ADVERTISEMENT

കോട്ടയം ∙ രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) കർശന നിർദേശങ്ങൾ ഉണ്ടെങ്കിലും കായികമേളകളുടെ നടത്തിപ്പ് ട്രാക്ക് തെറ്റിയോടുകയാണ് ഇന്ത്യയിൽ. മത്സരങ്ങളുടെ എണ്ണക്കൂടുതലും സംഘാടനത്തിന്റെ സാമ്പത്തികഭാരവും മൂലം സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കുന്നില്ലെന്നു സംഘാടകർ പശ്ചാത്തപിക്കുമ്പോൾ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും വൊളന്റിയർമാരുടെയും ജീവനുകൾക്ക് ആര് സുരക്ഷയൊരുക്കുമെന്ന ചോദ്യം ഉയരുന്നു. അൽപം ശ്രദ്ധിച്ചിരുന്നെങ്കിൽ, പാലായിൽ സംസ്ഥാന ജൂനിയർ മീറ്റിനിടെ കഴിഞ്ഞ ദിവസം നടന്ന ഹാമർ അപകടംപോലെയുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു.

∙ ഫെഡറേഷൻ പറയും; ആര് കേൾക്കാൻ?

രാജ്യാന്തര അത്‍ലറ്റിക് ഫെഡറേഷന്റെ പരിശീലന പരിപാടികളിലെല്ലാം സ്ഥിരമായി മുഴങ്ങിക്കേൾക്കുന്ന സംഭവമാണു ‘സേഫ്റ്റി’ (സുരക്ഷ) എന്ന വാക്ക്. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലെ ഓരോ മത്സരം നടക്കുമ്പോഴും അത്‍ലിറ്റ്, മത്സരം നിയന്ത്രിക്കുന്ന ഒഫീഷ്യലുകൾ, സഹായിക്കുന്ന വൊളന്റിയർമാർ എന്നിവരുടെ സുരക്ഷയ്ക്ക് മത്സരത്തിന്റെ ഫലം നിർണയിക്കുന്നതുപോലെതന്നെ തുല്യപ്രാധാന്യം കൊടുക്കണമെന്നാണു ഫെഡറേഷൻ നിർദേശിക്കുന്നത്. ത്രോ ഇനങ്ങളിലേക്കു വരുമ്പോൾ സുരക്ഷയ്ക്കാണ് ഒന്നാം സ്ഥാനം.

പ്രത്യേകിച്ചു ഹാമർ ത്രോയിലും ജാവലിൻ ത്രോയിലും. മത്സരത്തിനു തൊട്ടുമുൻപായി പരിശീലനം നടത്തുമ്പോൾ (വാമപ്പ്) പോലും ചീഫ് ജ‍ഡ്ജിന്റെയോ റഫറിയുടെയോ സാന്നിധ്യം അവിടെയുണ്ടാകണമെന്നാണു ഫെഡറേഷൻ നിയമം നിഷ്കർഷിക്കുന്നത്. മത്സരം നിയന്ത്രിക്കുമ്പോൾ ത്രോ ഫീൽഡിലേക്ക് ഒരു ഈച്ചയെപ്പോലും കടത്തിവിടാതെ മുഖ്യ റഫറി കർശന നിലപാട് എടുക്കണമെന്നും പറയുന്നു. മത്സരങ്ങളുടെ തിരക്കും കുട്ടികളുടെ ബഹളവും ചേരുമ്പോൾ പലപ്പോഴും അതിനു കഴിയാതെ വരുന്നതായി സംഘാടകർതന്നെ സമ്മതിക്കുന്നു.

∙ ചട്ടങ്ങൾ നിലവിലുണ്ട്; പരസ്യമായി ലംഘിക്കും

2 (ലോങ്) ത്രോ ഇനങ്ങൾ ഒരേസമയം സംഘടിപ്പിക്കാൻ പാടില്ലെന്നു ഫെഡറേഷന്റെ മത്സര നിയമാവലിയിൽ തന്നെയുള്ളതാണ്. എന്നാൽ, പാലായിലെ സംസ്ഥാന മീറ്റിൽ അതു സംഭവിച്ചു. ഹാമർ ത്രോയും ജാവലിൻ ത്രോയും ഒരേസമയം അരങ്ങേറി. ഒരേസമയത്തു നടന്നുവെന്നു മാത്രമല്ല, രണ്ടും ഗ്രൗണ്ടിന്റെ ഒരേ വശത്തുനിന്നുതന്നെ നടത്തുകയും ചെയ്തു. ജാവലി‍ൻ ഒരു വശത്തും ഹാമർ ഗ്രൗണ്ടിന്റെ എതിർവശത്തുമായി നടത്തിയിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്തരമൊരു അപകടം ഉണ്ടാവില്ലായിരുന്നു (സീനിയർ തലത്തിൽ അതും അപകടകരമാണ്. കാരണം, കൂടുതൽ ദൂരം എറിയാൻ കഴിവുള്ള അത്‍ലിറ്റുകൾ മത്സരത്തിനുണ്ടാകും).

