ADVERTISEMENT

സംഗ്‌രൂർ (പഞ്ചാബ്) ∙ ഇന്ത്യൻ ഗ്രാൻപ്രീ അത്‍ലറ്റിക്സ് മൂന്നാം പാദത്തിൽ മലയാളി താരങ്ങളുടെ അട്ടിമറിഗാഥ. വനിതകളുടെ 400 മീറ്ററിൽ വി.കെ. വിസ്മയയും പുരുഷന്മാരുടെ 800 മീറ്ററിൽ പി.മുഹമ്മദ് അഫ്സലും എതിരാളികളെ ഞെട്ടിച്ചു. എം. ശ്രീശങ്കർ ലോങ്ജംപിൽ സ്വർണം നേടി. വൈ. മുഹമ്മദ് അനസ്, ജിസ്ന മാത്യു എന്നിവരും മെഡൽ നേടി. 

എം. ആർ. പൂവമ്മയെയും ഹിമ ദാസിനെയും അട്ടിമറിച്ചാണു കണ്ണൂരുകാരി വി. കെ. വിസ്മയ 400ൽ ആദ്യമെത്തിയത്. 53. 80 സെക്കൻഡിലാണ്  വിസ്മയയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം. 54.06 സെക്കൻഡിൽ പൂവമ്മ വെള്ളിയും 54.49 സെക്കൻഡിൽ എസ്. പ്രാചി വെങ്കലവും നേടി. ദേശീയ റെക്കോർഡുകാരിയായ ഹിമ 55.19 സെക്കൻഡിൽ പിന്നിലായി. 

സീസണിൽ ഹിമയുടെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. പട്യാലയിൽ 23നു നടന്ന ഒന്നാം പാദത്തിലും വിസ്മയ സ്വർണം നേടിയിരുന്നു. 

പുരുഷന്മാരുടെ 800ൽ ഏഷ്യൻ ഗെയിംസ് സ്വർണ ജേതാവ് മഞ്ജീത് സിങ്ങിനെ മറികടന്നാണു പാലക്കാട്ടുകാരൻ അഫ്സൽ ഒന്നാമനായത്. (ഒരു മിനിറ്റ് 49.48 സെക്കൻഡ്). മഞ്ജീത്– ഒരു മിനിറ്റ് 49.82 സെക്കൻഡ്. 

പുരുഷ ലോങ്ജംപിൽ 7.74 മീറ്റർ ചാടിയാണ് എം. ശ്രീശങ്കർ സ്വർണം നേടിയത്. തമിഴ്നാട്ടുകാരൻ ആരോക്യ രാജീവാണു 400 മീറ്ററിൽ ദേശീയ റെക്കോർഡുകാരൻ അനസിനെ മറികടന്ന് ഒന്നാമനായത്. ഈ സീസണിൽ 400ൽനിന്ന് 800 മീറ്ററിലേക്കു ട്രാക്ക് മാറിയ ജിസ്ന മാത്യു ഇന്നലെ വെങ്കലത്തിലൊതുങ്ങി. ആദ്യപാദത്തിൽ ജിസ്ന സ്വർണം നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com