ADVERTISEMENT

തൃശൂർ∙ സ്വീഡനിലെ മൽമോയിൽ ഇന്നു നിഹാൽ സരിൻ കരുക്കൾ നീക്കുന്നതു രണ്ടു സാധ്യതകളിലേക്കാണ്. ഒന്ന്, ചെസിൽ 2600 എലോ റേറ്റിങ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാകുക. രണ്ട്, ഇതേ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരമാകുക. ഈ 2 നേട്ടങ്ങളും കയ്യെത്തിപ്പിടിക്കാൻ വെറും 2 പോയിന്റ് ആണ് നിഹാലിനാവശ്യം. ഇതിഹാസ താരങ്ങളായ മാഗ്നസ് കാൾസണിനും സർജി കര്യാക്കിനുമൊക്കെ 15 വയസിനു ശേഷം മാത്രം കൈവന്ന നേട്ടം 14–ാം വയസ്സിൽ നിഹാൽ കൈപ്പിടിയിലൊതുക്കുമോ? ഉത്തരം ഇന്നറിയാം. 

ചെസിൽ 2600 എലോ പോയിന്റെന്ന നാഴികക്കല്ല് പിന്നിടുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് വർഷങ്ങളായി പരിമർജൻ നേഗിയുടെ പേരിലാണ്. 15 വയസും 11 മാസവുമുള്ളപ്പോഴായിരുന്നു നേഗിയുടെ നേട്ടം. ലോക റെക്കോർഡ് ചൈനീസ് ഗ്രാൻഡ്മാസ്റ്റർ വേയ് യീയുടെ പേരിലും. 14 വയസും 4 മാസവുമുള്ളപ്പോൾ യീ കുറിച്ച റെക്കോർഡ് ഇനിയും തിരുത്തപ്പെട്ടിട്ടില്ല.

സ്വീഡനിൽ സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിൽ ഇന്നു മത്സരിക്കാനിറങ്ങുമ്പോൾ നിഹാലിനു 14 വയസും 10 മാസവും. എലോ റേറ്റിങ് നിലവിൽ 2598 എന്ന മാന്ത്രിക സംഖ്യയിലും. വെറും രണ്ടു പോയിന്റ് നേടിയാൽ നേഗിയെ വെട്ടി ചരിത്രനേട്ടം സ്വന്തമാക്കാം, വേയ് യീയുടെ പിന്നിൽ ലോക താരപട്ടികയിൽ രണ്ടാമനാകാം. 8 ഗ്രാൻഡ്മാസ്റ്റർമാർ പങ്കെടുക്കുന്ന ടൂർണമെന്റിൽ 2663 പോയിന്റ് ആണ് ശരാശരി എലോ റേറ്റിങ്. പങ്കെടുക്കുന്നവരിൽ 2600നു താഴെ റേറ്റിങ് ഉള്ള ഏക താരം നിഹാൽ.

15 വയസും ഒരു മാസവുമുള്ളപ്പോഴാണ് മാഗ്നസ് കാൾസണ് 2600 പോയിന്റ് കടക്കാനായത്. സർജി കര്യാക്കിനു 15 വയസും രണ്ടു മാസവും വേണ്ടിവന്നു. ഇന്നു ക്രൊയേഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഇവാൻ സരിച്ചുമായാണ് നിഹാലിന്റെ ആദ്യമത്സരം. 2694 എലോ റേറ്റിങ് ഉള്ള താരമാണ് സരിച്ച്.

കഴിഞ്ഞവർഷത്തെ യൂറോപ്യൻ ചാംപ്യനും. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടം കഴിഞ്ഞവർഷം നിഹാൽ സ്വന്തമാക്കിയിരുന്നു. ടാറ്റ സ്റ്റീൽ രാജ്യാന്തര റാപ്പിഡ് ചെസ് ടൂർണമെന്റിൽ മുൻ ലോക ചാംപ്യന്മാരായ വിശ്വനാഥൻ ആനന്ദ്, സർജി കര്യാക്കിൻ എന്നിവരെ നിഹാൽ സമനിലയിൽ പിടിച്ചിരുന്നു. നിലവിലെ ലോക ചാംപ്യൻ മാഗ്നസ് കാൾസണുമായി ഓൺലൈൻ മത്സരത്തിൽ നിഹാൽ സമനിലയ്ക്കരികെ പൊരുതിവീണതും കഴിഞ്ഞവർഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com