ADVERTISEMENT

തൃശൂർ ∙ എലോ റേറ്റിങ്ങിൽ 2600 പോയിന്റ് കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ലോകതാരമെന്ന റെക്കോർഡിനു പിന്നാലെ മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ വീണ്ടും അത്ഭുതക്കുട്ടിയായി. ഏഷ്യയിലെ ഒന്നാം നമ്പർ ഗ്രാൻഡ് മാസ്റ്റർമാരടക്കം പങ്കെടുത്ത ഏഷ്യൻ കോണ്ടിനന്റൽ ഓപ്പൺ ആൻഡ് വിമൻസ് ചാംപ്യൻഷിപ്പിൽ ബ്ലിറ്റ്സ് കിരീടം പതിനാലുകാരനായ നിഹാൽ സരിന്. ചൈനയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ നാല‍ാം സ്ഥാനമെന്ന ചരിത്രനേട്ടവും നിഹാൽ കുറിച്ചു.

ഒൻപതു റൗണ്ടുകളിൽ എട്ടു പോയിന്റ് നേടിയാണ് നിഹാലിന്റെ പടയോട്ടം. ഇതോടെ ഫിഡെ എലോ റേറ്റിങ്ങിൽ നിഹാലിന്റെ നേട്ടം 2654 പോയിന്റ് ആയി ഉയർന്നു. ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർമാരായ എസ്.എൽ. നാരായണൻ, ഇ. അർജുൻ, ചന്ദ സന്ദീപൻ, ദീപ് സെൻഗുപ്ത തുടങ്ങിയവരടക്കം 26 ഗ്രാൻഡ്മാസ്റ്റർമാർ ടൂർണമെന്റിൽ പങ്കെടുത്തു. മൂന്ന്, നാല് റൗണ്ടുകളിൽ തലനാരിഴയ്ക്കു സമനില വഴങ്ങിയതൊഴിച്ചാൽ ഏഴു റൗണ്ടുകളിലും വിജയിച്ചു മുന്നേറി. ബ്ലിറ്റ്സ് റൗണ്ടിൽ നിഹാൽ എല്ലാക്കാലത്തും പിന്തുടർന്ന മികവിനു ചൈനീസ് ടൂർണമെന്റിലും കോട്ടം തട്ടിയില്ല.

ഒരു മാസം മുൻപ് സ്വീഡനിലെ മൽമോയിൽ നടന്ന സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് എലോ റേറ്റിങ്ങിൽ നിഹാൽ 2600 പോയിന്റ് എന്ന നാഴികക്കല്ല് പിന്നിട്ട‍ിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ് നിഹാൽ. 2600 എലോ റേറ്റിങ് പിന്നിടുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡ് മുൻപ് പരിമർജൻ നേഗിയുടെ പേരിലായിരുന്നു. 15 വയസും 11 മാസവുമുള്ളപ്പോഴായിരുന്നു നേഗിയുടെ നേട്ടം. 14 വയസും നാലു മാസവുമുള്ളപ്പോൾ 2600 കടന്ന ചൈനീസ് ഗ്രാൻഡ്മാസ്റ്റർ വേയ് യീയുടെ പേരിലാണ് ലോക റെക്കോർഡ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com