ADVERTISEMENT

ന്യൂയോർക്ക് ∙ രാത്രിയെന്നോ പകലെന്നോ ഇല്ല. ഏതു നേരത്തും അവൻ വരാം. ആരുമറിയില്ല ആ വരവ്!! ഒളിംപിക്സ് ഇതിഹാസം യുഎസ് അത്‌ലീറ്റ് മൈക്കൽ ജോൺസൺ പറയുന്നതു പക്ഷാഘാതത്തെക്കുറിച്ചാണ്. ജോൺസണ് കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ പക്ഷാഘാതത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ഇപ്പോൾ ബോധവൽക്കരണത്തിന്റെ ട്രാക്കിലാണ്. ഒരു യുഎസ് സംഘടനയുമായി ചേർന്ന്, പക്ഷാഘാതം ഒഴിവാക്കാനുള്ള സന്ദേശവുമായി നാടു ചുറ്റുകയാണ് അൻപത്തിയൊന്നുകാരനായ ജോൺസൺ.

‘‘വ്യായാമത്തിനിടെ പെട്ടെന്നാണ് എനിക്കൊരു വല്ലായ്മ തോന്നിയത്. ഇടംകാലിന് ബലക്കുറവ്. ശരീരം ഇടറി, ഇടംകൈയുടെ ശക്തി കുറഞ്ഞു. കാഴ്ച ഉൾപ്പെടെ മൊത്തത്തിൽ എന്തോ തകരാർ സംഭവിച്ചതു പോലെ... എന്താണു സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. പക്ഷേ ഉടൻ അടിയന്തര വൈദ്യസഹായം തേടാൻ തീരുമാനിച്ചു. ആ തീരുമാനമാണ് എന്നെ രക്ഷിച്ചത്’’. – റോയിട്ടേഴ്സ് ടിവിയിലെ അഭിമുഖത്തിൽ ജോൺസൺ പറഞ്ഞു. പക്ഷാഘാതമുണ്ടായി ഉടൻ ചികിത്സ തേടാൻ തീരുമാനിച്ചതാണു ജോൺസന്റെ കാര്യത്തിൽ രക്ഷയായതെന്ന് ഡോക്ടർമാർ പറയുന്നു.

1996 അറ്റ്ലാന്റ ഒളിംപിക്സിലെ സൂപ്പർ താരമായിരുന്നു ജോൺസൺ. 200, 400 മീറ്ററുകളിൽ സ്വർണം. ഈയിനങ്ങളിൽ ഡബിൾ നേടുന്ന ആദ്യ പുരുഷ ഓട്ടക്കാരനെന്ന റെക്കോർഡും സ്വന്തമാക്കിയ ജോൺസൺ അടുത്ത സിഡ്നി ഒളിംപിക്സിൽ 400 മീറ്ററിലും സ്വർണം നേടി. 2000ൽ മത്സരരംഗത്തുനിന്ന് വിരമിച്ചെങ്കിലും കായിവേദികളിൽ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com