∙ മത്സരങ്ങൾ കൂടി, ദിവസം കുറഞ്ഞു

പാലാ വേദിയായ സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ വിവിധ പ്രായവിഭാഗങ്ങളിലായി (അണ്ടർ 14 മുതൽ അണ്ടർ 20 വരെ, ആൺകുട്ടികളും പെൺകുട്ടികളും) ആകെ 145 ഇനങ്ങളാണുള്ളത്. ഹീറ്റ്സും സെമിയും ഫൈനലുമൊക്കെയായി ആകെ 263 മത്സരങ്ങൾ ട്രാക്കിലും ഫീൽഡിലുമായി 3 ദിവസംകൊണ്ട് നടത്തുകയെന്നതു ശ്രമകരമായ കാര്യമാണ്. 1800 അത്‍‌ലിറ്റുകളാണ് പാലായിൽ മത്സരിക്കാനുണ്ടായിരുന്നത്. ചുരുങ്ങിയ സമയംകൊണ്ട് മത്സരങ്ങൾ തീർക്കാൻ ചില്ലറ വിട്ടുവീഴ്ചകൾ നടത്തിയേക്കും. അത്തരത്തിലുണ്ടായ ഒരു പാളിച്ച വലിയ അപകടത്തിലേക്കു നയിച്ചുവെന്നതാണു പാലായിലുണ്ടായ ദുരന്തത്തിനു കാരണം.

ഇനി, ദിവസങ്ങൾ കൂട്ടാമെന്നു വച്ചാലോ? പാലായിലെ 3 ദിന മീറ്റിന്റെ ഏകദേശ ചെലവ് 6 ലക്ഷം രൂപയാണ്. കുട്ടികളിൽനിന്ന് ഒരു പൈസയും പിരിക്കാതെ സംസ്ഥാന അത്‍ലറ്റിക് അസോസിയേഷനും സംഘാടകരും ചേർന്നാണ് ഇത്രയും തുക സമാഹരിക്കേണ്ടത്. 6 ലക്ഷം ഉണ്ടാക്കാൻതന്നെ സംഘാടകർ നെട്ടോട്ടത്തിലായിരുന്നു. മീറ്റ് ഒന്നോ രണ്ടോ ദിവസത്തേക്കു നീട്ടിയാൽ ചെലവുകൂടും. അതിനുള്ള പണം എവിടെനിന്നു ലഭിക്കുമെന്ന മറുചോദ്യം ഉയരുന്നു.

∙ ഇൻഷുറൻസോ,അതെന്താ?

ദേശീയ ക്യാംപിലുള്ള അത്‍ലിറ്റുകൾക്കെല്ലാം ദേശീയ അത്‍ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ) ഇൻഷുറൻസ് എടുക്കാറുണ്ട്. രാജ്യാന്തര ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്കെല്ലാം ഇൻഷുറൻസ് എടുത്തിരിക്കണമെന്നു നിർബന്ധവുമാണ്. എന്നാൽ, കേരളത്തിൽ പല സംഘടനകളും മിക്ക ചാംപ്യൻഷിപ്പുകളും നടത്തുന്നത് ഇക്കാര്യത്തിൽ ഒന്നും ചെയ്യാതെയാണ്. താരങ്ങളുടെ ജീവനും ശരീരത്തിനും കായിക സംഘടനകൾ കൊടുക്കുന്ന പ്രാധാന്യം ഇതിൽനിന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.

∙ സ്കൂൾ കായികമേളയിൽനിന്ന് കുട്ടി വൊളന്റിയർമാർ പുറത്ത്

സ്കൂൾ കായികമേളകളിൽ മത്സര നടത്തിപ്പിനു സഹായിക്കാൻ കുട്ടികളെ ഉപയോഗിക്കരുതെന്ന കർശന നിർദേശം നൽകുമെന്നു വിദ്യാഭ്യാസ വകുപ്പ്. പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽവീണ് അപകടമുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കായികാധ്യാപകരുടെ നിസ്സഹകരണ സമരം തുടരുകയാണെങ്കിൽപ്പോലും സംസ്ഥാന മീറ്റിൽ കുട്ടി വൊളന്റിയർമാരെ നിയോഗിക്കില്ലെന്നു ജോയിന്റ് ഡയറക്ടർ (സ്പോർട്സ്) ഡോ. ചാക്കോ ജോസഫ് പറഞ്ഞു.

ആവശ്യത്തിന് അധ്യാപകരെ കിട്ടിയില്ലെങ്കിൽ ഒഫീഷ്യലുകളെ ലഭ്യമാക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ സഹായം തേടിയിട്ടുണ്ട്. സ്കൂൾ കായികമേളകളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളെ (എസ്പിസി) മത്സര വൊളന്റിയർമാരായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. അത് ഇനി ഉണ്ടാവില്ലെന്ന സൂചനയാണു വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. ജില്ലാ സ്കൂൾ കായികമേളകളിലും കുട്ടികളെ ഉപയോഗിക്കരുതെന്ന നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com