ADVERTISEMENT

ലോകം കണ്ട ഏറ്റവും മികച്ച ഫോർമുല വൺ ഡ്രൈവർമാരിലൊരാളായ ബ്രസീലിന്റെ അയർട്ടൻ സെന്ന വിടവാങ്ങിയിട്ട് ഇന്ന് 25 വർഷം. 1994 മേയ് 1ന് ഇറ്റലിയിലെ ഇമോളയിൽ സാൻ മറീനോ ഗ്രാൻപ്രി മൽസരത്തിനിടയിലുണ്ടായ അപകടത്തിലാണ് സെന്ന റേസിങ് ട്രാക്കിൽ മരണത്തിന് കീഴടങ്ങിയത്. മൂന്നു തവണ ലോകചാംപ്യനും 41 റേസുകളിൽ ജേതാവുമായിരുന്ന സെന്ന റേസിങ് രംഗത്ത് തിളങ്ങി നിൽക്കുമ്പോഴായിരുന്നു മരണം. മൽസരത്തിന്റെ ഏഴാം ലാപ്പിൽ വില്യംസ്–റെനോ കാറിൽ 180 മൈൽ വേഗത്തിൽ ഒന്നാമതായി കുതിക്കുമ്പോൾ സെന്നയുടെ കാർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. വളവെടുക്കുമ്പോൾ തിരിയാതെ നേരെ പോയി ഇടിച്ചു തകരുകയായിരുന്നു അദ്ദേഹത്തിന്റെ കാർ. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ബോളോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടീം വില്യംസിനുവേണ്ടിയായിരുന്നു സെന്നയുടെ അവസാന മൽസരം.

സെന്നയുടെ അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പിന്നീട് വിവാദങ്ങൾ ഏറെയുയർന്നു. സ്‌റ്റിയറിങ് കോളത്തിന്റെ തകരാറാണ് അപകടകാരണം എന്ന വാദം ഏറെ വിവാദമുയർത്തി. ഈ നിഗമനത്തിനെതിരെ റെനോ കമ്പനി ഉടമകൾ രംഗത്തെത്തി. 2007 ഏപ്രിൽ 13 ന് കോടതിയുടെ വിധിയും ഇത് ശരിയാണെന്ന് ചൂണ്ടിക്കാട്ടുന്ന രീതിയിലായിരുന്നു. മോശം ഡിസൈനും മെച്ചപ്പെട്ട പുനഃരൂപീകരണത്തിന്റെ അഭാവവുമാണ് സ്‌റ്റിയറിങ് കോളത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതെന്ന് കോടതി പ്രസ്‌താവിച്ചു. കാറിന്റെ പുറംകവചത്തിന് കനം കുറവായിരുന്നു എന്നും ഒരു വാദമുണ്ട്. സെന്നയ്‌ക്കുണ്ടായ മാനസികസമ്മർദമാണ് അപകടത്തിനു വഴിവെച്ചതെന്നു പറഞ്ഞുകേട്ടിരുന്നെങ്കിലും അതിനെയൊക്കെ അതിജീവിക്കാനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് റേസിങ് ലോകം വിശ്വസിച്ചു. അപകടത്തിനു തൊട്ടുമുൻപ് എടുത്ത ചിത്രങ്ങളിൽനിന്ന്, ട്രാക്ക് വൃത്തിയാക്കാതെ കിടന്നത് വ്യക്തമാണെന്നും അതാണ് പ്രശ്‌നമായതെന്നും ഒരു പക്ഷമുണ്ട്. ഇതൊരു കൊലപാതകമാണെന്നു പോലും അന്ന് വാർത്തയുണ്ടായിരുന്നു. സെന്നയുടെ ടീം ലീഡർ ഫ്രാങ്ക് വില്യംസ്, ടെക്‌നിക്കൽ ഡയറക്‌ടർ പാട്രിക് ഹെഡ്, ചീഫ് ഡിസൈനർ അഡ്രിയാൻ ന്യൂവേ എന്നിവർക്കെതിരെ നരഹത്യക്ക് കേസ് എടുത്തിരുന്നു. ഇവരുൾപ്പെടെ ആറു പേരെ പിന്നീട് കോടതി വെറുതെവിട്ടു.

