ADVERTISEMENT

ന്യൂഡൽഹി ∙ ഗുസ്തി ഗോദയിൽ വീണ്ടും പ്രണയസാഫല്യം. ഇന്ത്യൻ ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയയും സംഗീത ഫൊഗട്ടുമാണ് വിവാഹിതരാകാൻ ഒരുങ്ങുന്നത്. അടുത്ത വർഷം ടോക്കിയോ ഒളിംപിക്സിനു ശേഷം ഇരുവരും വിവാഹിതരാകുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിലൊന്നായ ബജ്‌രംഗ് ഇപ്പോൾ തീവ്രപരിശീലനത്തിലാണ്. ഇന്ത്യയുടെ ഗുസ്തി ഫാമിലിയായ ‘ഫൊഗട്ട് കുടുംബ’ത്തിലെ ഇളയവളായ സംഗീത പരുക്കിൽ നിന്നു മുക്തയായതിനു ശേഷം ദേശീയ ക്യാംപിലാണ്.

65 കിലോഗ്രാം ഗുസ്തിയിൽ നിലവിൽ ലോക ഒന്നാം റാങ്കിലുള്ള ബജ്‌രംഗ് കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയിരുന്നു. ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വെള്ളിയും നേടി. സംഗീത 59 കിലോഗ്രാം വിഭാഗത്തിൽ ദേശീയതലത്തിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്.

രാജ്യാന്തര താരങ്ങളായ ഗീത ഫൊഗട്ട്, ബബിത ഫൊഗട്ട് എന്നിവരുടെ സഹോദരിയാണ്. സംഗീതയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് പിതാവും ഗുസ്തി പരിശീലകനുമായ മഹാവീർ സിങ് ഫൊഗട്ട് പറഞ്ഞു. ബജ്‌രംഗിനെ തനിക്കറിയാമെന്നും ഹരിയാനയിലെ ബലാലി ഗ്രാമത്തിലുള്ള തങ്ങളുടെ വീട് അദ്ദേഹം ഇടയ്ക്ക് സന്ദർശിക്കാറുണ്ടെന്നും മഹാവീർ പറഞ്ഞു.

ദ്രോണാചാര്യ പുരസ്കാര ജേതാവായ മഹാവീറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 2016ൽ ആമിർ ഖാൻ നായകനായ ‘ദംഗൽ’ സിനിമ പുറത്തിറങ്ങിയത്. ഗീത ഫൊഗട്ട്–പവൻ കുമാർ, സാക്ഷി മാലിക്–സത്യവർധ് കാഡിയൻ, വിനേഷ് ഫൊഗട്ട്–സോംവീർ രാതി എന്നിവരും ഇന്ത്യൻ കായികരംഗത്തെ ‘ഗുസ്തി ദമ്പതി’കളാണ്.

English Summary: Wrestlers Bajrang Punia, Sangeeta Phogat to tie knot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com