ADVERTISEMENT

വിശ്വകായികമേള എന്നു വിശേഷിപ്പിക്കാവുന്ന ഒളിംപിക്സിൽ ഒരു മൽസരം ഉൾപ്പെടുത്താതെപോയതുകൊണ്ടു മാത്രം പിറവിയെടുത്തൊരു അത്‍ലറ്റിക് മഹാമേളയുണ്ട്– ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പ്. ലോകകായികരംഗത്തെ രണ്ടു പ്രധാന സംഘടനകൾ തമ്മിലുള്ള ചെറിയൊരു സൗന്ദര്യപ്പിണക്കമാണ് ലോകചാംപ്യൻഷിപ്പ് യാഥാർഥ്യമാകാൻ കാരണമായത്. ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ 17–ാം പതിപ്പ് ദോഹയിൽ പുരോഗമിക്കുമ്പോൾ, രസകരമായ ആ ചരിത്രത്തിലൂടെ ഒരു യാത്ര...

ഒളിംപിക്സിനെ നിയന്ത്രിക്കുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും ലോക അത്‍ലറ്റിക്സിനെ നിയന്ത്രിക്കുന്ന രാജ്യാന്തര അത്‍ലിറ്റിക് ഫെഡറേഷനും (ഐഎഎഎഫ്) തമ്മിൽ ഒരു മൽസരയിനത്തെച്ചൊല്ലിയുള്ളതായിരുന്നു ആ ഭിന്നത. 1976ലെ മോൺട്രിയോൾ ഒളിംപിക് മേളയിൽനിന്ന് പുരുഷൻമാരുടെ 50 കിലോമീറ്റർ നടത്തം ഒഴിവാക്കിയതാണ് അത്‍ലറ്റിക്സിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ പിറവിക്ക് വഴിവെച്ചത്. പുരുഷൻമാരുടെ 50 കിലോമീറ്റർ നടത്തം 1932ലെ ലൊസാഞ്ചലസ് ഒളിംപിക്സ് മുതൽ വാശിയോടെ നടന്നുവന്നിരുന്ന മൽസരയിനമായിരുന്നു. അത് ഒഴിവാക്കാൻ ഒളിംപിക് സംഘടന തീരുമാനിച്ചത് രാജ്യാന്തര ഒളിംപിക് കമ്മറ്റിയും രാജ്യാന്തര അത്‍ലിറ്റിക് ഫെഡറേഷനും തമ്മിലുള്ള പിണക്കത്തിനാണ് വഴിവെച്ചത്. അതുവരെ ഒളിംപിക്സായിരുന്നു അത്‍ലറ്റിക്സിന്റെ ലോക ചാംപ്യൻഷിപ്പ്.

1976 ഒളിംപിക്സ് അവസാനിച്ച് ഒന്നര മാസത്തിനുള്ളിൽത്തന്നെ മറ്റൊരു കായികമേള നടത്തി അത്‍ലറ്റിക് ഫെഡറേഷൻ പകരംവീട്ടി. സ്വീഡനിലെ മാൽമോയായിരുന്നു േവദി. 20 രാജ്യങ്ങളിൽനിന്നുള്ള 42 അത്‍ലിറ്റുകൾ പങ്കെടുത്തു. ഒരൊറ്റ മൽസരം മാത്രമാണ് നടന്നത്: പുരുഷൻമാരുടെ 50 കിലോമീറ്റർ നടത്ത മൽസരം. സോവിയറ്റ് യൂണിയന്റെ വെനിയാമിൻ സോൾഡാടെന്‍കോ ജേതാവായി. നാലു വർഷത്തിനുശേഷം 1980ൽ നടന്ന മോസ്കോ ഒളിംപിക്സിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസും 3000 മീറ്റർ ഓട്ടമൽസരവും ഒഴിവാക്കിയത് വീണ്ടുമൊരു കായികമേളയ്ക്ക് വഴിവെച്ചു. ഈ രണ്ട് ഇനങ്ങൾ മാത്രം ഉൾപ്പെടുത്തി നെതർലൻഡ്സിലെ സിറ്റാർഡിൽ വീണ്ടുമൊരു മേള.

∙ ഇത് ‘അത്‍ലറ്റിക്സിന്റെ ഒളിംപിക്സ്’

അത്‍ലറ്റിക്സിനായി ഒരു കായികമേള എന്ന ആശയത്തിന് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വിശ്വകായികമേളയായ ഒളിംപികസ് തന്നെയാവട്ടെ അത്‍ലറ്റിക്സിനായുള്ള ലോക കായികവേദി എന്നായിരുന്നു 1913ൽ ഐഎഎഎഫിന്റെ തീരുമാനം. 1960കളിൽ അത്‍ലറ്റിക്സിനായി ഒരു ലോകചാംപ്യൻഷിപ്പ് എന്ന ആശയവുമായി വീണ്ടും പലരും രംഗത്തെത്തി. 1976ൽ പ്യൂർട്ടോ റിക്കോയിൽ ചേർന്ന ഐഎഎഎഫ് യോഗത്തിലാണ് അത്‍ലറ്റിക്സ് ലോക ചാംപ്യൻഷിപ്പ് എന്ന ആശയം ഉടലെടുത്തത്. അങ്ങനെ 1983ൽ ആദ്യ മേള നടത്താൻ തീരുമാനമായി.

