ADVERTISEMENT

മോസ്കോ ∙ കലാശപ്പോരാട്ടത്തിൽ മഞ്ജു ‘റാണി’യായില്ല! ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പ് ഫൈനലിൽ (48 കിലോഗ്രാം വിഭാഗം) ഇന്ത്യൻ യുവതാരം മഞ്ജു റാണിക്കു തോൽവി. റഷ്യയുടെ എകാതെറീന പാൽ‌റ്റ്കെവയോട് 1–4നു കീഴടങ്ങിയ പത്തൊൻപതുകാരി മഞ്ജു, അരങ്ങേറ്റ ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ തിളക്കത്തോടെ നാട്ടിലേക്കു മടങ്ങും. മേരി കോം, ജമുനാ ബോറോ, ലവ്‌ലിന ബോർഗോഹെയ്ൻ എന്നീ 3 ഇന്ത്യൻ താരങ്ങൾ നേരത്തെ വെങ്കലം നേടിയിരുന്നു.

ആദ്യ റൗണ്ടിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ മഞ്ജുവിനായിരുന്നു മേൽക്കൈ. സ്ട്രെയ്റ്റ് പഞ്ചുകൾ പലകുറി ലക്ഷ്യം കണ്ടതോടെ മഞ്ജു പ്രതീക്ഷയിലായെങ്കിലും, ആതിഥേയ താരവും രണ്ടാം സീഡുമായ റഷ്യൻ താരത്തെയാണ് റഫറി വിജയിയായി പ്രഖ്യാപിച്ചത്.

∙ കബഡിയുടെ നഷ്ടം; പിറന്നാൾ തിളക്കം

പിറന്നാളുകാർക്ക് സമ്മാനം അങ്ങോട്ടു കൊടുക്കുന്നതാണു പതിവ്. എന്നാൽ വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിത്തന്ന് മഞ്ജു റാണി ആ പതിവു തെറ്റിച്ചു. ‘പിറന്നാൾ സമ്മാനം അൽപം നേരത്തേയായിപ്പോയി, അടുത്ത ശനിയാഴ്ച എന്റെ 20–ാം പിറന്നാളാണ്’– കന്നി ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ നേട്ടത്തിനു ശേഷം മഞ്ജുവിന്റെ വാക്കുകൾ. കുട്ടിക്കാലത്തു കബഡി താരമായിരുന്ന മഞ്ജു, പിന്നീടു ബോക്സിങ്ങിലേക്കു ചുവടുമാറ്റുകയായിരുന്നു. വ്യക്തിഗത ഇനത്തിൽ മത്സരിക്കണം എന്ന ആഗ്രഹമായിരുന്നു തീരുമാനത്തിനു പിന്നിൽ. ബോക്സിങ് കരിയറായി തിരഞ്ഞെടുത്തതിൽ ഏറ്റവും നിർണായകമായത് അമ്മ ഈശ്വന്തി ദേവിയുടെ പിന്തുണയാണെന്നും മഞ്ജു പറയുന്നു.

മഞ്ജുവിനു 10 വയസ്സുള്ളപ്പോഴാണ് ബിഎസ്എഫ് ജവാനായിരുന്ന അച്ഛൻ അർബുദം ബാധിച്ച് മരിക്കുന്നത്. മഞ്ജുവും, 4 സഹോദരങ്ങളും പിന്നീട് അമ്മയുടെ സംരക്ഷണത്തിലാണു വളർന്നത്. അമ്മാവൻ സാഹബ് സിങ്ങാണ് ആദ്യ ബോക്സിങ് പരിശീലകൻ. ഹരിയാണയിലെ റോത്തക് സ്വദേശിയായ മഞ്ജു ജനുവരിയിലെ ദേശീയ ചാംപ്യൻഷിപ്പ് നേട്ടത്തോടെയാണ് ബോക്സിങ് റിങ്ങിലേക്കുള്ള വരവറിയിച്ചത്. പിന്നാലെ യൂറോപ്പിലെ ഏറ്റവും പുരാതന ടൂർണമെന്റുകളിൽ ഒന്നായ സ്ട്രാൻജ മെമ്മോറിയൽ ടൂർണമെന്റിലെ വെള്ളി മെഡലോടെ റിങ്ങിൽ ചുവടുറപ്പിച്ചു. വിജേന്ദർ സിങ്ങും മേരി കോമുമാണു ബോക്സിങ്ങിലെ ഇഷ്ട താരങ്ങൾ.

English Summary: Manju Rani Bags Silver in World Boxing Championships final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com