ADVERTISEMENT

കോട്ടയം ∙ പമ്പാവാലിയിലെ വീട്ടിൽ‍ നിന്ന് പന്ത്രണ്ടാം തീയതി ഒരു ബാഗുമെടുത്ത് അതുല്യ വീണ്ടും പുറപ്പെടും. ട്രാക്കിലെ ഹർഡിൽസ് ചാടിക്കടന്ന് മെഡൽ നേടാനല്ല; തടസ്സങ്ങൾ തരണം ചെയ്ത് ജീവിതത്തിലേക്കു തിരിച്ചെത്താൻ. കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ അതുല്യ പി.സജി എന്ന പതിനേഴുകാരിയുടെ ജീവിതത്തിന്റെ ട്രാക്ക് തെറ്റിച്ചത് ഒരു തലവേദനയാണ്. സാധാരണം എന്നു തോന്നിപ്പിച്ച തലവേദന തലച്ചോറിലെ അണുബാധ ആയി മാറി. അതിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോൾ അടുത്ത രോഗം. ശ്വാസകോശക്കുഴൽ ചുരുങ്ങുന്നതാണ് ഇപ്പോൾ അതുല്യയെ വലയ്ക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സയ്ക്കായി കഴിഞ്ഞ മാസം പകുതിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റി. കായിക മന്ത്രി ഇ.പി.ജയരാജൻ ആശുപത്രിയിൽ അതുല്യയെ സന്ദർശിക്കുകയും 3 ലക്ഷം രൂപ സഹായ ധനം നൽകുകയും ചെയ്തു. ശ്വാസം എടുക്കുന്നതിനു കഴുത്തിൽ ചെറിയ ദ്വാരമുണ്ടാക്കി അതിലൂടെ ട്യൂബ് ഇട്ട ശേഷം നാട്ടിലേക്ക് അതുല്യയെ തിരികെ അയച്ചു. 13 മുതൽ തുടർചികിത്സ ആരംഭിക്കും. 10 ലക്ഷം രൂപയോളം ചികിത്സയ്ക്കു ചെലവു വരുമെന്നാണു കണക്കാക്കുന്നത്. ഇതു വരെയുള്ള ചികിത്സയ്ക്കായി 5 ലക്ഷത്തോളം രൂപ ചെലവായി.

സംസ്ഥാന സർക്കാർ നൽകിയ തുകയും നാട്ടുകാരുടെ സഹായവും ആണു ഇതുവരെയുള്ള ചികിത്സയ്ക്ക് ഉപയോഗിച്ചത്. ചെന്നൈയിലെ കായിക കൂട്ടായ്മയായ കേരള സ്പോർട്സ് പേഴ്സൺസ് അസോസിയേഷൻ (കെസ്പ) ഇന്നലെ 3 ലക്ഷം രൂപ അതുല്യയ്ക്കായി കൈമാറിയിരുന്നു. അസുഖത്തിനിടയിലും 84 ശതമാനം മാർക്ക് വാങ്ങി അതുല്യ പ്ലസ് ടു വിജയിച്ചു. ഡിഗ്രിക്കു ചേരാൻ തയാറെടുക്കുന്ന അതുല്യയ്ക്ക് വേണ്ടത് കായികകേരളത്തിന്റെ കരുതൽ. പമ്പാവാലി തുലാപ്പള്ളി പൊട്ടൻപറമ്പിൽ സജി–സിന്ധു ദമ്പതികളുടെ മകളാണ് അതുല്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com