രാജ്യം കണ്ട ഏറ്റവും വലിയ വിടവാങ്ങലാണ് ബ്രസീൽ സെന്നയ്‌ക്കു നൽകിയത്. ദേശീയ ബഹുമതികളോടെയായിരുന്നു അന്ത്യയാത്ര. അദ്ദേഹത്തിന്റെ മുഖമൊന്നുകാണാൻ ലക്ഷങ്ങൾ തടിച്ചുകൂടി. ബ്രസീൽ മൂന്നു ദിവസമാണ് ഔദ്യോഗികമായി ദുഃഖം ആചരിച്ചത്.

∙ സെന്ന: വേഗത്തിന്റെ പര്യായം

1960 മാർച്ച് 21ന് ജനിച്ച അയർട്ടൻ സെന്ന ഡ സിൽവയെ നന്നേ ചെറുപ്പത്തിൽത്തന്നെ റേസിങ് ആകർഷിച്ചിരുന്നു. സമ്പന്ന കുടുംബത്തിൽ പിറന്ന സെന്നയെ പ്രോൽസാഹിപ്പിക്കാൻ പിതാവ് മിൽട്ടൻ ഡ സിൽവ മടിച്ചില്ല. റേസിങ്ങിൽ മകനുവേണ്ടി എത്ര പണം ചെലവാക്കാനും അദ്ദേഹത്തിനു താൽപര്യമായിരുന്നു. 13–ാം വയസ്സിൽ ബ്രസീലിലെ ഇന്റർലാഗോസ് സർക്യൂട്ടിൽ വിജയം നേടിയതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.

ayrton-senna-7

കാറോട്ടചരിത്രത്തിലെ ഏറ്റവും മികച്ച ഡ്രൈവറായി വിശേഷിപ്പിക്കപ്പെട്ട സെന്നയുടെ ജീവിതം തന്നെ റേസിങ്ങിനായി സമർപ്പിച്ചതാണ്. 1984ൽത്തന്നെ എഫ്–1 റേസിങ് രംഗത്തെത്തി. ടോൾമാനുവേണ്ടിയാണ് ആദ്യമായി മൽസരിച്ചത്. മക‍‌്ലാരന്റെ ഡ്രൈവറായിരിക്കെ 88, 90, 91 വർഷങ്ങളിൽ ലോകചാംപ്യൻ. ടോൾമാൻ, ലോട്ടസ്, മക‌്‍ലാരൻ, വില്യംസ് എന്നീ ടീമുകൾക്കായി അദ്ദേഹം വളയം പിടിച്ചു. ആകെ 162 റേസുകൾ (ഇതിൽ 161 സ്‌റ്റാർട്ടുകൾ), 41 ജയങ്ങൾ, 80 തവണ പോഡിയത്തിൽ സ്‌ഥാനം, 65 പോൾ പൊസിഷനുകൾ. വെറും പത്തു വർഷത്തിനിടയിൽ അദ്ദേഹം കുറിച്ച നേട്ടങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.

അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന, ഏറ്റവും കൂടുതൽ പോൾ പൊസിഷൻ എന്ന റെക്കോർഡ് 2006ൽ മാത്രമാണ് തകർന്നത്. ആ റെക്കോർഡ് മറികടന്നതാവട്ടെ, മറ്റൊരു റേസിങ് ഇതിഹാസമായ മൈക്കൽ ഷൂമാക്കറാണ് എന്നത് യാദൃച്ഛികം.

∙ സെന്ന: ധീരനായ പോരാളി

സർക്യൂട്ടിൽ വെല്ലുവിളികളെ നേരിടുന്നത് സെന്നയ്‌ക്ക് എന്നും ഹരമായിരുന്നു. അപകടകരമായ രീതിയിൽ കാറോടിക്കുന്നത് സെന്ന ഇഷ്‌ടപ്പെട്ടു. മൽസരത്തിലെ ആധിപത്യം നിലനിർത്താൻ കാർ മനഃപൂർവം കൂട്ടിയിടിപ്പിക്കാൻ സെന്നയ്‌ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. 1989ലെ ജാപ്പനീസ് ഗ്രാൻ പ്രിയിൽ എതിരാളി അലൻ പ്രോസ്‌റ്റിന്റെ കാറുമായി കൂട്ടിയിടിച്ചതിന്റെ പേരിൽ സെന്നയെ അയോഗ്യനാക്കി.

