ADVERTISEMENT

ഇന്നലെ മുംബൈ നഗരത്തിന്റെ ഒച്ചയും ഉച്ചഭാഷിണിയുമായത് വാങ്കഡെ, ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയങ്ങളൊന്നുമായിരുന്നില്ല. വർളിയിലെ നാഷനൽ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ എന്ന സർദാർ വല്ലഭ്‌ഭായ് പട്ടേൽ സ്റ്റേഡിയമായിരുന്നു. എൻബിഎ ബാസ്കറ്റ്ബോൾ ഇന്ത്യയിൽ അരങ്ങേറുന്ന ചരിത്രനിമിഷത്തിനു കാണികളായെത്തിയ 3000 കുട്ടികൾ ആവേശത്തോടെ ഒന്നിച്ചിരമ്പി, തൊട്ടപ്പുറത്തെ അറബിക്കടലിനെ വെല്ലുവിളിച്ചു. മത്സരത്തിൽ സാക്രമന്റോ കിങ്സിന്റെ വെല്ലുവിളി ഇന്ത്യാനാ പേസേഴ്സ് മറികടന്നു (132–131).

ഒഴുക്കുവെള്ളത്തിൽ പുളയ്ക്കുന്ന മീൻപോലെ ഡിആരോൺ ഫോക്സ് തന്നേക്കാൾ ഉയരക്കാരായ എതിരാളികൾക്കിടയിലൂടെ തുളച്ചുകയറിയ ആദ്യനിമിഷങ്ങളിൽ കിങ്സ് പോയിന്റുകൾ തുടരെ വാരി. പേസേഴ്സിന്റെ കുന്തമുനയായ മൈൽസ് ടേണറിന് തിളങ്ങാൻ കഴിഞ്ഞതുമില്ല. ആദ്യ ക്വാർട്ടർ തീരുമ്പോഴേക്ക് കിങ്സ് 10 പോയിന്റിന്റെ മേൽക്കൈ നേടിക്കഴിഞ്ഞിരുന്നു (39–29). രണ്ടാം ക്വാർട്ടറിൽ ബൊഗ്ദാൻ ബോഗ്ദനോവിച് കിങ്സിന്റെ കുതിപ്പിനു കരുത്തു പകർന്നു. ഇടവേളയ്ക്കു പിരിയുമ്പോൾ കിങ്സ് തന്നെ മുന്നിൽ (72–59).

ആദ്യപകുതിയിലെ കത്തിക്കലിന്റെ ക്ഷീണമാകാം, 2–ാം പകുതിയുടെ തുടക്കത്തിൽ കിങ്സ് പതറി. 13 പോയിന്റ് വ്യത്യാസം വെറും 3 പോയിന്റിലേക്കു മാറി. മൂന്നാം ക്വാർട്ടറിൽ 33–25ന്റെ ആധിപത്യം പേസേഴ്സ് ഉറപ്പിച്ചതോടെ നാലാം ക്വാർട്ടർ തീക്കളിയായി. 111–102 എന്ന ലീഡിൽനിന്ന് പേസേഴ്സ് പക്ഷേ സ്കോർ 106–111 ആക്കി. അവസാന 2 മിനിറ്റിലെ പോരിൽ 118–118. കളി അധിക സമയത്തിലേക്ക്. അധികമായി അനുവദിച്ച 5 മിനിറ്റിൽ പേസേഴ്സ് ഉജ്വലഫോമിലേക്ക് ഉയർന്നു. കിങ്സിന് തുടരെ പിഴയ്ക്കുകയും ചെയ്തു.

‘അഞ്ചു വർഷത്തിനകം ഇന്ത്യയിലും ലീഗ് ’

അഞ്ചു വർഷത്തിനകം ഇന്ത്യയിൽ ബാസ്കറ്റ്ബോൾ ലീഗ് തുടങ്ങുന്നത് ആലോചനയിലുണ്ടെന്ന് എൻബിഎ കമ്മിഷണർ ആദം സിൽവർ. അപ്പോഴേക്ക് ഇന്ത്യയിൽനിന്നൊരാൾ എൻബിഎ കളിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സിൽവർ പറഞ്ഞു. ചൈനയിൽ എൻബിഎയ്ക്കുണ്ടായ മുന്നേറ്റം ഇന്ത്യയെ സംബന്ധിച്ചും പ്രതീക്ഷ നൽകുന്നതാണ്. ചൈനയിലും ആഫ്രിക്കയിലും കൈവരിച്ച നേട്ടങ്ങളുടെ ചുവടുപിടിച്ചാവും ഇന്ത്യയിലും മുന്നേറുക. എൻബിഎ നിലവാരമുള്ള മൽസരവേദികൾ ആവശ്യത്തിനില്ല എന്നതാണ് ഇന്ത്യയിലെ പ്രശ്നം.

മുംബൈയിലെ സ്റ്റേഡിയത്തിൽ 5000 കാണികൾക്കാണ് ഇരിപ്പിടമുള്ളത്. യുഎസ്സിലും കാനഡയിലും 17,000–18,000 പേരാണ് ഓരോ സ്റ്റേഡിയത്തിലും കളി കാണുന്നത്. സാക്രമെന്റോ കിങ്സ് ഉടമ വിവേക് രണദിവെയുമായി ഇന്ത്യയിൽ 12 ടീമുള്ള ലീഗ് തുടങ്ങുന്നകാര്യം ചർച്ച ചെയ്തെന്നും ആദം സിൽവർ പറഞ്ഞു.ഇന്ത്യയിൽ ബാസ്കറ്റ്ബോളിന്റെ വളർച്ചയ്ക്ക് എൻബിഎ സാമ്പത്തിക നിക്ഷേപം നടത്തുമെങ്കിലും താൻ കബഡി ടീമിൽ പണം മുടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സാക്രമെന്റോ

കിങ്സ് ഉടമ വിവേക് രണദിവെ പറഞ്ഞു. ഏതു ടീമിൽ പണം മുടക്കുമെന്നും എന്നാണതു സംഭവിക്കുക എന്നും ഇപ്പോൾ പറയാനാവില്ല. ബാസ്കറ്റ്ബോളിനു പുറത്തു നിക്ഷേപം നടത്തുകയാണെങ്കിൽ അതു കബഡിയിൽ ആയിരിക്കുമെന്നും മുംബൈയിൽ ജനിച്ചു 17–ാം വയസ്സിൽ യുഎസ്സിലേക്കു കുടിയേറിയ ബിസിനസ്സുകാരൻ പറഞ്ഞു.

കളി കാണാൻ 85,000 രൂപ!

ഇന്ത്യൻ കായികരംഗം കണ്ടതിൽ ഏറ്റവും കൂടിയ ടിക്കറ്റ് നിരക്കാണ് ഇന്ന് നടക്കുന്ന എൻബിഎ മൽസരം കാണാൻ. ടിക്കറ്റൊന്നിന് 85,000 രൂപ. കളിക്കളത്തിനോട് ഏറ്റവും അടുത്തുള്ള 2 നിര ഇരിപ്പിടങ്ങൾക്കാണ് ഈ നിരക്ക്. എല്ലാ ടിക്കറ്റും വിറ്റുപോയി. 4,500 രൂപയാണു ഗ്യാലറിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ആ ടിക്കറ്റുകളും പൂർണമായി വിറ്റുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com