ADVERTISEMENT

നൂർ സുൽത്താൻ (കസാഖ്സ്ഥാൻ) ∙ ഹരിയാനയിലെയും പഞ്ചാബിലെയും പൊടി പുരണ്ട അഖാഡകളിൽ നിന്നു കയറി ഇന്ത്യൻ താരങ്ങൾ വീണ്ടും ലോകവേദിയിൽ ഗുസ്തി പിടിക്കാനിറങ്ങുന്നു. ഇന്നു കസാഖ്സ്ഥാനിൽ ലോക ഗുസ്തി ചാംപ്യൻഷിപ്പിനു തുടക്കമാകുമ്പോൾ 2 ലക്ഷ്യങ്ങളാണ് ലോക ഗുസ്തിയുടെ നെറുകയിലേക്കു മൽപിടിത്തത്തിലൂടെ കയറിയ ഉത്തരേന്ത്യൻ ‘കുശ്തി’ താരങ്ങൾക്കു മുന്നിൽ: ഒന്ന്, ലോക വേദിയിൽ ഒരു മെഡൽ. രണ്ട്, ടോക്കിയോ ഒളിംപിക്സ് യോഗ്യത. ഒളിംപിക്സ് മെഡൽ നേടിയ കെ.ഡി.ജാദവ് മുതൽ സുശീൽകുമാറും സാക്ഷി മാലിക്കും വരെ എത്തിനിൽക്കുന്നു ഇന്ത്യൻ ഗുസ്തിപ്പെരുമ. ഭീമന്റെയും യുധിഷ്ഠിരന്റെയും പിൻമുറക്കാരിൽനിന്നു രാജ്യം വീണ്ടും പ്രതീക്ഷിക്കുന്നതു പത്തരമാറ്റുള്ള സുവർണനേട്ടങ്ങൾ. 

കമോൺ ബജ്‌രംഗ് 

PTI10_22_2018_000144B

ഈ സീസണിലെ 4 ചാംപ്യൻഷിപ്പുകളിലും സ്വർണം നേടിയാണ് ഇരുപത്തഞ്ചുകാരൻ ബജ്‌രംഗ് പുനിയയുടെ വരവ്. 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ നിലവിലെ ലോക ഒന്നാം നമ്പർ. ലോക റാങ്കിങ്ങിൽ മുന്നി‍ൽ നിൽക്കുന്ന ഒരേയൊരു ഇന്ത്യൻ താരം. ലോക ചാംപ്യൻഷിപ്പിൽ 2 മെഡൽ നേടിയിട്ടുള്ള ഏക ഇന്ത്യൻ താരമാണു ബജ്‌രംഗ്. കഴിഞ്ഞ വർഷം 65 കിലോ ഫൈനലിൽ ജപ്പാന്റെ പത്തൊമ്പത്തുകാരൻ തകുട്ടോ ഒട്ടോഗുറോയോടു തോറ്റ് വെള്ളിയിലൊതുങ്ങി. 2013ൽ വെങ്കലം. അടുത്തയിടെയായി താരത്തിന്റെ കാൽ ലക്ഷ്യമാക്കിയാണ് എതിരാളികളുടെ പിടിത്തം. ആ ദൗർബല്യം മറികടക്കാനായാൽ ബജ്‌‌രംഗിലൂടെ രാജ്യം മെഡൽ കഴുത്തിലണിയും. റഷ്യയുടെ ഗാദ്‌ഷിമുറാദ് റാഷിദോവ്, ബഹ്റൈന്റെ ഹാജി മുഹമ്മദ് അലി എന്നിവരുടെ വെല്ലുവിളികൾ മറികടക്കുകയും വേണം. 

ക്ലാസ് വിനേഷ് 

vinesh

വനിതാ ഫ്രീസ്റ്റൈൽ 50 കിലോ വിഭാഗത്തിൽനിന്ന് 53 കിലോ വിഭാഗത്തിലേക്കു മാറിയാണു വിനേഷ് ഫോഗട്ട് ഈ സീസണിൽ മത്സരിച്ചത്. ആദ്യം പ്രയാസങ്ങളുണ്ടാക്കിയെങ്കിലും 5 ചാംപ്യൻഷിപ്പുകളി‍ൽ ഫൈനലിൽ കടന്നു. മൂന്നിടത്തു സ്വർണം നേടി. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടുന്ന ഈ ഇരുപത്തഞ്ചുകാരിയെ കടുത്ത എതിരാളികളാണു ലോകവേദിയിൽ കാത്തിരിക്കുന്നത്. ലോക ചാംപ്യൻഷിപ്പിൽ ഒരൊറ്റ ഇന്ത്യക്കാരിയും ഇതുവരെ സ്വർണം നേടിയിട്ടില്ലെന്ന ചരിത്രം തിരുത്താൻ താരത്തിനു കഴിയുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