ayrton-senna-6

1990ൽ ഇതേ വേദിയിൽ പ്രോസ്‌റ്റിന്റെ കാറുമായി വീണ്ടും കൂട്ടിയിടി. പക്ഷേ ഇക്കുറി ലോകചാംപ്യൻഷിപ്പ് അദ്ദേഹം തിരിച്ചുപിടിച്ചു. വൻ അപകടങ്ങളിൽനിന്ന് സെന്ന രക്ഷപെട്ടത് രണ്ടു തവണ. 1991ൽ മെക്‌സിക്കോയിലും ജർമനിയിലും സെന്ന രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമായിരുന്നു. കോടികളാണ് സെന്ന കായികരംഗത്തുനിന്ന് സമ്പാദിച്ചത്.

∙ സെന്ന എന്ന മനുഷ്യസ്നേഹി

കായികതാരം എന്നതിലുപരി മനുഷ്യസ്‌നേഹിയും ദൈവഭക്‌തനുമായ വ്യക്‌തി എന്ന നിലയിലാവും ബ്രസീൽ സെന്നയെ ഓർക്കുക. ബ്രസീലിലെ പട്ടിണി സെന്നയ്‌ക്ക് എന്നും വേദനയായിരുന്നു. പാവപ്പെട്ട കുട്ടികൾക്കായി അദ്ദേഹം ഏറെ പണം ചെലവാക്കി. പെലെയ്‌ക്കുശേഷം ബ്രസിൽ ലോകത്തിനു സമ്മാനിച്ച ഏറ്റവും വലിയ കായികതാരമായിരുന്നു സെന്ന.

ayrton-senna-2

1994ൽ ബ്രസീൽ ഫുട്‌ബോൾ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ആ വിജയം ടീം ഒന്നടങ്കം സമർപ്പിച്ചത് തങ്ങളുടെ പ്രിയപ്പെട്ട സെന്നയ്‌ക്കായിരുന്നു. സെന്നയുടെ ജീവൻ കവർന്നെടുത്ത സാൻ മറീനോ സർക്യൂട്ടിലെ വളവിനടുത്ത് അദ്ദേഹത്തിന്റെ ഒരു വെങ്കല പ്രതിമ സ്‌ഥാപിച്ചിട്ടുണ്ട്.

∙ സെന്നയ്‌ക്ക് മുൻപെ പറന്നുപോയവർ

എഫ്–1 റേസിങ് ലോകത്ത് ജീവൻ നഷ്‌ടപ്പെടുത്തിയവർ ഇനിയുമുണ്ട്. 1970ലെ ലോകചാംപ്യനായ ലോട്ടസിന്റെ ജോഷൻ റിൻഡ് അക്കൊല്ലം നടന്ന ഇറ്റാലിയൻ ഗ്രാൻപ്രിയുടെ പരിശീലനത്തിനിടയ്ക്കാണ് മരിച്ചത്. നേരത്തെതന്നെ അഞ്ച് റേസുകളിൽ ജേതാവായിരുന്ന റിൻഡാണ് അക്കൊല്ലം പോയിന്റ് പട്ടികയിലും ഒന്നാമതെത്തിയത്. മരണാനന്തരം ചാംപ്യൻഷിപ്പ് നേടിയ ഏക ഡ്രൈവറും അദ്ദേഹമാണ്

ayrton-senna-1

2014ല്‍ സുസുക്കയില്‍ ജാപ്പനീസ് ഗ്രാൻപ്രിയില്‍ കാര്‍ തകര്‍ന്ന് അബോധാവസ്ഥയിലായ മറൂസിയ ടീമിന്റെ ജൂള്‍സ് ബിയാങ്കി (25) ഒൻപതു മാസത്തിനുശേഷമാണ് വിട പറഞ്ഞത്.

