ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകനും മലയാളിയുമായ പി.ആർ. ശ്രീജേഷിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരത്തിന് ശുപാർശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ശ്രീജേഷിന്റെ പേര് ശുപാർശ ചെയ്തത്. ചിംഗിൾസാന സിങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെ അർജുന അവാർഡിനും ശുപാർശ ചെയ്തു. ഡോ. ആർ.പി. സിങ്, സന്ദീപ് കൗർ എന്നിവരെ സമഗ്ര സംഭാവനയ്ക്കുള്ള മേജർ ധ്യാൻചന്ദ് പുരസ്കാരത്തിനും പരിശീലകരായ ബൽജീത് സിങ്, ബി.എസ്. ജൗഹാൻ, രമേഷ് പതാനിയ എന്നിവരെ ധ്രോണാചാര്യ പുരസ്കാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്. അത്‌ലീറ്റുകളായ കെ.എം. ബീനാമോൾ, അഞ്ജു ബോബി ജോർജ് എന്നിവരാണ് ഖേൽരത്‌ന പുരസ്കാരം നേടിയിട്ടുള്ള മലയാളികൾ.

വിവിധ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീമിനായി നടത്തിയ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ മുൻ നായകന്‍ കൂടിയായ ശ്രീജേഷിനെ രാജ്യത്തെ ഏറ്റവും ഉയർന്ന കായിക പുരസ്കാരത്തിന് ശുപാർശ ചെയ്യാൻ ഹോക്കി ഇന്ത്യയെ പ്രേരിപ്പിച്ചത്. റിയോ ഒളിംപിക്സിലടക്കം ഇന്ത്യൻ ടീമിനെ നയിച്ച ശ്രീ, ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതിൽ നിർണായകപങ്കു വഹിച്ചു. 2014, 2018 ലോകകപ്പുകളിലും 2012, 2016 ഒളിംപിക്സുകളിലും ശ്രീജേഷ് ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. 2015ൽ അർജുന അവാർഡും 2017ൽ രാജ്യത്തെ ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പത്മശ്രീയും നേടി. 

ഹോക്കിയിൽ രാജ്യാന്തരതലത്തിൽ ഏറെ പിന്നാക്കം പോയ ഇന്ത്യ കഴിഞ്ഞ ഏതാനും വർഷത്തിനിടെ കരുത്തു വീണ്ടെടുത്തതിൽ മുഖ്യ പങ്കുവഹിച്ചതു ഗോൾ പോസ്റ്റ് വീറോടെ കാത്ത ശ്രീജേഷിന്റെ മികവിൽക്കൂടിയാണ്. 16 വർഷങ്ങൾക്കുശേഷം 2014 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയതും 2011 ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ചാംപ്യൻമാരായതും ഫൈനലുകളിലെ ഷൂട്ടൗട്ടിൽ ശ്രീജേഷിന്റെ മികവിലൂടെയായിരുന്നു. രണ്ടിലും ശ്രീജേഷെന്ന കോട്ടയ്ക്കു മുന്നിൽ തോറ്റുപോയത് ചിരവൈരികളായ പാക്കിസ്ഥാൻ.

2016ൽ ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലായിരുന്നു നായകനായുള്ള അരങ്ങേറ്റം. ചരിത്രത്തിലാദ്യമായി ടീമിന് വെള്ളി മെഡൽ നേട്ടം സമ്മാനിച്ച് ശ്രീജേഷ് ആ സ്ഥാനാരോഹണത്തെ ശരിവച്ചു. പിന്നാലെ ലോക ഹോക്കി ലീഗിൽ രണ്ടാം സ്ഥാനം. പിന്നെ, റിയോ ഒളിംപിക്സിൽ ക്വാർട്ടർ പ്രവേശം. ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടം. മേയ് 10ന് ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും പ്രധാന ഗോൾകീപ്പറായി ശ്രീജേഷ് ഇടംപിടിച്ചിട്ടുണ്ട്.

English Summary: Hockey India Recommend Sreejesh for Khel Ratna, 3 Names for Arjuna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com