ADVERTISEMENT

‘‘നിങ്ങൾ സിന്ധുവിന്റെ വിജയങ്ങളും പരാജയങ്ങളുമേ കണ്ടിട്ടുള്ളൂ. പുലർച്ചെ നാലിന് എഴുന്നേറ്റ് കോർട്ടിലേക്കു പോകുന്ന സിന്ധുവിനെ കണ്ടിട്ടില്ല. റിയോ ഒളിംപിക്സിനു മുൻപ് ആറുമാസം ഫോൺ വേണ്ടെന്നു വച്ച സിന്ധുവിനെയും കണ്ടിട്ടില്ല. ഇന്റർനെറ്റും വാട്സാപും സ്മാർട് ഫോണുമില്ലാതെ ഒരു ടീനേജ് താരം നിങ്ങൾക്കിടയിൽ പ്രാക്ടീസ്...പ്രാക്ടീസ് ...വീണ്ടും പ്രാക്ടീസ് ആയി ജീവിക്കുന്നു’’– ഒരു കോൺക്ലേവിൽ അതിഥിയായെത്തിയ സിന്ധുവിനെ അവതാരകൻ ബൊറിയ മജുംദാർ ഇങ്ങനെ വിശേഷിപ്പിച്ചപ്പോൾ സിന്ധു ഇടപെട്ടു പറഞ്ഞു: ‘ആറു മാസമല്ല സർ ഒൻപതുമാസം എനിക്ക് ഫോണില്ലായിരുന്നു’’.

ഫോബ്സ് മാസികയുടെ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഏഴാമത്തെ വനിതാ താരമാണ് പി.വി.സിന്ധു.

റിയോ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയപ്പോൾ സിന്ധുവിന് ലഭിച്ചത് 20 കോടിയുടെ ഉപഹാരങ്ങളാണ്. സ്പോർട്സ് ഉപകരണ നിർമാണക്കമ്പനി ലീ നിങ്ങുമായി ഒപ്പിട്ടത് 50 കോടിയുടെ കരാർ. എന്നാൽ സിന്ധു ഇന്ത്യൻ സ്പോർട്സിലെ എക്കാലത്തെയും വലിയ ഐക്കണായി ഉയരുമ്പോഴും അയലത്തെ പെൺകുട്ടിയെന്ന സ്നേഹനിർഭരമായ ഒരു ദൂരക്കുറവ് നമുക്ക് സിന്ധുവിനോടുണ്ട്.

ഇന്ത്യയിൽ ബാഡ്മിന്റനു ലഭിച്ച ജനപ്രീതികൊണ്ടു മാത്രമാണ് സിന്ധുവിന് ഇത്രയും വലിയ എൻഡോഴ്സ്മെന്റുകൾ ലഭിക്കുന്നതെന്നു കരുതിയെങ്കിൽ മാർക്കറ്റിങ് വിദഗ്ധർ ആ വാദം തള്ളുകയാണ്. സിന്ധുവിനോടുള്ള സ്നേഹം ബ്രാൻഡിനും ലഭിക്കുന്നു. സിന്ധുവിനെ ഒരു റോൾമോഡലായി മാതാപിതാക്കളും കുട്ടികളും കാണുന്നു.

സിന്ധുവിന്റെ ലോകകിരീട വിജയം ഒരു സ്മാഷിലൂടെയായിരുന്നു. ബാക്ക് കോർട്ടിൽനിന്നുള്ള ആ സ്മാഷിന് ആധികാരിക വിജയത്തിന്റെ കരുത്തുണ്ട്.

‘‘ ലോകബാഡ്മിന്റനിൽ അങ്ങനെ ശത്രുതാമനോഭാവം കളിക്കാർക്കിടയിലില്ല. ലോകസർക്യൂട്ടിൽ പലപ്പോഴും ഒരുമിച്ച് താമസിച്ച് ഒരുമിച്ചു യാത്ര ചെയ്യുന്നവരുടെ കൂട്ടായ്മയാണ് ഞാൻ കണ്ടിട്ടുള്ളത്. ഒരുമിച്ചു നീങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബമാണ് ബാഡ്മിന്റൻ. കളിക്കുമ്പോൾ അവർ‍ പ്രഫഷനലുകളാകുന്നു. ’’– കഴിഞ്ഞ വർഷം കൊച്ചി സന്ദർശിച്ചപ്പോൾ സിന്ധുവിന്റെ പിതാവ് പി.വി. രമണ പറഞ്ഞതാണിത്.

സിന്ധുവിന്റെ മെഡലുകൾ മഞ്ഞനിറമാകാൻ പ്രാർത്ഥിച്ച ഒരു ജനത ഇവിടെയുണ്ട്. 2013 ലെ ലോകകപ്പ് വെങ്കലം മുതൽ ക്ലാവുപിടിച്ച ഓർമകളെ തേച്ചുമിനുക്കി കാത്തിരുന്ന ജനത. ഒകുഹാരയോട്, കരോലിൻ മാരിനോട് ഓർത്തിരിക്കാൻ പാടുള്ള ഒരുപാട് ചൈനീസ് പേരുകളോട് ഞങ്ങൾക്ക് ഒരു ഗെയിമിന്റെ മാത്രം ആയുസ്സുള്ള പരിഭവങ്ങൾ മാത്രം. കാരണം, 110 മിനിറ്റിൽ കൈവിട്ട വിജയം 37 മിനിറ്റിൽ‍ തിരിച്ചുപിടിച്ചപ്പോൾ ഞങ്ങളും പറയുന്നു – ലവ് ഓൾ‍...

∙ സിന്ധുവിന്റെ ജീവിതകഥ സിനിമയിലും

പി.വി. സിന്ധുവിന്റെ ജീവിതം സിനിമയാക്കാനുളള ഒരുക്കം തുടങ്ങി. പ്രശസ്ത നടനും നിർമാതാവുമായ സോനു സൂദാണ് സ്പോർട്സ് ബയോപിക്കിന്റെ അണിയറയിൽ. 2017ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ പേര് ‘സിന്ധു’ എന്നു തന്നെ. ചിത്രത്തിൽ പുല്ലേല ഗോപീചന്ദിന്റെ റോൾ സോനു തന്നെ കൈകാര്യം െചയ്യുമെന്നറിയിച്ചിരുന്നു. സിന്ധുവിന്റെ വേഷം അവതിരിപ്പിക്കുന്നത് ആരെന്നത് സസ്പെൻസാണിപ്പോഴും. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും.

English Summary: P.V. Sindhu, The Tale of An Emerging Women Super Star in Indian Sports History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com