സെന്നയ്‌ക്ക് അപകടം നേരിടുന്നതിന്റെ തലേന്ന് മറ്റൊരു റേസിങ് താരത്തെ മരണം കവർന്നെടുത്തിരുന്നു; അതും അതേ വേദിയിൽ. സാൻ മറീനോ ഗ്രാൻ പ്രിയുടെ യോഗ്യതാനിർണയറൗണ്ടിലായിരുന്നു ഈ അപകടം. ഓസ്‌ട്രിയയുടെ റോളാണ്ട് റാറ്റ്‌സെൻബെർഗർ ആണ് ദാരുണാന്ത്യത്തിന് ഇരയായത്. ടീം സിന്റയ്‌ക്കിനുവേണ്ടിയാണ് അദ്ദേഹം അന്ന് വളയം പിടിച്ചത്.

ayrton-senna-3

∙ 1960ൽ ക്രിസ് ബ്രിസ്‌റ്റൊ, അലൻ സ്‌റ്റെസി (ഇരുവരും ബൽജിയൻ ഗ്രാൻപ്രിയിൽ), 61ൽ വൂൾഫ് ഗാംഗ് (വോൺട്രിപ്പ്‌സ്), 64ൽ കാറൽ ഡി ബിഫോർട്ട് (ഇറ്റാലിയൻ), 66ൽ ജോൺ ടെയ്‌ലർ (ജർമൻ), 67ൽ ലൊറെൻസോ ബാൻഡിനി (മൊണ്ടി കാർലോ), 78ൽ റോണി പീറ്റേഴ്‌സൺ (ഇറ്റാലിയൻ), 82ൽ ഗില്ലസ് വില്ലെനെവു (ബൽജിയൻ) തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.

ഫോർമുല–1 നു പുറത്ത് അപകടത്തിൽ മരിച്ച മറ്റു ചിലരുണ്ട്– 2000ൽ മരിച്ച ജോൺ ഡോസൻ ഡാമറും 2002ൽ ഫ്രിറ്റ്‌സ് ഗ്ലാറ്റ്‌സും വിധിക്ക് കീഴടങ്ങി.

∙ വീണ്ടും സാൻ മറീനോ

വീണ്ടുമൊരിക്കൽക്കൂടി സാൻ മറീനോ വില്ലനായി. അയർട്ടൻ സെന്നയും റോളാണ്ട് റാറ്റ്‌സെൻബെർഗറും ജീവൻ വെടിഞ്ഞത് എഫ്–1 ട്രാക്കിലായിരുന്നെങ്കിൽ മറ്റൊരു താരത്തിന് ജീവൻ നഷ്‌ടപ്പെട്ടത് മോട്ടോ–2 ലോക ചാംപ്യൻഷിപ്പിനിടയിലാണ്; 2010 സെപ്‌റ്റംബറിൽ. സാൻ മറീനോ റേസ് ട്രാക്കിൽ മോട്ടോ 2 ലോക ചാംപ്യൻഷിപ്പ് മോട്ടർ ബൈക്ക് റേസിനിടയിൽ ട്രാക്കിൽ തലയടിച്ചു വീണ ജാപ്പനീസ് റൈഡർ ഷോയാ തമിസാവ (19) മരണത്തിനു കീഴടങ്ങുകയായിരുന്നു.

ayrton-senna-9

2011 ഒക്‌ടോബർ 16ന് ലാസ് വെഗാസ് 300 ഇൻഡി കാർ സീരീസിന്റെ ഫൈനലിലുണ്ടായ അപകടത്തിലാണ് ഇംഗ്ലീഷ് താരം ഡാൻ വെൽഡൻ (33) മരിച്ചത്. ഇന്ത്യാന പൊലിസ് 500 കാർ റേസിൽ രണ്ടു വട്ടം ചാംപ്യനായിരുന്നു വെൽഡൻ. 2.4 കിലോമീറ്റർ ദൈർഘ്യമുള്ള ലാസ് വെഗാസ് സർക്യൂട്ടിൽ 12–ാം ലാപ്പിലെ കൂട്ട അപകടത്തിനിടെയാണ് അദ്ദേഹം മരിച്ചത്. 2006ൽ പരിശീലനത്തിനിടെ പോൾ ഡാണ അപകടത്തിൽ മരിച്ചതാണ് ഇൻഡികാറിൽ ഇതിനു മുൻപുണ്ടായ മറ്റൊരു അപകടം.

English Summary: It is the 25th death Anniversary of Ayrton Senna da Silva, a Brazilian racing driver who won Formula One world championships for McLaren in 1988, 1990 and 1991, and who is widely regarded as one of the greatest Formula One drivers of all time.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com