ADVERTISEMENT

മരണമുഖത്തുനിന്നു വിജയപീഠത്തിലേക്കു കാറോടിച്ചു കയറിയ നിക്കി ലൗഡ ജീവിതത്തിന്റെ അതിവേഗ സർക്യൂട്ടിനോടു വിട പറഞ്ഞു. മൂന്നു വട്ടം ഫോർമുല വൺ കാറോട്ട ചാംപ്യനായിരുന്ന ഓസ്ട്രിയൻ താരം വൃക്ക തകരാർ മൂലം  മരിക്കുമ്പോൾ 70 വയസ്സായിരുന്നു. ഓസ്ട്രിയയിലെ വിയന്നയിലായിരുന്നു അന്ത്യം.

1976 ഓഗസ്റ്റ് ഒന്നിനു ജർമനിയിലെ നർബർഗ്‌റിങ് സർക്യൂട്ടിലുണ്ടായ അപകടത്തിൽ മാരകമായി പൊള്ളലേറ്റ നിക്കി ലൗഡ എഫ് വൺ എതിരാളികളെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ട് 40–ാം ദിവസം മത്സരരംഗത്തു  തിരിച്ചെത്തി. അതിജീവനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത കായിക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആൻഡ്രിയാസ് നിക്കോളാസ് നിക്കി ലൗഡ 1949 ഫെബ്രുവരി 22നു വിയന്നയിലാണു ജനിച്ചത്. ഇരുപതാം വയസ്സിൽ കാറോട്ട മത്സരങ്ങളിൽ സജീവ സാന്നിധ്യമായി.

1974ൽ ഫെറാറിയിലെത്തി. 1975ൽ ഫെറാറിക്കു വേണ്ടി ആദ്യകിരീടം നേടി. അടുത്ത സീസണിൽ അപകടത്തെത്തുടർന്നു 2 ഗ്രാൻപ്രികൾ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, തൊട്ടടുത്ത വർഷം വീണ്ടും കിരീടം ചൂടി. 1979ൽ എഫ് വണ്ണിനോടു വിട പറഞ്ഞെങ്കിലും 1982ൽ മക്‌ലാരനിലൂടെ തിരിച്ചെത്തി. 84ൽ മക്‌ലാരനോടൊപ്പം മൂന്നാം കിരീടം. 85ൽ വീണ്ടും വിരമിച്ച ശേഷം നോൺ എക്സിക്യൂട്ടീവ് ചെയർമാനായി മെഴ്സിഡീസ് ടീമിനോടൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു.

∙ തീയിലെരിയാത്ത മനക്കരുത്ത്

ഫോർമുല വൺ ലോകത്തെ ഞെട്ടിച്ച അപകടമായിരുന്നു 1976ൽ ജർമൻ ഗ്രാൻപ്രിയിൽ സംഭവിച്ചത്. നിലവിലെ ചാംപ്യൻ നിക്കി ലൗഡ മക്‌ലാരനിലെ ജെയിംസ് ഹണ്ടിൽനിന്നു കടുത്ത സമ്മർദം നേരിട്ടിരുന്നു. 200 കിലോമീറ്ററിലേറെ വേഗത്തിൽ പായുകയായിരുന്ന കാർ നിയന്ത്രണം വിട്ടു സുരക്ഷാഭിത്തിയിൽ ഇടിച്ചു തീപിടിച്ചു. തീഗോളമായ കാറിൽ നിന്നു ലൗഡയെ പുറത്തെത്തിക്കാൻ നിമിഷങ്ങളെടുത്തു.

F1 Obit Lauda
1976ൽ കാറപകടത്തിലെ പരുക്കുകളുമായി നിക്കി ലൗഡ മത്സരവേദിയിൽ എത്തിയപ്പോൾ. (ഫയൽ ചിത്രം)

ശരീരമാസകലം പൊള്ളലേറ്റെങ്കിലും കാര്യമായ പരുക്ക് മുഖത്തിനായിരുന്നു. ഒരു ചെവി പകുതി നഷ്ടപ്പെട്ടു.  ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ മുഖം പൂർവസ്ഥിതിയിലാക്കാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. എന്നാൽ,  ഓസ്ട്രിയൻ ഗ്രാൻപ്രി കൂടി മാത്രമേ ലൗഡ പുറത്തിരുന്നുള്ളൂ. 40ാം ദിവസം സർക്യൂട്ടിൽ തിരിച്ചെത്തി നാലാമനായി മടങ്ങി. 

∙ ലൗഡയും ഹണ്ടും തമ്മിൽ

ബ്രിട്ടൻ താരം ജെയിംസ് ഹണ്ടും നിക്കി ലൗഡയും തമ്മിലുള്ള കളിക്കളത്തിലെ ശത്രുത പ്രസിദ്ധമാണ്.  ലൗഡ പരുക്കേറ്റു പിൻവാങ്ങിയ മത്സരത്തിൽ ഹണ്ടായിരുന്നു ജേതാവ്. ആ സീസണിൽ  ഹണ്ട് എഫ് വൺ കിരീടം സ്വന്തമാക്കി. അടുത്ത സീസണിൽത്തന്നെ കിരീടം തിരിച്ചു പിടിച്ചു ലൗഡ പകരം വീട്ടി. ഇവരുടെ ‘ശത്രുത’യ്ക്കു പൊടിപ്പും തൊങ്ങലും ചേർത്തു റോൺ ഹൊവാർഡ് തയാറാക്കിയ ‘റഷ്’ എന്ന ചലച്ചിത്രം ശ്രദ്ധേയമാണ്. എന്നാൽ, ചിത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമല്ലെന്നും  പിഴവുകൾ ഏറെയുണ്ടെന്നും ലൗഡ പ്രതികരിച്ചിരുന്നു.

∙ ഫോർമുല വൺ മത്സര  കാർ നിർമാതാക്കളിൽ ചിരവൈരികളായ ഫെറാറിക്കും മക്‌ലാരനും വേണ്ടി കിരീടം ചൂടിയ ഏക താരമാണു നിക്കി ലൗഡ. 25 മത്സരവിജയങ്ങൾ സ്വന്തം പേരിലുള്ള നിക്കി കൂടുതൽ വിജയങ്ങൾ നേടിയവരുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

English Summary: Three-time Formula 1 world champion Niki Lauda has died at the age of 70.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com