ADVERTISEMENT

ദോഹ ∙ ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ യുഎസിന് എതിരാളികളില്ല. ട്രാക്കിലും ഫീൽഡിലും മിന്നുംപ്രകടനം നടത്തിയ യുഎസ് ടീം വീണ്ടുമൊരിക്കൽക്കൂടി ജേതാക്കളായി. 14 സ്വർണവും 11 വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ ആകെ 29 മെഡലുകൾ. കെനിയ രണ്ടാം സ്ഥാനത്ത് (5 സ്വർണം, 2 വെളളി, 4 വെങ്കലം – ആകെ 11). ജമൈക്ക മൂന്നാം സ്ഥാനത്ത് – 3 സ്വർണം, 5 വെള്ളി, 3വെങ്കലം: ആകെ 11).

മീറ്റിലെ ഏറ്റവും അവസാനയിനങ്ങളായ പുരുഷ, വനിതാ 4–400 മീറ്റർ റിലേകളിൽ രണ്ടിലും യുഎസ് ടീം സ്വർണം നേടി. പുരുഷ 4–100 മീറ്റർ റിലേയിലും യുഎസ് സ്വർണം നേടി. എന്നാൽ, വനിതകളിൽ യുഎസിനെ വെങ്കലത്തിലൊതുക്കി ജമൈക്ക സ്വർണം പിടിച്ചു. പുരുഷ 4–100 മീറ്റർ റിലേയിൽ ജസ്റ്റിൻ  ഗാറ്റ്‍ലിൻ, നോഹ ലൈൽസ്, ക്രിസ്റ്റ്യൻ കോൾമാൻ, മൈക്കൽ റോജേഴ്സ് എന്നിവർ യുഎസ് ടീമിനായി ഓടി. 

∙ ഇരട്ട മന്ദഹാസം

വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ ഹോളണ്ടിന്റെ സിഫാൻ ഹസൻ ഡബിൾ തികച്ചു. നേരത്തേ 10000 മീറ്ററിലും ഇത്യോപൻ വംശജയായ ഹസൻ സ്വർണം നേടിയിരുന്നു. ഉത്തേജക വിവാദത്തെത്തുടർന്ന് വിലക്കിലായ പരിശീലകൻ ആൽബർട്ടോ സലാസറാണ് ഹസനെ പരിശീലിപ്പിച്ചിരുന്നത്. 

18 വർഷത്തിനു ശേഷം ലോക മാരത്തൺ സ്വർണം ഇത്യോപയ്ക്ക്. പുരുഷ മാരത്തണിൽ ലെലിസ ദെസീസയാണ് സ്വർണം നേടിയത്. സമയം 2 മണിക്കൂർ 10.40 മിനിറ്റ്. സഹതാരം മോസിനെ ഗെരമ്യു വെള്ളിയും കെനിയയുടെ അമോസ് കിപ്റുട്ടോ വെങ്കലവും നേടി. 

(സ്ഥാനം, രാജ്യം, സ്വർണം, വെള്ളി, വെങ്കലം, ആകെ മെഡൽ)

യുഎസ്എ         14 11 4 29

കെനിയ 5 2 4 11

ജമൈക്ക 3 5 3 11

ചൈന 3 3 3 9

ഇത്യോപ്യ 2 5 1 8

∙ ദോഹ ‍ട്രാജഡി 

പതിനേഴാമതു ലോക ചാംപ്യൻഷിപ്പിനു ദോഹയിൽ കൊടി താണു. ലോകത്തെ മുൻനിര അത്‍ലിറ്റുകളുടെ കരുത്തുറ്റ പ്രകടനത്തിനാണു കഴിഞ്ഞ 10 ദിവസങ്ങളിലായി കായികപ്രേമികൾ സാക്ഷ്യം വഹിച്ചത്. പുരുഷ, വനിതാ 4–400 മീറ്റർ റിലേകളിലൊന്നിൽ മെഡൽ, മിക്സ്ഡ് റിലേയിൽ മെഡൽ പ്രതീക്ഷ... ദോഹയിലേക്കു പോകുംമുൻപ് ദേശീയ അത്‍ലറ്റിക് ഫെഡറേഷൻ വലിയ സ്വപ്നങ്ങളാണു പങ്കുവച്ചത്. ലക്ഷങ്ങൾ ചെലവാക്കിയുള്ള വിദേശ പരിശീലനത്തിനു ഫലമുണ്ടാകുമെന്ന് സകലരും വിശ്വസിച്ചു.

പക്ഷേ, ട്രാക്കിലും ഫീൽഡിലും ആളൊഴിയുമ്പോൾ എടുത്തു പറയാൻ പറ്റിയ വലിയ നേട്ടങ്ങളൊന്നും ടീം ഇന്ത്യയ്ക്കില്ല. അഞ്ജു ബോബി ജോർജിന്റെ 2003ലെ മെഡലിന്റെ കാര്യം പറഞ്ഞ് ആശ്വസിക്കാനേ അത്‍ലറ്റിക്സ് പ്രേമികൾക്കു യോഗമുള്ളൂ.

∙ മിക്സ്ഡ് റിലേ

ഇന്ത്യ ഏറ്റവുമധികം പ്രതീക്ഷ വച്ച ഇനത്തിൽ സീസണിലെ ഏറ്റവും മികച്ച സമയത്തോടെ ആശ്വാസ പ്രകടനം. ഫൈനലിൽ കടന്നു; ഒളിംപിക്സിനു യോഗ്യതയും നേടി. ഫൈനലി‍ൽ 7–ാം സ്ഥാനം. വൈ.മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, ജിസ്ന മാത്യു, വി.കെ.വിസ്മയ എന്നീ മലയാളികളാണു ബാറ്റൺ പിടിച്ചതെന്നത് കേരളത്തിന് അഭിമാനകരം.

