ADVERTISEMENT

തിരുവനന്തപുരം∙ ഒളിംപിക്സ് സ്വർണമാണ് അടുത്ത ലക്ഷ്യമെന്ന് ലോക ബാഡ്മിന്റൻ ചാംപ്യൻ പി.വി.സിന്ധു. ചാംപ്യൻപട്ടം നേടിയ ശേഷമുള്ള ടൂർണമെന്റുകളിലെ തോൽവികൾ നിരാശപ്പെടുത്തുന്നില്ലെന്നും ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നും സിന്ധു പറഞ്ഞു. കേരള ഒളിംപിക് അസോസിയേഷൻ ആസ്ഥാനത്ത് സ്വീകരണത്തിനെത്തിയ സിന്ധുവുമായുള്ള വർത്തമാനം

? ലോകകിരീടം നേടി. അടുത്ത ലക്ഷ്യം

അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിംപിക്സിൽ സ്വർണമെഡൽ നേടുക എന്നതുതന്നെയാണ് ലക്ഷ്യം. അതിനു വേണ്ടി കഠിനപരിശീലനമാണ് ഇപ്പോൾ നടത്തുന്നത്. ഇനിയും കളി മെച്ചപ്പെടുത്താനുണ്ട്. ഡെന്മാർക്ക്, പാരിസ് ഓപ്പണുകൾ അതിനുള്ള മുന്നോടിയാണ്.

? ലോകചാംപ്യൻഷിപ്പിനു ശേഷം തുടർച്ചയായി തോൽവികളുണ്ടായി

തോൽവികൾ നമ്മുടെ പിഴവുകൾ തിരിച്ചറിയാനും അതു തിരുത്താനുമുള്ള അവസരമാണ്. ലോകചാംപ്യൻഷിപ്പിനു ശേഷവും നന്നായി കളിച്ചു എന്നു തന്നെയാണു ഞാൻ വിശ്വസിക്കുന്നത്. ജയവും തോൽവിയും കളിയുടെ ഭാഗമാണ്. ആ ദിവസം എന്റേതായിരുന്നില്ല എന്നാണ് കരുതുന്നത്.

? ലോകചാംപ്യനായ ശേഷമുണ്ടായ മാറ്റങ്ങൾ

ജനങ്ങൾക്ക് എന്നോടുള്ള സ്നേഹം വർധിച്ചു. ജനങ്ങളുടെ പിന്തുണ കായികതാരം എന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണ്.

? കേരളത്തിലേക്കുള്ള യാത്രകൾ

എന്തു ഭംഗിയാണ് കേരളം കാണാൻ. ഇവിടുത്തെ ജനങ്ങളും നല്ലവരാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാലിലും പോയി. രണ്ടാം തവണയാണ് ഞാൻ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നത്. അച്ഛൻ മുൻ വോളിബോൾ താരം പി.വി. രമണയുടെ സഹകളിക്കാരായിരുന്ന ഒട്ടേറെ മലയാളികളുണ്ട്. അവരെയൊക്കെ കാണാൻ കഴിയുന്നു എന്നതും കേരളത്തിൽ എത്തുമ്പോഴുള്ള മറ്റൊരു സന്തോഷം.

? വളർന്നുവരുന്ന കായികതാരങ്ങളോട് പറയാനുള്ളത്

ഏതു സ്പോർട്സ് ആണെങ്കിലും കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ഒരേയൊരു വഴി. രക്ഷിതാക്കളുടെ പിന്തുണയും പ്രധാനപ്പെട്ടതാണ്. കായികതാരങ്ങളായ മാതാപിതാക്കളാണ് എന്റെ ഭാഗ്യം.

∙ 'ഒന്നോ രണ്ടോ വർഷം കൊണ്ട് നേട്ടങ്ങളുണ്ടാക്കാനാകില്ല. ഞാൻ എട്ടാം വയസ്സിൽ പരിശീലനം തുടങ്ങിയതാണ്. കാത്തിരിക്കാനും തളർന്നുപോകാതിരിക്കാനും പരിശ്രമിക്കാനുമുള്ള മനസ്സു വേണം.' - പി.വി. സിന്ധു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com