ADVERTISEMENT

പാലാ ∙ ആരവങ്ങളും ആർപ്പുവിളികളും മാത്രം ഉയർന്നു കേൾക്കാറുള്ള അത്‌ലറ്റിക്സ് മത്സരവേദി നടുങ്ങിയ ദിനമായിരുന്നു ഇന്നലെ. പാലാ നഗരസഭാ സ്റ്റേഡിയത്തി‍ൽ നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ചു വിദ്യാർഥിക്കു ഗുരുതര പരുക്കേറ്റ സംഭവത്തോടെ ട്രാക്കും ഫീൽഡും നിശ്ചലമായി. ഗുരുതരമായി പരുക്കേറ്റ പാലാ സെന്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി അഫീൽ ജോൺസൺ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന പ്രാർഥനയിലാണ് കായികകേരളം. ഇന്നലെ ഉച്ചയ്ക്ക് 12.10നാണു കായിക കേരളത്തെ നടുക്കിയ അപകടം സംഭവിച്ചത്.

മത്സരത്തിനിടെ വിദ്യാർഥിക്കു ഹാമർ വീണു ഗുരുതര പരുക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഇന്നും നാളെയുമായി നടക്കാനിരുന്ന മത്സരങ്ങൾ മാറ്റിവച്ചു. മേള നടത്തിപ്പ് സംബന്ധിച്ച മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. അതിനിടെ, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അഫീലിനുവേണ്ടി ഇന്നു വൈകിട്ട് ആറ് മണിക്ക് അദ്ദേഹത്തിന്റെ മാതൃ ഇടവകയായ സിഎസ്ഐ ചോവൂർ സെന്റെ മാത്യൂസ് പള്ളിയിൽ പ്രത്യേക പ്രാർത്ഥന യോഗം നടത്തും. ഇടവക വികാരി റവ. ബിജു ജോസഫ് പ്രാർഥനയ്ക്ക് നേതൃത്വം നൽകും.

ഗ്രൗണ്ടിൽ സംഭവിച്ചതെന്ത്

അണ്ടർ 18 പെൺകുട്ടികളുടെ ഹാമർത്രോ മത്സരം നടക്കുന്നു. ഒറ്റ നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. 40 മീറ്ററോളം ഉയരത്തിൽ നിന്നു പറന്നു വന്ന 3 കിലോ ഭാരമുള്ള ലോഹഗോളം, അഫീൽ ജോൺസന്റെ (16) തല തകർത്തു. ഹാമർത്രോ മത്സരവേദിക്കു തൊട്ടുസമീപം നടന്ന ജാവലിൻ മത്സരത്തിൽ സഹായിക്കാൻ നിന്നിരുന്ന അഫീലിന്റെ നെറ്റിയിലാണു ഹാമർ വന്നു വീണത്.

state-junior-athletics-meet-hammer-throw-JPG

ജാവലിൻ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹാമർ പറന്നു വരുന്നതു കണ്ട് സമീപത്തു നിന്നവർ അലറി വിളിച്ചപ്പോൾ അഫീൽ കുനിഞ്ഞിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും നെറ്റിയുടെ ഇടതുഭാഗം തകർത്തു ഹാമർ പതിച്ചു കഴിഞ്ഞിരുന്നു.

അപകടത്തിന് കാരണമെന്ത്

ഒരേ സമയത്ത് അടുത്തടുത്തായി രണ്ടു ത്രോ ഇനങ്ങൾ സംഘടിപ്പിച്ചതാണ് അപകടത്തിനു മുഖ്യകാരണം. വനിതാ ഹാമർത്രോ സർക്കിളിന്റെ തൊട്ടടുത്തുതന്നെയായിരുന്നു അണ്ടർ 18 ആൺകുട്ടികളുടെ ജാവലിൻത്രോ മത്സരവും നടന്നത്. രണ്ടു ത്രോ ഇനങ്ങളുടെയും ഫീൽഡുകൾ (ഏറ് പതിക്കുന്ന സ്ഥലം) ഒരിടം തന്നെയായിരുന്നു.

ഹാമർ ത്രോയിൽ ഒരു ഏറ് കഴിഞ്ഞാൽ ഒരു ജാവലിൻ ത്രോ എന്ന ക്രമത്തിലായിരുന്നു മത്സരം പുരോഗമിച്ചത്. ഒരേസമയത്തു രണ്ടു മത്സരങ്ങളും നടന്നതോടെ ഹാമറും ജാവലിനും എടുത്തു കൊടുക്കേണ്ട കുട്ടികൾ ഫീൽഡിലുണ്ടായിരുന്നു. ശ്രദ്ധയോടെയാണു കാര്യങ്ങൾ നടന്നതെങ്കിലും ഒരു നിമിഷം എല്ലാം തെറ്റി.

എന്താണ് ഹാമർ ത്രോ മത്സരം

ഇരുമ്പുകമ്പിയിൽ തൂക്കിയിട്ട ലോഹഗോളം ഒരു വൃത്തത്തിനുള്ളിൽ (ത്രോ സർക്കിൾ) നിന്നുകൊണ്ട് ചുഴറ്റി എറിയുന്ന കായികയിനമാണു ഹാമർത്രോ. ഇരുമ്പുതൂണുകളിൽ ഉറപ്പിച്ച വലയ്ക്കുള്ളിലാണു സർക്കിൾ. ഹാമർ പുറത്തേക്ക് എറിയേണ്ട ഭാഗം മാത്രം തുറന്നിട്ടിരിക്കും. ആ ഭാഗത്തുകൂടി പുറത്തുപോയി ഗ്രൗണ്ടിൽ നിശ്ചിത മേഖലയിൽ പതിക്കുന്ന ത്രോയുടെ ദൂരം അളന്നാണു വിജയിയെ നിശ്ചയിക്കുന്നത്.