എവർഗ്രീൻ സുശീൽ 

PTI4_12_2018_000027B

ലോക ചാംപ്യൻഷിപ്പിൽ സ്വർണം (ഫ്രീസ്റ്റൈൽ) നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ ഗുസ്തി താരമേയുള്ളൂ: സുശീൽ കുമാർ. 2 തവണ ഒളിംപിക്സ് മെഡൽ നേടിയിട്ടുള്ള താരം 8 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ ലോക വേദിയിൽ മത്സരിക്കാൻ ഇറങ്ങുന്നത്. 74 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണു മത്സരം. 2010ലെ മോസ്കോ ലോക ചാംപ്യൻഷിപ്പിൽ ആതിഥേയരുടെ അലൻ ഗൊഗേവിനെ 66 കിലോ വിഭാഗത്തിൽ മലർത്തിയടിച്ചാണു സുശീൽ ചരിത്ര സ്വർണത്തിൽ പിടിത്തമിട്ടത്. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി 36–കാരൻ സുശീൽ അവസാന ശ്രമത്തിനിറങ്ങുകയാണ്. 

തിരിച്ചു വരാൻ സാക്ഷി

PTI8_18_2016_000069B

റിയോ ഒളിംപിക്സിൽ സ്വപ്ന മെഡൽ സ്വന്തമാക്കിയ സാക്ഷി മാലിക്ക് പക്ഷേ, ഇപ്പോൾ മോശം ഫോമിലാണ്. 2017ലെ കോമൺവെൽത്ത് സ്വർണത്തിനുശേഷം കിരീടവിജയങ്ങളൊന്നും ഈ പൊൻതാരത്തിനില്ല. ഈ സീസണിൽ ലോക ചാംപ്യൻ പെട്രാ ഒല്ലിയെ ഞെട്ടിച്ചതുമാത്രമാണ് ഏക നേട്ടം. സീസണിൽ 2 വീതം സ്വർണവും വെള്ളിയും നേടിയ ഡൽഹിയുടെ ഇരുപത്തിയൊന്നുകാരി ദിവ്യ കാക്രൺ മികച്ച ഫോമിലാണ്. കഴിഞ്ഞ തവണ വെങ്കല മെഡൽ നേടിയ പൂജ ദണ്ഡയും രംഗത്തുണ്ട്. 

ലോക ചാംപ്യൻഷിപ് മത്സരങ്ങൾ എങ്ങനെ

പുരുഷൻമാർക്കു ഫ്രീസ്റ്റൈൽ, ഗ്രീക്കോ റോമൻ എന്നിങ്ങനെ 2 വിഭാഗങ്ങളിൽ മത്സരമുണ്ട്. വനിതകൾക്കു ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മാത്രമേ മത്സരമുള്ളൂ. 3 വിഭാഗങ്ങളിലെ 6 ഭാരയിനങ്ങളിലായി 6 ഒളിംപിക് ക്വോട്ടയാണു ചാംപ്യൻഷിപ്പിനുള്ളത്. 

ലോക മീറ്റിൽ ഫ്രീസ്റ്റൈലിൽ 10 ഭാരവിഭാഗങ്ങളിൽ മത്സരമുണ്ടെങ്കിലും ഒളിംപിക്സിൽ 57 കിലോ, 65, 74, 86, 97, 125 കിലോ എന്നിങ്ങനെ 6 വിഭാഗങ്ങളിലേ മത്സരമുള്ളൂ. 

റഷ്യയാണ് ലോക ചാംപ്യൻഷിപ്പിലെ നിലവിലെ ജേതാക്കൾ. യുഎസ് 2–ാം സ്ഥാനക്കാർ. ഒരു വെള്ളിയും ഒരു വെങ്കലവുമായി ഇന്ത്യ 19–ാം സ്ഥാനത്തായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com