ADVERTISEMENT

അട്ടിമറികളിലൂടെയാണു എച്ച്.എസ്.പ്രണോയ് ലോക ബാഡ്മിന്റൻ വേദികളിൽ പേരും പെരുമയുമുണ്ടാക്കിയത്. ലിൻ ഡാനു പുറമെ ലോക ഒന്നാം നമ്പർ താരങ്ങളായിരുന്ന ചെൻ ലോങും ലീ ചോങ് വെയുമെല്ലാം പ്രണോയിക്കു മുന്നിൽ‌ വീണിട്ടുണ്ട്. ലിൻ ഡാനെ വീഴ്ത്തിയതിനു പിന്നാലെ ലോക ചാംപ്യൻഷിപ്പ് വേദിയായ സ്വിറ്റ്സർലൻഡിലെ ബേസലിൽ നിന്ന് പ്രണോയ് മനോരമയ്ക്ക് അനുവദിച്ച പ്രത്യേക ഫോൺ അഭിമുഖം...

∙ ലിൻ ഡാൻ

ലിൻ ഡാനെപ്പോലെ ലോകനിലവാരത്തിലുള്ള താരത്തെ നേരിടുന്നത് എപ്പോഴും കടുപ്പമേറിയതാണ്. ലോകചാംപ്യൻഷിപ്പ് പോലുള്ള ഒരു വേദിയിലാകുമ്പോൾ പ്രത്യേകിച്ചും. ഈ ചാംപ്യൻഷിപ്പിൽ അത്രയ്ക്കു മികച്ച റെക്കോർഡ് ആണ് ലിൻ ഡാനുള്ളത്. മൂന്നാം ഗെയിമിന്റെ ആദ്യ ഘട്ടമായിരുന്നു നിർണായകം. അതിൽ വിജയിച്ചതോടെ എളുപ്പമായി.

∙ കെന്റോ മൊമോറ്റ

അടുത്ത മൽസരം നിലവിലെ ലോക ചാംപ്യനായ കെന്റോ മൊമോറ്റയുമായാണ്. ഇന്നത്തേക്കാൾ കടുപ്പമായിരിക്കും എന്നുറപ്പ്. ലോക ഒന്നാം നമ്പർ താരമായ മൊമോറ്റയ്ക്കെതിരെ പ്രത്യേക തന്ത്രമൊന്നുമില്ല. ഒരു മണിക്കൂറെങ്കിലും കളിക്കണം എന്നാണു ലക്ഷ്യം.

∙ പരുക്ക്

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് പരുക്കിന്റെ പിടിയിലായത്. ഈ വർഷം മാർച്ച് ആയപ്പോഴേക്കും ഇനി കളിക്കാൻ കഴിയുമോ എന്നു പോലും സംശയമായി. റാങ്കിങ് എട്ടിൽ നിന്ന് 30ലേയ്ക്കു താഴ്ന്നു. പിന്നീടാണ് ബെംഗളൂരുവിൽ ചികിൽസ നടത്തുന്നതും പരുക്കു ഭേദമാകുന്നതും. ഇതുപോലൊരു വിജയം തിരിച്ചുവരവിന് അനിവാര്യമായിരുന്നു. തിരുവനന്തപുരം ആനയറ ഈശാലയം റോഡിലെ തിരുമുറ്റം സുനിൽകുമാറിന്റേയും ഹസീനയുടേയും മകനാണ് പ്രണോയ്. 

∙ അർജുന അവാർഡിന് ഇനി അപേക്ഷിക്കില്ല

അർജുന അവാർഡിന്റെ മാനദണ്ഡം അനുസരിച്ചാണെങ്കിൽ എനിക്കാണു കിട്ടേണ്ടിയിരുന്നത്. 4 വർഷത്തെ വിജയങ്ങളും ലോകറാങ്കിങ്ങിലെ മുന്നേറ്റവും ഉൾപ്പെടെയുള്ള അർഹതയാണു പരിഗണിക്കേണ്ടത്. പക്ഷേ, എനിക്കു വേണ്ടി സംസാരിക്കാൻ ഡൽഹിയിൽ ആരുമില്ലാതെ പോയി. എന്തായാലും അർജുന അവാർഡിന് ഇനി അപേക്ഷിക്കില്ല.

English Summary: HS Prannoy Speaks after defeating Lin Dan in Badminton World Championships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com