അപകടങ്ങൾ ഇതിനു മുൻപും

കായികമേളയ്ക്കിടെ അപകടങ്ങൾ ആദ്യമായല്ല. 2008ൽ തൊടുപുഴയിൽ സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ, സഹപാഠി എറിഞ്ഞ ജാവലിൻ തലയിൽ തറച്ചു മുതലക്കോടം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി അബിൻ ജലീൽ (12) മരിച്ചതാണ് പഴയ ദുരന്തങ്ങളിൽ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ.

മലപ്പുറം ജില്ലയിലെ എടക്കരയിൽ സ്കൂൾ കായികമേളയ്ക്കിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിനിക്ക് ഗുരതരമായി പരുക്കേറ്റതും 2008ൽ ആണ്. 2011ൽ കായിക മൽസരങ്ങൾക്കിടെ ഹൈജംപിന്റെ ക്രോസ്‌ബാറായി വച്ചിരുന്ന ജാവലിൻ സ്‌റ്റിക് കണ്ണിൽ തറച്ച് പട്ടാഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയുടെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

വേണ്ടത് ജാഗ്രത: എസ്.പഴനിയാപിള്ള (ദേശീയ അത്‍‍ലറ്റിക് ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി മുൻ ചെയർമാൻ)

ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ ഏറ്റവും അപകടം പിടിച്ചവയാണു ത്രോ ഇനങ്ങൾ. അവയിൽത്തന്നെ അപകടസാധ്യത ഏറെയുള്ളതാണു ഹാമർത്രോ, ജാവലിൻത്രോ, ഡിസ്കസ് ത്രോ എന്നിവ. മത്സരം നിയന്ത്രിക്കുന്നവർ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഏതു നിമിഷവും അപകടം സംഭവിക്കാം. ഹാമർത്രോ നടത്തുമ്പോൾ ഇരുമ്പുകൂടും വലയും നിർബന്ധം. ജാവലിനും ഡിസ്കസും നടക്കുമ്പോൾ ഫീൽഡിൽ (ത്രോ ചെന്നു പതിക്കുന്ന ഗ്രൗണ്ടിലെ സ്ഥലം) ആരും നിൽക്കാൻ പാടില്ല. ഫീൽഡിൽ ഹൈ പോയിന്റ്, ലോ പോയിന്റ്, ബൗൺസിങ് പോയിന്റ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളുണ്ട്.

ഏറ്റവും പ്രധാനം, സുരക്ഷാമേഖലയാണ് (സേഫ്റ്റി സോൺ). ഓരോ ഇനത്തിലും അത്‍‍ലിറ്റ് നിൽക്കുന്ന സർക്കിളിൽനിന്ന് നിശ്ചിത അകലത്തിലാണു സുരക്ഷാ മേഖല. ദൂരം അളക്കാൻ ചുമതലപ്പെട്ടവർ അവിടെ മാത്രമേ നിൽക്കാൻ പാടുള്ളൂ. ചിലപ്പോൾ അത്‍‍ലിറ്റിന്റെ കയ്യിൽനിന്ന് ദിശതെറ്റി ഹാമറും ജാവലിനും ഡിസ്കസും പോകാമെന്നതിനാൽ, സുരക്ഷാമേഖലയിൽ നിൽക്കുന്നവരും ഏറെ ശ്രദ്ധിക്കണം. ത്രോ ഇനങ്ങളിലെ സുരക്ഷ സംബന്ധിച്ച് ആധികാരികമായ അറിവു നേടിയവർ ഇന്ത്യയിൽത്തന്നെ കുറവാണ്. സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം കർശനമാക്കുക, മത്സരം നടക്കുമ്പോൾ ഓരോ നിമിഷവും ജാഗ്രത പുലർത്തുക. അപകടങ്ങൾ ഒഴിവാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല.

ആർഡിഒ അനിൽ ഉമ്മൻ: പ്രാഥമിക അന്വേഷണത്തിൽ സംഘാടകരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നു കണ്ടെത്തി. വേണ്ടത്ര സുരക്ഷയും ഒരുക്കിയിരുന്നില്ല.

മന്ത്രി ഇ.പി.ജയരാജൻ: സംഘാടകരുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കും. കായികമേളകളിൽ സുരക്ഷ വർധിപ്പിക്കാൻ നടപടിയെടുക്കും.

സംഘാടകർ: പരുക്കേറ്റ വിദ്യാർഥിയുടെ പേര് വൊളന്റിയർ പട്ടികയിൽ ഇല്ലായിരുന്നു. ഫീൽഡിൽ പ്രവേശിക്കരുതെന്നു വിലക്കാറുണ്ടെങ്കിലും പലപ്പോഴും മത്സരത്തിനിടെ ഇതു പാലിക്കപ്പെടാറില്ല. നിലവാരമുള്ള ഒഫീഷ്യലുകളാണു മത്സരം നിയന്ത്രിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com