ADVERTISEMENT

ചെസ് ബോർഡിൽ അടിവച്ചടിവച്ചു നീങ്ങുന്ന കാലാളിനെപ്പോലെ ലോക ചെസിൽ ചരിത്രനേട്ടത്തിലേക്ക് ഇഞ്ചിഞ്ചായി അടുത്ത് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ. 2600 എലോ റേറ്റിങ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരവും ഒന്നാമത്തെ ഇന്ത്യൻ താരവുമാകാൻ നിഹ‍ാലിനു വേണ്ടത് ഒരു പോയിന്റ് കൂടി മാത്രം.

സ്വീഡനിലെ മൽമോയിൽ ആരംഭിച്ച സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിൽ നിലവിലെ യൂറോപ്യൻ ചാംപ്യൻ ഇവാൻ സരിച്ചിനെ സമനിലയിൽ പിടിച്ചാണ് നിഹാൽ ചരിത്രനേട്ടത്ത‍ിന്റെ അരിക‍ിലെത്തിയത്. ഏഴു മണിക്കൂർ നീണ്ട മത്സരത്തിലുടനീളം നിഹാൽ വിജയ പ്രതീതി ഉണർത്തിയെങ്കിലും അവസാനം സമനിലയിൽ പോരാട്ടം അവസാനിച്ചു. ഇതോടെ ലൈവ് റേറ്റിങ്ങിൽ നിഹാലിന് 1.3 പോയിന്റ് ഉയർന്നു. 2600 എലോ റേറ്റിങ്ങിന് ഒരു സമനില കൂടി ധാരാളം. 

റേറ്റിങ്ങിൽ തന്നേക്കാൾ 100 പോയിന്റോളം ഉയരത്തിലുള്ള യൂറോപ്യൻ ചാംപ്യൻ ഇവാൻ സരിച്ചിനെ കളിയുടെ തുടക്കം മുതൽ നിഹാൽ സമ്മർദത്തിലാഴ്ത്തി.  മത്സരത്തിന്റെ അവസ‍ാന മിനിറ്റുകൾ വരെ വിജയപ്രതീക്ഷ നിഹാൽ നിലനിർത്തി. എന്നാൽ, മത്സരപരിചയം സരിച്ചിനെ തുണച്ചു.   നിഹാൽ സമനിലയ്ക്കു വഴങ്ങി.

ഇന്നലെ രാത്രി ആരംഭിച്ച രണ്ടാം റൗണ്ടിൽ ജർമൻ ഗ്രാൻഡ്മാസ്റ്റർ ലീവ്യു ദീത്തറുമായാണ് നിഹാലിന്റെ രണ്ടാം പോരാട്ടം. 2667 റേറ്റിങ്ങുള്ള ലീവ്യു ലോക റാങ്കിങ്ങിൽ 15ാം സ്ഥാനത്തെത്തിയ താരമാണ്.  ലൈവ് റേറ്റിങ്ങിൽ 2600 പോയിന്റ് മറികടന്നതായി കാണുമെങ്കിലും ഫിഡെയുടെ ഔദ്യോഗിക പ്രഖ്യാപനം ടൂർണമെന്റിനു ശേഷമേ ഉണ്ടാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com