ADVERTISEMENT

കോട്ടയം ∙ മലയാള ഭാഷയ്ക്കും വ്യാകരണത്തിനും അലകും പിടിയും നൽകാൻ ജീവിതാവസാനംവരെ പ്രയത്നിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ നാട്ടിൽനിന്ന് ഇന്ത്യൻ അത്‍ലറ്റിക്സിന്റെ തലക്കുറി മാറ്റിയെഴുതാൻ മറ്റൊരു ഹെർമൻ വരുന്നു: ഫോൽക്കർ ഹെർമൻ.  ടോക്കിയോ ഒളിംപിക്സിനുള്ള അത്‍ലറ്റിക് സംഘത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ഹൈ പെർഫോമൻസ് ഡയറക്ടറായി ഹെർമനെ നിയമിക്കാനാണ് ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷന്റെ തീരുമാനം.

പക്ഷേ, കടുകട്ടി ജോലിയാണ് ഇന്ത്യയിൽ ഹെർമനെ കാത്തിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ, ഹൈ റിസ്ക് ദൗത്യം. കാരണം, ടോക്കിയോ ഒളിംപിക്സിനു മുൻപു കയ്യിലുള്ളത് 14 മാസമാണ്. ഒരു മെഡലെങ്കിലും നേടാൻ പാകത്തിൽ ഇന്ത്യൻ അത്‍ലറ്റിക് സംഘത്തെ ഒരുക്കിയെടുക്കുക എന്ന ചുമതല ശ്രമകരംതന്നെ. 

∙ ഹെർമന്റെ പാഠങ്ങൾ

17–ാം വയസ്സിൽ പരിശീലനത്തിന്റെ ട്രാക്കിലേക്കു കാലുവച്ചയാളാണു ഹെർമൻ. സ്കൂൾ പഠനകാലത്ത് സ്പ്രിന്റ് ഇനങ്ങളിൽ മത്സരിച്ചു. കോളജിലേക്കു മാറിയപ്പോഴേക്കും പരിശീലനമാണു തന്റെ ജോലിയെന്നു ബോധ്യമായി. കോളജ് ടീമിനെ ഒരുക്കാൻ ഒപ്പംകൂടി. പിന്നീട് പഠനം കായികവഴിയെ നീങ്ങി. കൊളോണിലെ ജർമൻ സർവകലാശാലയിൽ സ്പോർട്സ് സയൻസിലും സ്പോർട്സ് മാനേജ്മെന്റിലും പഠനം നടത്തി.

സ്പ്രിന്റിൽ ജർമനിയിലെ എ ലെവൽ ലൈസൻസും സ്വന്തമാക്കി. താരങ്ങളെ കണ്ടെത്തുന്നതിലും മികവിലേക്ക് അവരെ വളർത്തുന്നതിലും ഹെർമന്റെ മിടുക്ക് അപാരമാണെന്നാണു നിരീക്ഷകർ പറയുന്നത്. 

∙ സിംഗപ്പുർ അഭ്യാസം

2012 മുതൽ 5 വർഷക്കാലം ജർമൻ അത്‍ലറ്റിക് ഫെഡറേഷന്റെ സയന്റിഫിക് കൺസൽറ്റന്റായിരുന്നു. രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്റെ ട്രെയിനിങ് പാനലിൽ അംഗമാണ്. മൊണാക്കോയിലെ ഫെഡറേഷൻ ആസ്ഥാനത്ത് പരിശീലകർക്കു പരിശീലനം നൽകുന്ന വിഭാഗത്തിൽ അധ്യാപകനായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

ഇടയ്ക്ക് ഒരു വർഷത്തോളം സിംഗപ്പുരിലെ അത്‌ലറ്റിക് വിഭാഗത്തിന്റെ ടെക്നിക്കൽ ഡയറക്ടറായി. പക്ഷേ, ഫെഡറേഷൻ മേധാവികളുമായി തെറ്റിപ്പിരിഞ്ഞതോടെ ജോലി തെറിച്ചു. ജർമൻ സംസ്ഥാനമായ ബവേറിയയിലെ സ്പ്രിന്റ് ടീമിന്റെ പരിശീലകനായും ജോലി ചെയ്തു. 

∙ ഇന്ത്യൻ സാധ്യത

ഏഷ്യൻതലത്തിൽവരെ മികവു പുലർത്താൻ പറ്റിയ താരങ്ങൾ രാജ്യത്തുണ്ടെങ്കിലും രാജ്യാന്തര നിലവാരമുള്ള വിരലിലെണ്ണാവുന്ന അത്‌ലീറ്റുകളേ ഇപ്പോൾ നമുക്കുള്ളൂ. ഏഷ്യൻ അത്‌ലറ്റിക്സും ഏഷ്യൻ ഗെയിംസുംവരെ ഒകെ. അതിനപ്പുറത്തേക്കു മിടുക്കു കാട്ടാൻ പേരിനൊരു നീരജ് ചോപ്രയുടെ കാര്യം പറയാം. ജാവലിൻ ത്രോയിൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി ഫോമിൽ നിൽക്കുന്ന താരം ഇപ്പോൾ കൈമുട്ടിനു പരുക്കേറ്റു വിശ്രമത്തിലാണ്.

ചോപ്രയുടെ മികച്ച ദൂരം (88.06 മീ) കഴിഞ്ഞ റിയോ ഒളിംപിക്സിലെ വെങ്കല ജേതാവിന്റെ നേട്ടത്തേക്കാൾ (85.38 മീ) മികച്ചതാണ്. എം.ശ്രീശങ്കറിനെപ്പോലെയുള്ള യുവതാരങ്ങൾ വരുന്നുണ്ടെങ്കിലും ഒരു വർഷമകലെ നിൽക്കുന്ന ടോക്കിയോ ഒളിംപിക്സിനുള്ള സാധ്യതകൾ ഇപ്പോഴേ പറയുക പ്രയാസം. 

∙ ജോലി ഇങ്ങനെ 

38–കാരനായ ഹെർമന്റെ ഇന്ത്യയിലെ ജോലി ഇതാകും: താരങ്ങളുടെ പ്രകടനം നിരീക്ഷിക്കുക. കണക്കുകൾ അടിസ്ഥാനമാക്കി തിരുത്തലുകൾ നിർദേശിക്കുക. അവർക്കു കൂടുതൽ മികവു പുറത്തെടുക്കാൻ കഴിയുന്ന വിധത്തിൽ പരിശീലനത്തിനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. വിദേശ ചാംപ്യൻഷിപ്പുകളിൽ പങ്കാളിത്തം ഉറപ്പാക്കുക. പരിശീലകരുടെ രീതികൾ പരിശോധിക്കുക, മാറ്റങ്ങൾ നിർദേശിക്കുക. പരിശീലകർക്കുള്ള തുടർപരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുക. ഒളിംപിക് മെഡൽ നേടാൻ പാകത്തിൽ ഒരു വർഷത്തിനുള്ളിൽ താരങ്ങളെ ഒരുക്കുക. 

English Summary: Athletics Federation to rope in Volker Herrmann as new High Performance Director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com