ADVERTISEMENT

ഭുവനേശ്വർ ∙ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ബ്ലാക്ക്മെയിൽ ചെയ്തതുകൊണ്ടാണ് സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് 100 മീറ്ററിൽ ദേശീയ റെക്കോർഡ‍ിന് ഉടമയായ വനിതാ അത്‌ലീറ്റ് ദ്യുതി ചന്ദ്. ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ കുടുംബാംഗങ്ങൾ ഒന്നടങ്കം രംഗത്തു വന്നതിനു പിന്നാലെയാണ് സഹോദരിക്കെതിരെ ആരോപണവുമായി ദ്യുതിയുടെ തിരിച്ചടി. മൂത്തസഹോദരിക്ക്  ബന്ധത്തിൽ എതിർപ്പുണ്ടെന്നു ദ്യുതി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

ഭുവനേശ്വറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദ്യുതി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. മുൻപ് സഹോദരി തന്നെ ക്രൂരമായി മർദ്ദിച്ചതായും ദ്യുതി മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യം താൻ പൊലീസിനെ അറിയിച്ചിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കവയ്യാതെയാണ് സ്വവർഗ പ്രണയത്തിന്റെ കാര്യം പുറത്തറിയിച്ചത്. പ്രായപൂർത്തിയായ വ്യക്തിയാണ് ഞാൻ. കുടുംബത്തിന്റെ സമ്മർദ്ദത്തിൽ ഒരു കാരണവശാലും വീഴില്ല. സ്വവർഗബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്കു പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ലെന്നു പറഞ്ഞ ദ്യുതി, ഈ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. പ്രണയിനി എന്നു പറയുന്ന പെൺകുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും ഭീഷണിയെ തുടർന്നാണ് വിവാഹം കഴിക്കാൻ ദ്യുതി സമ്മതിച്ചെന്നായിരുന്നു സരസ്വതിയുടെ ആരോപണം. ഇതുപക്ഷേ ദ്യുതി നിരാകരിച്ചു. ഈ ബന്ധം അംഗീകരിക്കില്ലെന്ന് ദ്യുതിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. ആ പെൺകുട്ടിക്ക് അമ്മയെപ്പോലെയാണ് ദ്യുതിയെന്നും പിന്നെ എങ്ങനെ വിവാഹം കഴിക്കുമെന്നും അമ്മ ചോദിച്ചു.

പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദ്യുതി വെളിപ്പെടുത്തിയത്. അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ്. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുന്നു – ഒഡീഷയിലെ ഗോപാൽപുർ സ്വദേശിനിയായ ദ്യുതി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മുൻപു പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ്. രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി ട്രാക്കിലേക്കു തിരിച്ചെത്തിയത്.

സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുൻപു മാനഭംഗക്കേസിൽപ്പെട്ട ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് 2012 ജൂണിൽ ഒരു യുവതിയാണ് പിങ്കിക്കെതിരെ കേസ് നൽകിയത്. പിന്നീടു പിങ്കിയെ കോടതി കുറ്റവിമുക്തയാക്കി.

English Summary: My Own Sister Is Blackmailing Me For A Sum Of 25 Lakhs - Says Dutee Chand On Being forced To Reveal Her Same-sex Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com