ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യൻ ബാഡ്മിന്റൻ താരം ലീ ചോങ് വെയ് രാജ്യാന്തര ബാഡ്മിന്റനിൽ നിന്നു വിരമിച്ചു. നിരന്തരമായ പരുക്കും ഇടയ്ക്ക് അർബുദ ബാധിതനുമായതോടെയാണ് മുപ്പത്തിയാറുകാരനായ ലീ 2020 ടോക്കിയോ ഒളിംപിക്സിനു കാത്തു നിൽക്കാതെ വിരമിക്കൽ പ്രഖ്യാപിച്ചത്. ‘‘ തീരുമാനം കഠിനമാണ്. ഞാൻ ബാഡ്മിന്റനെ സ്നേഹിക്കുന്നു. പക്ഷേ മത്സരവേദിയിൽ തുടരണമെങ്കിൽ മനസ്സു കൊണ്ടും ശരീരം കൊണ്ടും പൂർണ സജ്ജനായിരിക്കണം. 19 വർഷം എന്റെ ഒപ്പം നിന്ന എല്ലാ മലേഷ്യക്കാർക്കും നന്ദി’– പ്രത്യേകം വിളിച്ചു ചേർത്ത മാധ്യമസമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ് ലീ പറഞ്ഞു.

കഴിഞ്ഞ വർഷം മൂക്കിനെ ബാധിച്ച അർബുദത്തെത്തുടർന്ന് കളിക്കളത്തിൽ നിന്നു വിട്ടു നിന്ന ലീ അന്നു താൻ വീണ്ടും കളിക്കളത്തിലേക്കു തിരിച്ചു വരുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഈ ഏപ്രിൽ മുതൽ ലീ പരിശീലനത്തിന് ഇറങ്ങിയില്ല. ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടാനുള്ള സാധ്യതയും വിദൂരമായി. 2014ൽ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ലീയ്ക്ക് വിലക്കും വന്നിരുന്നു.

കരിയറിൽ ആകെ 348 ആഴ്ചയോളം ലോക ഒന്നാം നമ്പർ താരമായിരുന്ന ലീ ഇപ്പോൾ 191–ാം സ്ഥാനത്താണ്. മുൻ ബാഡ്മിന്റൻ താരം കൂടിയായ ഭാര്യ വോങ് മ്യൂ ചൂവിനൊപ്പമാണ് ലീ പത്രസമ്മേളനത്തിനെത്തിയത്. 

∙ മലേഷ്യയുടെ സങ്കടം

രാജ്യത്തെ ഏറ്റവും ജനപ്രിയനായ കായികതാരമായ ലീയ്ക്ക് ഒരു ലോക ചാംപ്യൻഷിപ്പ് നേട്ടമോ ഒളിംപിക് സ്വർണമോ ഇല്ലാത്തത് മലേഷ്യയുടെ പൊതുസങ്കടമാണ്. മൂന്നു വട്ടമാണ് ലീ ഒളിംപിക് ഫൈനലിൽ ചൈനീസ് താരങ്ങളോട് തോറ്റു പോയത്. 2008,2012 ഒളിംപിക്സുകളിൽ ലിൻ ഡാനോടും 2016ൽ ചെൻ ലോങിനോടും. ലോക ചാംപ്യൻഷിപ്പ് ഫൈനലിലും നാലു വട്ടം വീണു പോയി. രണ്ടു തവണ വീതം ലിൻ ഡാനും ചെൻ ലോങിനും മുന്നിൽ തന്നെ.

ചൈനീസ് താരങ്ങൾ ആധിപത്യം പുലർത്തുന്ന ഏഷ്യൻ ഗെയിംസിലും ലീ ഇതുവരെ സിംഗിൾസ് സ്വർണം നേടിയിട്ടില്ല. കോമൺവെൽത്ത് ഗെയിംസിൽ മാത്രമാണ് ‘വെള്ളി ശാപം’ ലീയെ പിടികൂടാതെ പോയത്. അവിടെ സിംഗിൾസ്, ടീം ഇനങ്ങളിലായി നാലു സ്വർണം നേടി. ഓൾ ഇംഗ്ലണ്ട് ചാംപ്യൻഷിപ്പിലും അത്രയും കിരീടങ്ങൾ.

രാജ്യത്തെ ഏറ്റവും ജനപ്രിയ കായികതാരമായ ലീയെ ‘ദാത്തുക്’ പദവി നൽകി മലേഷ്യ ആദരിച്ചിരുന്നു. ‘ഡെയർ ടു ബി എ ചാംപ്യൻ’ എന്ന ലീയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ലീചോങ് വെയ്’ എന്ന ചലച്ചിത്രവും പുറത്തിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com