്തിക്കും ജെറോമുമാണു കൂടുതൽ പോയിന്റുകൾ നേടുന്നത്. ഈ സർവുകളാണു ചെമ്പടയുടെ ആദ്യആക്രമണം. ‘ഫസ്റ്റ് പാസ്’ താളം തെറ്റിക്കുക, എതിരാളികളെ ഞെട്ടിക്കുക എന്നതാവും തന്ത്രം. 

മറുവശത്ത് തമിഴ്നാട് താരം നവീൻ രാജ ജേക്കബ്, വിദേശതാരം റൂഡി വെർഹോഫ് എന്നിവരുണ്ട് കിടിലൻ സർവുകാരായി. നവീൻ കൃത്യത കൈവരിച്ചാൽ കാലിക്കറ്റിനു വെല്ലുവിളിയാവും. 

അജിത് ലാലിന്റെ ഫസ്റ്റ് പാസുകൾ ദുർബലമാണെന്ന് ചെന്നൈയ്ക്ക് അറിയാം. അജിത്തിനു നേർക്കുവരുന്ന പന്തുകൾ ഹീറോസ് എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് അറിയാനുള്ളത്. ഫൈനലിനു മുൻപ് വനിതകളുടെ മൽസരം 5ന്. യെലോ, ബ്ലൂ ഓൾ സ്റ്റാർസ് ടീമുകളാണു കളത്തിൽ. അലക്സ ചിത്ര സ്ട്രേഞ്ച് ബ്ലൂ ടീമിലും മരീന സ്വെറ്റ്നോവ മഞ്ഞ ടീമിലും നിരക്കും.

സൂപ്പർ പോയിന്റ് എന്നാൽ

ഒറ്റ സർവിൽ 2 പോയിന്റ് നേടാൻ അവസരം. എതിർ ടീം സർവ് ചെയ്യുമ്പോഴാണു പൊതുവേ സൂപ്പർ പോയിന്റ് വിളിക്കുന്നത്. സൂപ്പർ പോയിന്റ് എന്നു ചുവപ്പ് അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ പ്ലക്കാർഡ് കോച്ച് ഉയർത്തിക്കാണിക്കും. അന്നേരം ഹൂട്ടർ മുഴങ്ങും. മുഖ്യറഫറി ഒരു കൈ നീട്ടി ‘ക്ലോക് വൈസ്’ ആയി മൂന്നു തവണ കറക്കും. ഏതു ടീമാണോ സൂപ്പർ പോയിന്റ് വിളിച്ചത്, അവരുടെ കോർട്ടിലേക്കു ചൂണ്ടി കറക്കം അവസാനിപ്പിക്കും. ഏതു ടീം സൂപ്പർ പോയിന്റ് വിളിച്ചാലും ഫിനിഷ് ചെയ്യുന്ന ടീമിന് ഒറ്റയടിക്കു 2 പോയിന്റ് ലഭിക്കും. സാധാരണ 2 പോയിന്റിനോ അതിലേറെയോ പിന്നിലാകുന്ന ടീമാണു സൂപ്പർ പോയിന്റ് വിളിക്കുക. ഒരു ടീമിന് സെറ്റിൽ ഒരു തവണ സൂപ്പർ പോയിന്റ് വിളിക്കാം. ഏതെങ്കിലുമൊരു ടീം 11 പോയിന്റ് കടക്കുന്നതിനു മുൻപു വിളിക്കണം. അതിനുശേഷം വിളിക്കാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com