ADVERTISEMENT

ഉലാൻ–ഉദെ (റഷ്യ) ∙ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ പുതു ചരിത്രമെഴുതി എട്ടാം മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ മേരി കോം. 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ സെമിയിൽ കടന്നതോടെയാണ് മുപ്പത്താറുകാരിയായ മേരി കോം മെഡൽ ഉറപ്പാക്കിയത്. ക്വാർട്ടറിൽ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെയാണ് മേരി കോം തകർത്തുവിട്ടത്. 5–0നാണ് മേരിയുടെ വിജയം. ശനിയാഴ്ച നടക്കുന്ന സെമിയിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവാണ് മേരി കോമിന്റെ എതിരാളി. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

ഇക്കുറി സ്വർണം നേടാനായാൽ ചരിത്രനേട്ടമാണ് മേരി കോമിനെ കാത്തിരിക്കുന്നത്. നിലവിൽ ആറ് ലോക ചാംപ്യൻഷിപ്പ് സ്വർണവുമായി ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവോന്റെ റെക്കോർഡിനൊപ്പമാണു മേരി. സാവോൻ 1986–99 കാലത്ത് നേടിയത് 6 സ്വർണവും ഒരു വെള്ളിയും. മേരിക്കും ഇതുവരെ നേട്ടം 6 സ്വർണം, ഒരു വെളളി. ഇക്കുറി മെഡലുറപ്പാക്കിയതോടെ ആകെ മെഡൽ നേട്ടത്തിൽ മേരി സാവോനെ പിന്തള്ളുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ലോക ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യനായ വനിത എന്ന റെക്കോർഡ് ഇപ്പോൾത്തന്നെ മേരിക്കാണ്.

2007ൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി റിങ്ങിലേക്കു മടങ്ങിയെത്തിയശേഷം മേരി മൂന്നുതവണ ലോക ജേതാവായിരുന്നു. 2013ൽ മൂന്നാമത്തെ മകനുണ്ടായതിനു പിന്നാലെ 2014ൽ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിലും മേരി സ്വർണമണിഞ്ഞു.  2012ലെ ലണ്ടൻ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയിരുന്നു. റിയോ ഒളി‌‌ംപിക്സ് യോഗ്യത നേടാൻ പരാജയപ്പെട്ടതിനു പിന്നാലെയാണ്, 48 കിലോഗ്രാം വിഭാഗത്തിൽ നിന്നു മേരി കോം 51 കിലോഗ്രം വിഭാഗത്തിലേക്കു മാറിയത്.

English Summary: Mary Kom enters semis, assured of record-extending 8th World Championship medal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com