ADVERTISEMENT

ബേസൽ (സ്വിറ്റ്സർലൻഡ്) ∙ രണ്ടു വെങ്കലം, രണ്ടു വെള്ളി– ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന്റെ നേട്ടങ്ങളിങ്ങനെ.

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന് ഇന്ന് ബേസലിൽ തുടക്കമാകുമ്പോൾ സിന്ധുവും ഇന്ത്യയും കാത്തിരിക്കുന്നത് ആ സ്വപ്നസാഫല്യത്തിനാണ്– ഒരു സ്വർണം! ലോകത്തെ ഒന്നാംനിര താരങ്ങളിലൊരാളാണെങ്കിലും കരിയറിലൊരു ‘പൊൻതൂവലായി’ ഒളിംപിക് സ്വർണമോ ലോക ചാംപ്യൻഷിപ്പ് സ്വർണമോ വേണമെന്നത് സിന്ധുവിന്റെയും ഇന്ത്യയുടെയും ആഗ്രഹം. 

2017 ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ ജപ്പാനീസ് താരം നൊസോമി ഒകുഹാരയ്ക്കു മുന്നിൽ‌ വീണ സിന്ധു കഴിഞ്ഞ വർഷം കീഴടങ്ങിയത് സ്പെയിന്റെ കരോലിന മരിനു മുന്നിൽ.

ഇത്തവണ പരുക്കേറ്റ മരിൻ വിട്ടു നിൽക്കുന്നതിനാൽ ചൈനീസ്, ജപ്പാനീസ് താരങ്ങളാകും അഞ്ചാം സീഡ് സിന്ധുവിനു വെല്ലുവിളിയുയർത്തുക. ആദ്യ റൗണ്ടിൽ സിന്ധുവിനു ബൈ ലഭിച്ചിട്ടുണ്ട്. 

സിന്ധുവിനെ കൂടാതെ, ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും വെങ്കലവും പേരിലുള്ള സൈന നെഹ്‌വാളിലും ഇന്ത്യ വലിയ പ്രതീക്ഷയർപ്പിക്കുന്നു. എട്ടാം സീഡ് സൈനയ്ക്കും ആദ്യ റൗണ്ടിൽ ബൈ കിട്ടിയിട്ടുണ്ട്. ജയിച്ചു മുന്നേറിയാൽ സിന്ധുവും സൈനയും സെമിഫൈനലിൽ കണ്ടുമുട്ടും. 

പുരുഷ സിംഗിൾസിൽ കി‍ഡംബി ശ്രീകാന്ത്, സമീർ വർമ, ബി.സായ്പ്രണീത്, എച്ച്.എസ് പ്രണോയ് എന്നിവരാണ് മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾ. ആദ്യദിനം നാലു പേർക്കും മത്സരമുണ്ട്. 

പുരുഷ ഡബിൾസിൽ സാത്വിക്സായ്‌രാജ്–ചിരാഗ് ഷെട്ടി, മനു അത്രി–ബി.സുമീത് റെഡ്ഡി, എം.ആർ അർജുൻ–രാമചന്ദ്രൻ ശ്ലോക്, അരുൺ ജോർജ്–സന്യാം ശുക്ല സഖ്യങ്ങൾ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കുന്നു. വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–എൻ.സിക്കി റെഡ്ഡി, ജെ.മേഘ്ന–പൂർവിഷ എസ്. റാം, പൂജ ദണ്ഡു–സഞ്ജന സന്തോഷ് എന്നിവരും ഇറങ്ങും. 

മിക്സ്ഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര, എൻ.സിക്കി റെഡ്ഡി സഖ്യമാണ് ഇന്ത്യൻ പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com