ADVERTISEMENT

ന്യൂഡൽഹി ∙ ചിലർക്കു ചിക്കനും ചപ്പാത്തിയും. മറ്റു ചിലർക്കു ചപ്പാത്തിയും മുട്ടക്കറിയും. വേറെ ചിലർക്കാവട്ടെ, ചപ്പാത്തിയും ചാറും മാത്രം! ഇനി മുതൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പരിശീലന ക്യാംപുകളിൽ ഭക്ഷണത്തിലെ വേർതിരിവ് ഉണ്ടാവില്ല. സീനിയർ, ജൂനിയർ വ്യത്യാസമില്ലാതെ എല്ലാവർക്കും നല്ല ഭക്ഷണം നൽകാൻ പദ്ധതി തയാറായി. ഓരോ അത്‍ലിറ്റിനും യോജ്യമായ ഭക്ഷണം നിശ്ചയിക്കാൻ ന്യൂട്രീഷനിസ്റ്റ്, ഷെഫ്, മെസ് മാനേജർ എന്നിവരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.

പുതിയ കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന്റെ നിർദേശപ്രകാരമാണു നടപടി. സായിയുടെ തിരുവനന്തപുരം, ആലപ്പുഴ, ഡൽഹി, പട്യാല, ബെംഗളൂരു, കൊൽക്കത്ത, ഭോപാൽ, ഗാന്ധിനഗർ, ലക്നൗ, ഇംഫാൽ, ഗുവാഹത്തി, മുംബൈ, സോനിപത്, ഔറംഗാബാദ്, റോത്തക്ക് സെന്ററുകളിൽ സെപ്റ്റംബർ 15നു പുതിയ സംവിധാനം നിലവിൽവരും. ജൂനിയർ, സീനിയർ വ്യത്യാസമില്ലാതെ ഓരോ താരത്തിനും ആവശ്യമായ ഭക്ഷണമേതെന്നു ന്യൂട്രിഷനിസ്റ്റ് തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിലാകും ഷെഫിന്റെ നേതൃത്വത്തിൽ പാചകം. എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു മാനേജരുടെ ചുമതല. മാസം ഒരു ലക്ഷം രൂപവരെ ശമ്പളം നൽകി പ്രഫഷനലായ ആളുകളെയാകും ജോലിക്കെടുക്കുക.

നിലവിൽ സായി സെന്ററുകളിൽ താരങ്ങൾക്ക് അവർ ഉൾപ്പെട്ട പരിശീലനപദ്ധതി പ്രകാരമാണു ഭക്ഷണം. എലീറ്റ് സ്കീമിൽ ഉൾപ്പെട്ടവർക്കാണ് ഏറ്റവുമധികം തുക. സാധാരണ ട്രെയിനികൾ, ദേശീയ ക്യാംപിലുള്ളവർ, സെന്റർ ഓഫ് എക്സലൻസിൽ ഉൾപ്പെട്ടവർ എന്നിങ്ങനെ വ്യത്യസ്ത പദ്ധതികളിൽപ്പെട്ടവർക്ക് ഓരോ ദിവസത്തെയും ഭക്ഷണത്തിനു നൽകുന്ന തുകയിൽ ഏറ്റക്കുറച്ചിലുകളുണ്ട്. ഇനി മുതൽ സീനിയർ, ജൂനിയർ വ്യത്യാസമില്ലാതെ താരങ്ങൾക്ക് അവരുടെ ശരീരത്തിനാവശ്യമായ ഏതു ഭക്ഷണവും ന്യൂട്രീഷനിസ്റ്റിന്റെ നിർദേശപ്രകാരം ലഭിക്കും. താരങ്ങളുടെ പരിശീലകരുമായി ചർച്ച നടത്തിയശേഷമാകും ഭക്ഷണക്രമവും ആഹാരവും തീരുമാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com