1952 ഒളിംപിക്സിന് വേദിയൊരുക്കിയ ഹെൽസിങ്കി ഒളിംപിക് സ്റ്റേഡിയത്തിൽ പ്രഥമ ലോക ചാംപ്യൻഷിപ്പിന്  തിരിതെളിഞ്ഞു. (1976ലും 1980ലും മേള നടന്നെങ്കിലും 1983ൽ ഹെൽസിങ്കിയില്‍ നടന്ന മേളയാണ് പ്രഥമ ചാംപ്യന്‍ഷിപ്പായി പരിഗണിക്കുന്നത്. 1976ൽ ഒരിനവും 1980ൽ വനിതകളുടെ രണ്ട് ഇനങ്ങളും മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ). 

1983ൽ 154 രാജ്യങ്ങളിൽനിന്നായി 1300 അത്‍ലീറ്റുകൾ പങ്കെടുത്തു. 41 വിഭാഗങ്ങളിലായി മൽസരങ്ങൾ നടന്നു. 36 വർഷങ്ങൾക്കിപ്പുറം പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 209 ആയി ഉയർന്നു. ആകെ 49 വിഭാഗങ്ങളിലായി മല്‍സരങ്ങൾ  നടക്കുന്നു. പങ്കെടുക്കുന്ന അത്‌ലീറ്റുകളുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ആദ്യ കാലങ്ങളിൽ നാലുവർഷത്തിലൊരിക്കൽ നടന്നിരുന്ന മേള പിന്നീട് രണ്ടു വർഷത്തിലൊരിക്കൽ എന്ന രീതിയിൽ സംഘടിപ്പിക്കുന്നു. ഇപ്പോൾ ദോഹയിൽ നടക്കുന്നത് ലോക ചാംപ്യൻഷിപ്പിന്റെ 17–ാമത് പതിപ്പാണ്. 

∙ റെക്കോർഡുകളുടെ മേള

ലോക ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം യുഎസ് ആണ്– 164 സ്വ‍ർണമടക്കം 370 മെഡലുകൾ (ഒക്ടോബർ മൂന്നു വരെയുള്ള കണക്കുകൾ). തൊട്ടുപിന്നിൽ കെനിയയും റഷ്യയും. ഏറ്റവും കൂടുതൽ സ്വർണവും കൂടുതൽ മെഡലുകൾ നേടിയ പുരുഷ താരം ജമൈക്കയുടെ ഉസൈൻ ബോൾട്ടാണ് (11 സ്വർണം, 2 വെള്ളി, 1 വെങ്കലം, ആകെ 14 മെഡലുകൾ). ഏറ്റവും കൂടുതൽ സ്വർണവും കൂടുതൽ മെഡലുകളും നേടിയ വനിതാതാരം അമേരിക്കയുടെ അലിസൻ ഫെലിക്സാണ് (12 സ്വർണം, 3 വെള്ളി, 2 വെങ്കലം, ആകെ 17 മെഡലുകൾ). 

∙ ‘സ്ഥിരം സാന്നിധ്യം’

ഏറ്റവും കൂടുതൽ മേളകളിൽ പങ്കെടുത്ത താരം എന്ന ബഹുമതി സ്പെയിനിന്റെ ജെസ്യൂസ് ഏഞ്ചൽ ഗാർസി ബ്രഗാഡോയ്ക്ക് അവകാശപ്പെട്ടതാണ്. 1993 മുതൽ എല്ലാ മേളകളിലും പങ്കെടുക്കുന്നു. 50 കി. മീ. നടത്തമൽസരമാണ് ഇനം. വിവിധ മേളകളിൽനിന്നായി ഒരു സ്വർണവും മൂന്നു വെള്ളിയും അദ്ദേഹം നേടിയിട്ടുണ്ട്. 49–ാം വയസിൽ ഇക്കുറിയും അദ്ദേഹം ദോഹയിലെത്തി.

∙ മലയാളത്തിന്റെ നേട്ടം

2003 പാരിസ് മേളയിൽ അഞ്ജു ബോബി ജോർജ് ലോങ്ജംപിൽ നേടിയ വെങ്കലമാണ് ഇന്ത്യയുടെ പേരിലുള്ള ഏക മെഡൽ.  അന്ന് 6.70 മീറ്റർ ചാടിക്കടന്നാണ് അഞ്ജു ഇന്ത്യയുടെ ആദ്യ മെഡൽ ജേതാവാകുന്നത്. ഫ്രാൻസിന്റെ യൂനിസ് ബാർബർ സ്വർണവും (6.99മീ) റഷ്യയുടെ തത്യാന കൊടോവ  വെള്ളിയും (6.74മീ) നേടിയപ്പോൾ തന്റെ അഞ്ചാം ശ്രമത്തിലാണ് അഞ്‌ജു മികച്ച ദൂരം കണ്ടെത്തിയത്. 

English Summary: 2019 World Athletics Championships, History

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com