ADVERTISEMENT

റാഞ്ചി ∙ ദേശീയ ഓപ്പൺ അത്‍ലറ്റിക് ചാംപ്യൻഷിപ്പിന്റെ ട്രാക്കിൽ വൈദ്യുതി പ്രവാഹമായി ഒഡീഷക്കാരി ദ്യുതി ചന്ദ്. 100 മീറ്ററിൽ ഇന്ത്യൻ വനിതയുടെ ഏറ്റവും മികച്ച സമയം കുറിച്ച് റെക്കോർഡിട്ട ദ്യുതി മീറ്റിന്റെ 2–ാം ദിനം തന്റെ പേരിലാക്കി. പുരുഷ 400 മീറ്റർ ഹർഡിൽസിൽ മലപ്പുറം പന്തല്ലൂർ സ്വദേശി എം.പി.ജാബിറിന്റെ മീറ്റ് റെക്കോർഡും വനിതകളുടെ 1500 മീറ്ററിൽ പി.യു.ചിത്രയുടെ സ്വർണവുമാണു മലയാളികൾക്കുള്ള സന്തോഷ നേട്ടങ്ങൾ.

ദോഹയിൽ നടന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ നിരാശ തീർക്കുന്നതായിരുന്നു ഇന്നലെ ദ്യുതിയുടെ പ്രകടനം. വനിതാ 100 മീറ്ററിന്റെ സെമിഫൈനലിലാണു ദ്യുതി ചന്ദ് 11.22 സെക്കൻഡിന്റെ ദേശീയ റെക്കോർഡ് സ്ഥാപിച്ചത്. 

chithra
ചിത്ര. ജാബിർ.

കൃത്യം ഒരു മണിക്കൂറിനുശേഷം ഫൈനൽ പോരാട്ടത്തിനിറങ്ങി 11.25 സെക്കൻഡിലോടി സ്വർണവും നേടി. ദേശീയ റെക്കോർഡ് തിരുത്തിയെങ്കിലും ടോക്കിയോ ഒളിംപിക്സ് യോഗ്യത (11.15 സെക്കൻ‍ഡ്) ഇനിയും അകലെയാണ്.

400 മീറ്റർ ഹർഡിൽസിൽ 49.41 സെക്കൻഡിന്റെ മീറ്റ് റെക്കോർഡ് സ്ഥാപിച്ച ജാബിർ മുൻ റെക്കോർഡുകാരൻ തമിഴ്നാടിന്റെ ധരുൺ അയ്യസ്വാമിയെയാണു 2–ാം സ്ഥാനത്തേക്കു പിന്തള്ളിയത്. വനിതാ 1500 മീറ്ററിൽ റെയിൽവേയ്ക്കായി മത്സരിച്ച പി.യു.ചിത്ര സ്വർണം നിലനിർത്തിയപ്പോൾ പുരുഷൻമാരിൽ സർവീസസ് താരം ജിൻസൻ ജോൺസൺ 2–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അജയ് കുമാർ സരോജിനാണു സ്വർണം.

ചാംപ്യൻഷിപ്പിൽ ഇതുവരെ മെഡലില്ലാത്ത കേരളം ഇന്നു പുരുഷ ലോങ്ജംപിലൂടെ അക്കൗണ്ട് തുറക്കുമെന്നാണു പ്രതീക്ഷ. ദേശീയ ചാംപ്യൻ എം.ശ്രീശങ്കർ 7.93 മീറ്റർ ചാടി ഫൈനലിലേക്കു യോഗ്യത നേടി. വനിതാ 400 മീറ്ററിൽ ജിസ്ന മാത്യുവും ഫെഡറേഷനായി മത്സരിക്കുന്ന വി.കെ.വിസ്മയയും ഫൈനലിലെത്തി. 

വനിതാ പോൾവോൾട്ടിൽ നിവ്യ ആന്റണിയും ആർഷ ബാബുവും മെഡൽ പ്രതീക്ഷയാണ്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com