∙ പുരുഷ 4– 400 മീറ്റർ റിലേ

ഹീറ്റ്സിൽ പുറത്ത്. ആരോക്യരാജീവ്, എ.ധരുൺ എന്നിവരുടെ അഭാവം വിനയായി. ഏഷ്യൻ ഗെയിംസ് പ്രകടനം ആവർത്തിച്ചിരുന്നെങ്കിൽ ഫൈനൽ കാണാമായിരുന്നു. അമോജ് ജേക്കബ്, വൈ.മുഹമ്മദ് അനസ്, നോഹ നിർമൽ ടോം എന്നിവർ ഓടിയതു കേരളത്തിന് അഭിമാനം. ഒളിംപിക് കടമ്പ പ്രയാസം.

∙ വനിതാ 4–400 മീറ്റർ റിലേ

ഹീറ്റ്സിൽ പുറത്തായെങ്കിലും സീസണിലെ ഏറ്റവും മികച്ച സമയം കണ്ടെത്താൻ കഴിഞ്ഞു. ‌മലയാളികളായ ജിസ്നയും വിസ്മയയും ടീമിലുണ്ടായിരുന്നു. ഹിമ ദാസിന്റെ അഭാവം തിരിച്ചടിയായി. ഒളിംപിക്സ് യോഗ്യത നേടുകയെന്നത് ഇനി വെല്ലുവിളി.

∙ എം. ശ്രീശങ്കർ

ലോങ്ജംപിൽ ഫൈനലിനു യോഗ്യത നേടാനായില്ല. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 22–ാം സ്ഥാനത്ത്. സീസണിലെ മികച്ച പ്രകടനം ആവർത്തിക്കാനായില്ല. ഒളിംപിക്സ് യോഗ്യതയ്ക്കായി ഇനിയും അധ്വാനിക്കണം.

∙ അന്നു റാണി

ജാവലിൻ ത്രോയിൽ 8–ാം സ്ഥാനം കണ്ടെത്തി ചരിത്രം കുറിച്ചു. ദേശീയ റെക്കോർഡ് തിരുത്തിയാണു ഫൈനലിൽ കടന്നത്.

∙ ജിൻസൻ ജോൺസൺ

പുരുഷ 1500 മീറ്ററിൽ ഹീറ്റ്സിൽ പുറത്തായി. രണ്ടാം ഹീറ്റ്സിൽ ഒന്നാമത്തെ ലെയ്‌നിൽ മറ്റു താരങ്ങൾക്കിടെ കുടുങ്ങിപ്പോയ മലയാളിതാരത്തിന് അവസാന ലാപ്പുകളിൽ പ്രതീക്ഷിച്ചയത്ര കുതിപ്പു നടത്താനായില്ല. ഇനിയുളള യുഎസ് പരിശീലനം നിർണായകം.

∙ ദേവേന്ദർ സിങ്

20 കിലോമീറ്റർ നടത്തത്തിൽ 36–ാം സ്ഥാനം മാത്രം. മോശം പ്രകടനം.

∙ ടി. ഗോപി

മാരത്തണിൽ 21–ാം സ്ഥാനം.ചൂടിൽ ഭേദപ്പെട്ട പ്രകടനം. സീസണിലെ മികച്ച പ്രകടനം ആവർത്തിക്കാൻ കഴിഞ്ഞില്ല.

∙ തേജിന്ദർപാൽ

പുരുഷ ഷോട്‌പുട്ടിൽ യോഗ്യതാ റൗണ്ടിൽ പുറത്തായി. സീസണിലെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുവെന്ന ആശ്വാസം മാത്രം.

∙ ശിവ്പാൽ സിങ്

പുരുഷ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ പുറത്ത്. മോശം പ്രകടനം.

∙ പി.യു.ചിത്ര

വനിതാ 1500 മീറ്ററിൽ ഹീറ്റ്സിൽ പുറത്ത്. കരിയറിലെ ഏറ്റവും മികച്ച സമയം കണ്ടെത്താൻ കഴിഞ്ഞെന്ന ആശ്വാസംമാത്രം ബാക്കി. കഠിനാധ്വാനം തുടരുകതന്നെ വേണം.

∙ ദ്യുതി ചന്ദ്

വനിതാ 100 മീറ്ററിൽ ഹീറ്റ്സിൽ പുറത്തായി. സീസണിലെ മോശം സമയത്തിൽ ഫിനിഷ്.

∙ അർച്ചന സുശീന്ദ്രൻ

വനിതാ 200 മീറ്ററിൽ ഒന്നാം റൗണ്ടിൽ പുറത്ത്. അനുഭവം ഭാവിയിലേക്കു മുതൽക്കൂട്ട്.

∙ അ‍ഞ്ജലി ദേവി

വനിതാ 400 മീറ്ററിൽ ഒന്നാം റൗണ്ടിൽ പുറത്ത്. മോശം പ്രകടനം.

ലോക മീറ്റിലെ അവസാന ഇനമായ പുരുഷ 4–400 മീറ്റർ റിലേയിൽ സ്വർണം നേടിയ യുഎസ് ടീമിലെ വിൽബർട്ട് ലണ്ടൻ, മൈക്കൾ ചെറി, റായി ബെഞ്ചമിൻ, ഫ്രെഡ് കെർലി എന്നിവർ ആഹ്ലാദത്തിൽ. 

English Summary: World Athletics Championships 2019, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com