ADVERTISEMENT

കോട്ടയം ∙ ഹാമർ കൊണ്ട് വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്കേറ്റ സംഭവത്തെത്തുടർന്നു സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ് മത്സരങ്ങൾ മാറ്റിവച്ചു.

പുതിയ തീയതി പിന്നീട് അറിയിക്കും. പാലാ നഗരസഭാ സ്റ്റേഡിയത്തിൽ ഹാമർ ത്രോ മത്സരത്തിനിടെ പാലാ സെന്റ് തോമസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥി അഭീൽ ജോൺസണാണു (16) വെള്ളിയാഴ്ച ഗുരുതര പരുക്കേറ്റത്. കായികമേള നടത്തിപ്പിൽ സംഘാടകർക്കു ഗുരുതര വീഴ്ചയുണ്ടായി എന്നു കാണിച്ച് പാലാ ആർഡിഒ അനിൽ ഉമ്മൻ കലക്ടർക്കു റിപ്പോർട്ട് നൽകി.

പരുക്കേറ്റ വിദ്യാർഥിയെ വൊളന്റിയറായി ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്ന സംഘാടകരുടെ വാദം ആർഡിഒ തള്ളി. സംഘാടകരുടെ അറിവോടെയാണു വിദ്യാർഥി സ്റ്റേഡിയത്തിൽ‍ പ്രവേശിച്ചതെന്നും ജാവലിൻ മത്സരവേദിയിൽ വൊളന്റിയറായതെന്നും കലക്ടർക്കു സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

കായികമേള നടത്തുന്ന വിവരം കലക്‌ടർ, ആർഡിഒ തുടങ്ങിയവരെ സംഘാടകർ അറിയിച്ചില്ല. നഗരസഭയുടെ രേഖാമൂലമുള്ള അനുമതി വാങ്ങിയില്ല- റിപ്പോർട്ടിൽ പറയുന്നു. 

അശ്രദ്ധമായി മത്സരം സംഘടിപ്പിച്ചതിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു.

നാലാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നു കമ്മിഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. അന്വേഷണത്തിനു സംസ്ഥാന കായികവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. കേരള സർവകലാശാല കായിക പഠനവകുപ്പ് മുൻ ഡയറക്ടർ ഡോ. കെ.കെ.വേണു, സായ് മുൻ പരിശീലകൻ എം.ബി.സത്യാനന്ദൻ, ബാഡ്മിന്റൻ താരം വി.ദിജു എന്നിവരാണു സമിതി അംഗങ്ങൾ.

ഇൻഷുറൻസ് നിർബന്ധമാക്കും: സ്പോർട്സ് കൗൺസിൽ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഓരോ കായികസംഘടനയും നടത്തുന്ന ചാംപ്യൻഷിപ്പുകൾക്ക് ഇൻഷുറൻസ് കവറേജ് നിർബന്ധമാക്കാൻ നിർദേശം നൽകുമെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സി കുട്ടൻ. നിലവിൽ കരാട്ടേ പോലെയുള്ള ചില ഇനങ്ങളുടെ ചാംപ്യൻഷിപ്പിൽ മാത്രമേ താരങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നുള്ളൂ. 

പാലാ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ചാംപ്യൻഷിപ്പുകളിലും മത്സരാർഥികൾക്ക് ഇൻഷുറൻസ് വേണമെന്നു നിർദേശം കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. അതതു സംഘടനകൾക്കാകും ഇൻഷുറൻസ് എടുക്കാനുള്ള ഉത്തരവാദിത്തം. 

കൗൺസിലിന്റെ അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യും. സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകളിലെ താരങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും പ്രസിഡന്റ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com